Seasonal Reflections - 2026

കഷ്ടതകളിലും ദൈവത്തിന് നന്ദി പറയാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 30

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 17-03-2026 - Tuesday

"സ്‌തോത്രഗീതം ആലപിച്ചശേഷം അവർ ഒലിവുമലയിലേക്കു പോയി" (മത്തായി 26:30).

വലിയ നോമ്പിന്റെ ഈ വിശുദ്ധ വേളയിൽ, ഈശോയുടെ പീഡാനുഭവങ്ങളിലേക്കുള്ള പ്രവേശന കവാടമായി ഈ വചനം നിലകൊള്ളുന്നു. അന്ത്യത്താഴത്തിന്റെ ആത്മീയ നിർവൃതിയിൽ നിന്നും ഗത്സേമനിയിലെ ഏകാന്തതയിലേക്കും വേദനയിലേക്കും നടന്നുനീങ്ങുന്ന ഗുരുവിനെയും ശിഷ്യന്മാരെയും നമുക്കിവിടെ കാണാം. സ്തുതിഗീതങ്ങളോടെ തുടങ്ങുന്ന ഈശോയുടെ പീഡാനുഭവ യാത്ര എന്നു വേണമെങ്കിൽ ഈ വചനത്തെ വ്യാഖ്യാനിക്കാം.

അന്ത്യത്താഴത്തിന് ശേഷം അവർ പാടിയത് സങ്കീർത്തനങ്ങൾ (Hallel - സങ്കീ. 113-118) ആണെന്ന് ബൈബിൾ പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു. മരണത്തിന് തൊട്ടുമുമ്പും ദൈവത്തെ സ്തുതിക്കാൻ ഈശോ പഠിപ്പിക്കുകയാണ്. വിശുദ്ധ ജോൺ ക്രിസോസ്തം പഠിപ്പിക്കുന്നത് പോലെ, കഷ്ടതകൾ വരുമ്പോൾ മനസ്സിനെ തളർത്താൻ അനുവദിക്കാതെ ഈശോയെപ്പോലെ നാവുകൊണ്ട് ദൈവത്തെ സ്തുതിക്കാൻ നാം ശീലിക്കണം.

പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ഇടമായ ഒലിവുമലയിലേക്കുള്ള യാത്ര വെറുമൊരു യാത്രയല്ല, മറിച്ച് പിതാവിന്റെ ഹിതത്തിന് സ്വയം സമർപ്പിക്കാനുള്ള പുറപ്പാടാണ്. പഴയനിയമത്തിൽ ദാവീദ് രാജാവ് തന്റെ മകൻ അബ്ശാലോമിൽ നിന്ന് രക്ഷപെടാൻ കണ്ണുനീരോടെ ഒലിവുമല കയറിയത് (2 സാമുവൽ 15:30) ഈശോയുടെ പീഡാനുഭവത്തിന്റെ മുൻനിഴലായി കാണാം. കഷ്ടതകളിലും ദൈവത്തിന് നന്ദി പറയുവാൻ പഠിക്കണം. സുഖലോലുപതകളിൽ നിന്ന് മാറി പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തണം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Posted by Pravachaka Sabdam on