India - 2025
വിശുദ്ധ യൗസേപ്പിതാവ് കുടുംബബന്ധങ്ങള്‍ക്കു മാതൃക: ബിഷപ്പ് ജോസഫ് കരിയില്‍
പ്രവാചക ശബ്ദം 20-03-2021 - Saturday
കൊച്ചി: കുടുംബബന്ധങ്ങള്‍ നന്നായി നയിക്കുന്നവര്‍ക്ക് മാതൃകയാണ് വിശുദ്ധ യൗസേപ്പിതാവെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുടുംബവര്‍ഷവും പ്രോലൈഫ് വാരാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങള്‍ കടന്നുപോകുന്നുവെന്നും കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സന്ദേശത്തില്‍ ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന ഭ്രൂണഹത്യാ നിയമം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയുടെ പതാക കെസിബിസി പ്രോലൈഫ് പ്രസിഡന്റ് സാബു ജോസിനു കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി അധ്യക്ഷത വഹിച്ചു. സമിതി മേഖലാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് മുഖ്യപ്രഭാഷണം നടത്തി. മോണ്‍. ആന്റണി തച്ചാറ, അഡ്വ. ജോസി സേവ്യര്‍, ജോണ്‍സന്‍ സി. ഏബ്രഹാം, ഉമ്മച്ചന്‍ ചക്കുപുരയില്‍, മാര്‍ട്ടിന്‍ ന്യൂനസ്, ലിസാ തോമസ്, ടാബി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തീര്‍ത്ഥയാത്ര കൊച്ചി, ആലപ്പുഴ, വരാപ്പുഴ, എറണാകുളം, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. 25നു വരാപ്പുഴ അതിരൂപതയില്‍ പ്രൊലൈഫ് ദിനാഘോഷം നടക്കും.