Social Media - 2025

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ഗുയിദോ മരിയ കോൺഫോർട്ടി

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 14-03-2021 - Sunday

"ഞാൻ ക്രൂശിതനിലേക്കു നോക്കി, അവൻ എന്നെ നോക്കി, പല കാര്യങ്ങളും അവൻ എന്നോടു പറഞ്ഞുതന്നു" - വിശുദ്ധ ഗുയിദോ മരിയ കോൺഫോർട്ടി (1865-1931). ഇറ്റാലിയൻ ആർച്ചുബിഷപ്പായിരുന്ന ഗുയിദോ മരിയ കോൺഫോർട്ടി പത്തു മക്കളിൽ എട്ടാമനായി 1865 ൽ ജനിച്ചു. തൻ്റെ ഇടവക പള്ളിയിലെ ക്രൂശിത രൂപത്തോടു സംസാരം നടത്തുക ഗുയിദോയുടെ ശീലമായിരുന്നു. തൻ്റെ ദൈവവിളി വ്യക്തമായത് ക്രൂശിത രൂപത്തോടുള്ള സംഭാഷണമാണന്നു ഗുയിദോ പറയുമായിരുന്നു. സെമിനാരി പരിശീലനത്തിനിടയിൽ ഗുയിദോ ഒരിക്കൽ ഫ്രാൻസീസ് സേവ്യറിൻ്റെ ജീവചരിത്രം വായിക്കാനിടയായി. അതിൻ്റെ സ്വാധീനത്താൽ ഫ്രാൻസീസിനെപ്പോലെ ഒരു മിഷനറിയായി വിദൂരത്തിൽ പോയി ശുശ്രൂഷ ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അത് ഉപേക്ഷിച്ചു. 1888 ൽ പാർമ രൂപതയിൽ വൈദീകനായി.

1907 ൽ ആ രൂപതയുടെ മെത്രാനുമായി. മിഷനൻ പ്രവർത്തനങ്ങൾക്കു കരുത്തു പകരാൻ 1895 ൽ സവേറിയൻ മിഷനറി ഫാദേഴ്സ് എന്ന വൈദീക കൂട്ടായ്മയ്ക്കു രൂപം നൽകി. ആധുനിക കത്തോലിക്കാ മിഷൻ പ്രവർത്തനങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന ബനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയുടെ മാക്സിമും ഇല്ലിയൂദ് (Maximum illiud 1919) എന്ന ചാക്രിക ലേഖനത്തിൻ്റെ മുഖ്യ പ്രേരകശക്തി ഗുദിയോ മെത്രാനായിരുന്നു. 1928 ൽ ചൈനയിലെ മിഷൻ പ്രദേശങ്ങൾ സന്ദർശിച്ച അദേഹം 1931 ഒക്ടോബറിൽ നിര്യാതനായി. ബനഡിക്ട് പതിനാറമൻ പാപ്പ 2011 ഒക്ടോബർ ഇരുപത്തിമൂന്നാം തീയതി ആർച്ചുബിഷപ്പ് ഗുയിദോ മരിയ കോൺഫോർട്ടിയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിശുദ്ധ ഗുയിദോ മരിയ കോൺഫോർട്ടിയോടൊപ്പം പ്രാർത്ഥിക്കാം ‍

വിശുദ്ധ ഗുയിദോയേ, ദൈവത്തിൻ്റെ പദ്ധതികളോടു നീ എന്നു തുറവിയുള്ളവനായിരുന്നതിനാൻ അവ മനസ്സിലാക്കാൻ നിനക്കു ക്ലേശിക്കേണ്ടി വന്നില്ല. എന്നെക്കുറിച്ചുള്ള ദൈവീക പദ്ധതികളോടു തുറവിയുള്ളവനായി / തുറവിയുള്ളവളായി വളരാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.


Related Articles »