Life In Christ - 2024

തീവ്രവാദികള്‍ കഴുത്തറുത്ത ലിബിയന്‍ രക്തസാക്ഷികള്‍ എല്ലാ ക്രൈസ്തവര്‍ക്കുമുള്ള വിശുദ്ധരെന്ന് ഫ്രാന്‍സിസ് പാപ്പ

ഫാ. ജിയോ തരകന്‍/ പ്രവാചക ശബ്ദം 16-02-2021 - Tuesday

റോം: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയൻ തീരത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന 21 രക്തസാക്ഷികളും എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടിയുള്ള വിശുദ്ധരാണെന്ന് ഫ്രാൻസിസ് പാപ്പ. കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് രക്തത്താലുള്ള എക്യുമെനിസത്തിൻ്റെ യഥാർത്ഥ ഐക്യമാണെന്നും രക്തസാക്ഷികളായ ഇരുപത്തിയൊന്നുപേരും സാധാരണക്കാരായ കുടുംബജീവിതം നയിച്ചിരുന്നവരും, നയിക്കാൻ ആഗ്രഹിച്ചിരുന്നവരും കുടുംബത്തെ പോറ്റാൻ വേണ്ടി കഠിനപരിശ്രമം ചെയ്തിരുന്നവരുമായിരുന്നുവെന്ന്‍ പാപ്പ പറഞ്ഞു. ആംഗ്ലിക്കൻ സഭയുടെ തലവന്‍ ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെൽബി, ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡൻ്റ് കർദ്ദിനാൾ കുർത്ത് കോക്ക് എന്നിവരും വെബിനാറില്‍ പങ്കെടുത്തിരുന്നു.

2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു തീവ്രവാദികള്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »