News
ബെനഡിക്ട് പതിനാറാമൻ തന്റെ സ്ഥാനത്യാഗത്തിലൂടെ പത്രോസിന്റെ സിംഹാസനത്തിനു പുതിയ മാനം നല്‍കി: ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വയിന്‍
സ്വന്തം ലേഖകന്‍ 05-06-2016 - Sunday
വത്തിക്കാന്‍: പത്രോസിന്റെ സിംഹാസനത്തിനു പുതിയ മാനം നല്‍കുകയാണു തന്റെ സ്ഥാനത്യാഗത്തിലൂടെ ബെനഡിക്ട് പതിനാറാമൻ ചെയ്തത് എന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വെയിന്‍. തന്റെ ശുശ്രൂഷ ജീവിതത്തില്‍ പുതിയ ഒരു തലത്തിലേക്ക് മാറ്റുക എന്നതു മാത്രമേ സ്ഥാനത്യാഗത്തിലൂടെ ബെനഡിക്ട് പതിനാറാമന്‍ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും കൂടെ ഒരേ പോലെ ശുശ്രൂഷകള്‍ ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യാന്‍സ്‌വെയിന്‍. വലിയ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ബെനഡിക്ട് പതിനാറാമന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ ഗ്യന്‍സ്‌വെയിന്‍ പറഞ്ഞിരുന്നു.
"ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ച മുഖ്യമായ വാക്ക് തന്നെ 'മ്യൂനസ് പെട്രിനം' (munus petrinum) എന്നതായിരുന്നു. 'പെട്രീന്‍ മിനിസ്ട്രി' എന്നതാണ് ഇതിന്റെ ഇംഗ്ലീഷിലുള്ള പരിഭാഷ. പത്രോസിന്റെ സേവനദൗത്യം എന്നതാണ് ഇതിന്റെ വ്യാഖ്യാനം. സഭയെ വളര്‍ത്തുകയും അതിനെ സേവിക്കുകയുമായിരുന്നു പത്രോസിന്റെ ശുശ്രൂഷ. മാര്‍പാപ്പയെന്ന പദവിയെ അതിന്റെ ഒരു ഭാഗമായി മാത്രമേ ബനഡിക്ടറ്റ് പതിനാറാമന്‍ കണ്ടിട്ടുള്ളു. സ്ഥാനത്യാഗത്തിലൂടെ താന്‍ ഈ സേവനം അവസാനിപ്പിക്കുകയാണെന്നു ബനഡിക്ടറ്റ് പതിനാറാമന്‍ പറഞ്ഞിട്ടില്ല. തന്റെ സേവനത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സഭയെ ശുശ്രൂഷിക്കുന്നു. പത്രോസിന്റെ സിംഹാസനത്തിനു പുതിയ ഒരു മാനം കൂടി ബനഡിക്ടറ്റ് പതിനാറാമന്‍ തന്റെ ഈ പ്രഖ്യാപനത്തിലൂടെ നല്‍കുന്നു". ഗ്യന്‍സ്‌വെയിന്‍ വിശദീകരിക്കുന്നു.
"പത്രോസിന്റെ പിന്‍ഗാമികളായി ജീവിക്കുന്ന രണ്ടു പേരാണ് സഭയ്ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായിട്ടുള്ളത്. എന്നാല്‍ നമ്മേ ഭരിക്കുന്നതും നയിക്കുന്നതും ഫ്രാന്‍സിസ് പാപ്പയാണ്. ബെനഡിക്ട് പതിനാറമനും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ മത്സരിക്കുകയല്ലെന്നും" ആര്‍ച്ച് ബിഷപ്പ് ഗ്യന്‍സ് വെയില്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്നും മറ്റു ചില രാജ്യങ്ങളില്‍ നിന്നും വൈദികരുടെ പേരില്‍ ഉയര്‍ന്നു വന്ന ചില ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു ബെനഡിക്ട് പതിനാറാമന്‍ രാജിവച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
"പ്രായം കൂടുന്നതിനാല്‍ തന്റെ ആരോഗ്യം മോശമായി വരുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മനസിലാക്കിയിരുന്നു. ഇതിലെല്ലാം ഉപരിയായി സഭയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയോടു കൂടി നിര്‍വഹിച്ചിരുന്ന നാലു വനിതകളില്‍ ഒരാളായ മനുവേല കാംഗ്നിയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തെ വേദനിപ്പിച്ചു. ഒരു കാറപകടത്തില്‍ പെട്ടെന്നാണ് അവര്‍ മരിച്ചത്. തന്റെ പ്രധാന സഹായിയായിരുന്ന പൗലോ ഗബ്രിയേലിയുടെ ചിലപ്രവര്‍ത്തനങ്ങളും അദേഹത്തെ അസ്വസ്ഥമാക്കി. ടിവിയിലൂടെ വന്ന നിറം പിടിപ്പിച്ച വാര്‍ത്തകള്‍ ഒന്നും തന്നെ അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നില്ല". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
2010-നെ കറുത്ത വര്‍ഷമായിട്ടാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. 'വത്തിലീക്‌സ്' എന്ന പേരില്‍ ചില രേഖകള്‍ സഭയില്‍ നിന്നും ചോര്‍ന്നുവെന്ന രീതിയിലുള്ള പ്രചാരണവും ആ സമയത്ത് ഉണ്ടായി. ബനഡിക്ടറ്റ് പതിനാറാമന്റെ മുഖ്യ സഹായിയായ പൗലോ ഗബ്രിയായുടെ വെളിപ്പെടുത്തലുകളായിട്ടാണ് ഇവ പുറത്തു വന്നത്. ഇവയെല്ലാമാണ് മാര്‍പാപ്പയുടെ രാജിയില്‍ കലാശിച്ചതെന്നു മാധ്യമങ്ങള്‍ പലതും എഴുതി. എന്നാല്‍ ബനഡിക്ടറ്റ് പതിനാറമനുമായി അടുത്ത ബന്ധമുള്ള ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്യന്‍സ്‌വെയിന്റെ വെളിപ്പെടുത്തലുകള്‍ പല അസത്യ കഥകള്‍ക്കും അന്ത്യം കുറിക്കുകയാണ്.