Social Media - 2025

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 23-03-2021 - Tuesday

"ദൈവസാന്നിദ്ധ്യം എപ്പോഴും എൻ്റെ അരികിലുണ്ട്, അത് നഷ്ടപ്പെടുത്തുക എനിക്ക് അസാധ്യമാണ്; അത്തരം സാന്നിദ്ധ്യം എനിക്ക് അവർണ്ണനീയമായ സന്തോഷം നൽകുന്നു" - ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന(1865-1942).

അമാബിലെ വിസിൻ്റെനർ എന്ന പൗളീന 1865 ൽ ഇറ്റലിയിലെ ഒരു ദരിദ കുടുംബത്തിൽ ജനിച്ചു. പത്തു വയസ്സുള്ളപ്പോൾ കുടുംബം തേക്കേ അമേരിക്കൻ രാജ്യമായ ബ്രസിലിലേക്കു കുടിയേറി. വിശ്വാസ ജീവിതത്തിൽ ചെറുപ്പം മുതലേ തീക്ഷ്ണത പുലർത്തിയിരുന്ന അമാബിലെ ഗ്രാമത്തിലെ സ്ത്രീകൾ ദൈവാലയം വൃത്തിയാക്കുമ്പോൾ അവരെ സഹായിക്കുക പതിവായിരുന്നു. പതിനഞ്ചു വയസ്സുള്ളപ്പോൾ അമാബിലെയും ഒരു കൂട്ടുകാരിയും മരണാസന്നയായി കിടന്ന ഒരു സ്ത്രീയെ പരിചരിക്കാൻ പോയി. ഈ സംഭവമാണ് പിൽക്കാലത്ത് Congregation of the little Sisters of the Immaculate conception എന്ന സന്യാസസഭ രൂപീകരിക്കാൻ പൗളീനയ്ക്കു പ്രചോദനമായത്.

അനാഥരെയും പ്രായമായവരെയും , തെരുവിലും ചേരികളിലും ഉപേക്ഷിക്കപ്പെട്ടവരെയും അമലോത്ഭവ മാതാവിൻ്റെ എളിയ സഹോദരിമാർ ഇന്നും ശുശ്രൂഷിക്കുന്നു. തെക്കേ അമേരിക്കയിൽ ആരംഭിച്ച ഈ സന്യാസസഭ ആഫ്രിക്ക, ഏഷ്യാ, യുറോപ്പ് എന്നി ഭൂഖണ്ഡങ്ങളിലേക്കു വേഗം പടർന്നു. 1942ൽ നിര്യാതയായ പൗളീനയെ 2002 മെയ് പത്തൊമ്പതാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ബ്രസീലിൽ നിന്നുള്ള ആദ്യ വനിതാ വിശുദ്ധയാണ് പൗളീന.

✝️ ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീനയോടൊപ്പം പ്രാർത്ഥിക്കാം.

വിശുദ്ധ പൗളീനായേ, ദൈവ സാന്നിധ്യം നിൻ്റെ ജീവിതത്തിൻ്റെ ആനന്ദമാക്കി നീ മാറ്റിയല്ലോ. നോമ്പിലെ പുണ്യദിനങ്ങളിൽ എൻ്റെ ചുറ്റുമുള്ളവരിൽ ഈശോയെ ദർശിക്കുവാനും അതനുസരിച്ചു പ്രവർത്തിക്കുവാനും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ


Related Articles »