Seasonal Reflections - 2024

ജോസഫ്: മുന്തിരിച്ചെടിയിലെ ശാഖ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 03-05-2021 - Monday

യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രഭാഷണത്തിലെ ശക്തമായ ഒരു ഭാഗമാണ് മുന്തിരിച്ചെടിയേയും ശാഖകളെക്കുറിച്ചുമുള്ള പഠനം. " ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്ക്ക് ‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.(യോഹന്നാന്‍ 15 : 5) ഈശോ ആകുന്ന മുന്തരിവള്ളിയോടു ചേർന്നു നിന്നാലേ ശാഖകൾക്കു ഫലം പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളു. ദൈവപുത്രന്റെ വളർത്തു പിതാവിന്റെ ജീവിതം മുന്തിരിച്ചെടിയിലെ ശാഖപോലെയായിരുന്നു. മുന്തിരിച്ചടിയും ശാഖയും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. ആ ബന്ധത്തിന്റെ തീവ്രത അനുസരിച്ചേ നമ്മുടെ ജീവിതം ഫലം ചൂടുകയും മറ്റുള്ളവർക്കും സഹായമാവുകയും ചെയ്യും.

ദൈവത്തെയും അവന്റെ പ്രമാണങ്ങളെയും മറന്നൊരു ജീവിതം യൗസേപ്പിനില്ലായിരുന്നു. ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും - കഷ്ടതകളുടെയും ജീവിത സന്തോഷങ്ങളുടെയും നടുവിലും - അവൻ സ്ഥിരതയോടെ നിലകൊണ്ടു. ചെടിയിൽ നിൽക്കുന്ന ശാഖകൾക്കേ ജീവൻ ലഭിക്കു, അവ മാത്രമേ ഫലം പുറപ്പെടുവിക്കുകയുള്ളു .

ദൈവത്തിൽ നിലനിൽക്കുക എന്നാൽ സജീവമായും പരസ്പരം ബന്ധപ്പെട്ടും അവനിൽ വസിക്കുകയാണ്. മുന്തിരിച്ചെടിയിലില്ലാത്ത ശാഖകൾക്കു ഒന്നും ചെയ്യാൻ കഴിയില്ല അവ വളരാനും ഫലം ചൂടാനും ജീവരസം ആവശ്യമാണ്. അത് മുന്തിരിച്ചെടിയിൽ നിന്നേ ലഭിക്കുകയുള്ളു. യൗസേപ്പിതാവിനെപ്പോലെ മുന്തിരിച്ചെടിയിലെ ശാഖയായി നമുക്കു വളരാം.


Related Articles »