Social Media - 2024
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - ത്രീത്വത്തിന്റെ വിശുദ്ധ എലിസബത്ത്
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 17-03-2021 - Wednesday
“ക്രൂശിൽ നിന്ന് ഉത്ഭവിക്കുന്ന വെളിച്ചത്തിൽ എല്ലാ വിചാരണകളും ശല്യപ്പെടുത്തലുകളും വേദനകളും സ്വീകരിക്കുക; അതുവഴിയാണ് ദൈവത്തെ നമ്മൾ പ്രസാദിപ്പിക്കുന്നതും, സ്നേഹത്തിന്റെ വഴികളിൽ നാം മുന്നേറുന്നതും”- ത്രിത്വത്തിൻ്റെ വിശുദ്ധ എലിസബത്ത് (1880- 1906).
ആറു വർഷം മാത്രം കർമ്മലീത്താ സന്യാസിനിയായി ജീവിച്ച ഒരു വിശുദ്ധയാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. 1880 ഫ്രാൻസിലെ അവോറിൽ (Avord) ജോസഫ് കാറ്റസ്-മരിയ റൊളാണ്ട ദമ്പതികളുടെ മൂത്തമകളായി എലിസബത്ത് ജനിച്ചു. ഏഴുവയസുവരെ പിടിവാശിയും വഴക്കും തന്നിഷ്ടവും ഒക്കെയുള്ള കുട്ടിയായിരുന്ന എലിസബത്ത്. 1891 ലെ അവളുടെ ആദ്യ കുർബാന സ്വീകരണത്തോടെയാണ് ജീവിതത്തിൽ മാറ്റങ്ങൾ കാണിച്ചു അടങ്ങിയത്. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ, 1900 ആഗസ്റ്റ് രണ്ടിന് ഡിജോണിലെ കർമലമഠത്തിൽ പ്രവേശിച്ച അവൾ പരിശുദ്ധ ത്രിത്വത്തിന്റെ സിസ്റ്റർ എലിസബത്ത് എന്ന നാമം സ്വീകരിച്ചു.
ഓരോ നിമിഷവും ദൈവത്തെ സ്‌നേഹിക്കുക എന്നതായിരുന്നു അവളുടെ ജീവിത ലക്ഷ്യം. ഇരുപത്തിയാറാമത്തെ വയസ്സിൽ 1906 ൽ ആഡിസൺസ് ഡിസീസ് എന്ന പേരിലുള്ള കിഡ്‌നിരോഗം ബാധിച്ചു അവൾ മരിച്ചു. വളരെയധികം സഹനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നു പോയ എലിസബത്ത് അവയെല്ലാം ദൈവത്തിൻ്റെ സമ്മാനമായി സ്വീകരിച്ചു. "ഞാൻ പ്രകാശത്തിലേക്കും സ്നേഹത്തിലേക്കും ജിവനിലേക്കും പോകുന്നു" എന്നായിരുന്നു എലിസബത്തിൻ്റെ അവസാന വാക്കുകൾ. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസീസ് പാപ്പ എലിസബത്തിനെ വിശുദ്ധ പദവിയിലേക്കു ഉയർത്തി.
വിശുദ്ധ എലിസബത്തിനൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ എലിസബത്തേ, എനിക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ സഹനങ്ങളെ എൻ്റെ തന്നെ ആത്മീയ വിശുദ്ധീകരണത്തിനായി കാഴ്ചവയ്ക്കുവാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.