News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:26-42 | ഭാഗം 32

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 10-10-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഗത്‌സെമനിലേക്കുള്ള വഴി, ജഡത്തിന്റെ ദൗര്‍ബല്യം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ച് വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ജറോം, ഒരിജന്‍, പോയിറ്റേഴ്സിലെ വിശുദ്ധ ഹിലരി, വിശുദ്ധ അംബ്രോസ്, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ അപ്രേം, അലക്‌സാണ്ഡ്രിയായിലെ ഡയനീഷ്യസ്, തെര്‍ത്തുല്യന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: ഗത്‌സെമനിലേക്കുള്ള വഴി - വിശുദ്ധ മര്‍ക്കോസ് 14:26-37 (മത്താ 26,31-35) (ലൂക്കാ 22,31-34) (യോഹ 13,36-38)

26 സ്‌തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി. 27 ഈശോ അവരോടു പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്ന് എഴുതപ്പെട്ടിരിക്കുന്നു. 28 ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകും. 29 പത്രോസ് പറഞ്ഞു: എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല. 30 ഈശോ അവനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും. 31 അവന്‍ തറപ്പിച്ചു പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.

(മത്താ 26,36-46) (ലൂക്കാ 22,39-46)

32 അവര്‍ ഗത്‌സെമനി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍. 33 അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി. 34 അവന്‍ അവരോടു പറഞ്ഞു: എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍. 35 അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന്, നിലത്തുവീണ്, സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ എന്നു പ്രാര്‍ഥിച്ചു. 36 അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം. 37 അനന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ?

***************************************************************

➤ വിശുദ്ധ ആഗസ്തീനോസ്: നമ്മെക്കുറിച്ച് നമുക്കറിയാത്തതുപോലും ദൈവം അറിയുന്നു. താന്‍ മൂന്നുപ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറയുമെന്ന് മിശിഹായില്‍നിന്നും കേട്ടിട്ടും പത്രോസ് തന്റെ ബലഹീനത മനസ്സിലാക്കിയില്ല (മത്താ 26,33-35; മര്‍ക്കോ 14,29-31; ലൂക്കാ 22,31-34; യോഹ 13,36-38) (Tractates on John 32.5).

അനുസരണത്തിന്റെ പ്രതിരൂപം

സഹിക്കുന്നവര്‍ നിരാശപ്പെടാതിരിക്കാന്‍ നമ്മുടെ കാര്‍ത്താവുതന്നെ തന്റെ ജീവിതത്തില്‍ സഹനത്തിന്റെ മാതൃകയും പ്രതിരൂപവുമായിക്കൊണ്ട് അവരെ പഠിപ്പിച്ചു. അവന്‍ നമ്മെപ്പോലെ സഹിച്ചുകൊണ്ട് നമ്മുടെ സഹനങ്ങളില്‍ പങ്കുചേര്‍ന്നു (ഹെബ്രാ 2,9;18; 4,15). മനുഷ്യദുര്‍ബലതമൂലം യാതനകളുടെ മധ്യേ ദുഃഖം നമ്മുടെ ഹൃദയങ്ങളിലേക്ക് അരിച്ചിറങ്ങുമെന്നും എന്നാല്‍ നമ്മുടെ ഇച്ഛയെ ദൈവഹിതത്തിനു വിധേയമാക്കുന്നതിലൂടെ നമുക്കവയെ മറികടക്കാമെന്നും ദൈവം തന്റെ സംരക്ഷണയിലുള്ളവരെ അറിയുന്നുവെന്നും അവന്‍ അനുഭവത്തിലൂടെ പഠിപ്പിച്ചു (2 പത്രോ 2,9; യാക്കോ 1,12) (Harmony of the Gospels 3.4.14).

➤ വിശുദ്ധ ജറോം:

പന്ത്രണ്ടിലൊരുവന്‍ വിട്ടുപേക്ഷിച്ചുപോയി: പതിനൊന്നുപേരും വിശ്വസ്തരായി നിന്നു. അപ്പോഴാണ് കുരിശ് സമീപിച്ചത്. ഒരാളൊഴികെ എല്ലാവരും ഓടിപ്പോയി. ഏകജാതനോട് ഒട്ടിച്ചേര്‍ന്നു നിന്നവനായ പത്രോസും പലായനം ചെയ്തു. അവന്‍ മിശിഹായെ തള്ളിപ്പറഞ്ഞു. മനുഷ്യവംശം മുഴുവന്‍ നഷ്ടപ്പെട്ടുപോയി എന്നു നിസ്സംശയം പറയാം. അതു നാശമടഞ്ഞതിനാല്‍ ക്രൂശിതനായ കര്‍ത്താവിന്റെ പരിഭവമിതാണ്: ''മുന്തിരിച്ചക്ക് ഞാന്‍ ഒറ്റയ്ക്കു ചവിട്ടി: എന്റെ ജനത്തില്‍ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല'' (ഏശ 63,3). സങ്കീര്‍ത്തനവചനം പൂര്‍ത്തീകരിക്കപ്പെട്ടു: ''കര്‍ത്താവേ സഹായിക്കണമേ; ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു'' (സങ്കീ 12,1-2). ''നന്മ ചെയ്യുന്നവരാരുമില്ല, ഒരുവന്‍ പോലുമില്ല'' (സങ്കീ 14,1-3; റോമാ 3,12). ''നിന്നോടൊപ്പം മരിക്കേണ്ടിവന്നാലും, തടവിലാക്കപ്പെടേണ്ടി വന്നാലും ഞാന്‍ നിന്നെ തള്ളിപ്പറയുകയില്ല'' എന്ന് പറഞ്ഞവന്‍പോലും അവനെ നിഷേധിച്ചുപറഞ്ഞു (മത്താ 26,35; മര്‍ക്കോ 14,31) (On the Psalms, Homily 54).

➤ ഒരിജന്‍:

മരണവിനാഴികയില്‍ ഈശോ ദുഃഖിതനായിരുന്നുവെന്ന് നമ്മള്‍ വായിക്കുന്നു. അവിടുന്നു പറഞ്ഞു: ''എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു'' (മത്താ 26,38; മര്‍ക്കോ 14,34). അവസാനം അവനെത്തിച്ചേര്‍ന്നത് ഏറ്റവും ലജ്ജാകരമായി കണക്കാക്കപ്പെട്ടിരുന്നതരം മരണത്തിലേക്കാണ്. മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേറ്റു (മത്താ 28,6; മര്‍ക്കോ 16,6; ലൂക്കാ 24,5; 1 കോറി 15,4). ചുരുക്കത്തില്‍ മര്‍ത്യ സാധാരണമായവയെല്ലാം, അതിന്റെ ദുര്‍ബലതയുള്‍പ്പെടെ, അവന്റെ ജീവിതത്തിലുണ്ട്. അതേ സമയം തന്നെ, ദൈവത്തിനുമാത്രം ചേര്‍ന്നതും മനുഷ്യബുദ്ധിയുടെ പരിമിതികള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാനാവാത്തതും വിസ്മയകരവുമായ കാര്യങ്ങളും അവന്റെ ജീവിതത്തിലുണ്ട് (On First Principles 2.6.2).

➤ പോയിറ്റേഴ്സിലെ വിശുദ്ധ ഹിലരി:

''മരണത്തോളം ദുഃഖിതമായിരിക്കുന്നു'' എന്നതിന്റെ അര്‍ത്ഥമെന്ത്? (മത്താ 26,38; മര്‍ക്കോ14,34). മരണത്താല്‍ ദുഃഖിതരായിരിക്കുന്നു എന്നു പറയുമ്പോള്‍ മാത്രമാണ് മരണമാണ് ദുഃഖത്തിന്റെ കാരണം എന്നു വരുന്നത്. എന്നാല്‍ മരണത്തോളം ദുഃഖിതമായിരിക്കുന്നു എന്നാല്‍, മരണം ദുഃഖത്തിന്റെ പൂര്‍ണത യാണ്, കാരണമല്ല എന്നാണ് വിവക്ഷിതം (On the Trinity 10.36).

ദൈവത്തിന് എല്ലാം സാധ്യമോ?

പ്രകൃതിയിലെ ക്രമങ്ങളുടെയെല്ലാം ഉറവിടമായ പിതാവ് പ്രകൃതി നിയമങ്ങള്‍ക്കു വിധേയനല്ല. എല്ലാ ശക്തികള്‍ക്കും ഉപരിയായ പിതാവില്‍ ന്യൂനതകളാലോ സ്വഭാവമാറ്റത്താലോ പരിമിതികള്‍ ഉളവാകുന്നില്ല. പുത്രന്‍തന്നെ പറഞ്ഞല്ലോ: ''പിതാവേ എല്ലാം അങ്ങേയ്ക്ക് സാധ്യമാണ്'' (മര്‍ക്കോ 14,36). ദൈവശക്തിയെ ഗ്രഹിക്കാന്‍ മനുഷ്യമനസ്സിന് കഴിയില്ല (On the Trinity 9.72).

മാനുഷിക ശൈലിയിലെ പ്രാര്‍ത്ഥന

ദൈവത്തിന് ഒന്നും അസാധ്യമല്ലെങ്കിലും സഹനഭയത്തെ അവഗണിക്കുക മനുഷ്യനു സാധ്യമല്ല. വിശ്വാസം സഹനത്തിലൂടെയേ പരിശോധിച്ചറിയപ്പെടുകയുള്ളൂ (1 പത്രോ 1,7). മനുഷ്യനെന്ന നിലയില്‍ മനുഷ്യസാധാരണമായ ശൈലിയില്‍ കാസാ കടന്നു പോകട്ടെയെന്ന് അവന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ദൈവത്തില്‍നിന്നുള്ള ദൈവമെന്ന നിലയില്‍ അവിടുത്തെ ഹിതം പിതാവിന്റെ ഹിതത്തോട് യോജിച്ചിരുന്നു (On the Trinity 10.38).

കാസാ കടന്നുപോകട്ടെ

കാസാ തന്നെ സ്പര്‍ശിക്കാതെ കടന്നുപോകട്ടെയെന്നല്ല, കാസാ തന്നില്‍നിന്നു കടന്നുപോകട്ടെയെന്നാണ് അവന്‍ പ്രാര്‍ത്ഥിച്ചത്. അവന്‍ കുടിച്ചെങ്കില്‍ മാത്രമേ അത് അവനില്‍നിന്നു കടന്നുപോകുകയുള്ളൂ. കടന്നുപോകട്ടെയെന്നതിന്റെ അര്‍ത്ഥം കാസ, അതിന്റെ സ്ഥാനത്തുനിന്നു നീങ്ങിപ്പോകട്ടെയെന്നല്ല. അതില്ലാതായിത്തീരട്ടെയെന്നു തന്നെയാണ്. ''ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍ എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല'' എന്നു പറയുന്നിടത്തെ കടന്നുപോകലിനും ഇതേ അര്‍ത്ഥമാണുള്ളത് (മത്താ 24,35; മര്‍ക്കോ 13,31; ലൂക്കാ 21,33) (On the Trinity 10.42).

നിത്യതയ്ക്കു മുമ്പുള്ള സമയം

അവന്റെ അനുസരണം സ്വമേധയാ ഉള്ളതായിരുന്നു. ഏകജാതന്‍ തന്നെത്തന്നെ വിനീതനാക്കി കുരിശുമരണത്തോളം പിതാവിന് കീഴ്‌വഴങ്ങി. അവന്റെ കീഴ്‌വഴങ്ങല്‍ ദൈവമെന്ന നിലയിലോ മനുഷ്യനെന്ന നിലയിലോ? എല്ലാം ആര്‍ക്കു വിധേയമായിരുന്നുവോ അവന്റെ വിധേയമാകലായിരുന്നു അത് (1 കോറി 15,27-28). ഇതു താല്‍ക്കാലികമായ കീഴ്‌വഴങ്ങലിന്റെ സൂചനയല്ല. അവന്റെ കീഴ്‌വഴങ്ങല്‍ നിത്യമായിരുന്നു. അതിലുപരി അവന്റെ വിനീതമാകലിന്റെ നിത്യരഹസ്യത്തിന്റെ, സമയത്തിലും കാലത്തിലുമുള്ള ഒരു വെളിപ്പെടല്‍ മാത്രമായിരുന്നു അത്. അവന്റെ വിനീതമാകല്‍ ദൃശ്യമായി സമയത്തിനുള്ളിലാണ് സംഭവിച്ചത്. എന്നാല്‍ അത് അവന്റെ എളിമപ്പെടലാകുന്ന നിത്യരഹസ്യത്തിന്റെ പ്രതിഫലനമായിരുന്നു (On the Trinity 11.30).

➤ വിശുദ്ധ അംബ്രോസ്::

അവന്‍ മനുഷ്യശരീരം, അതിന്റെ എല്ലാ സ്വാഭാവിക വികാരങ്ങളോടും കൂടെ, അതിന്റെ പൂര്‍ണതയില്‍ സ്വീകരിച്ചു. അതുകൊണ്ട് സുവിശേഷത്തില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: ''അല്‍പദൂരം മുമ്പോട്ടുപോയി, അവന്‍ നിലത്തുവീണു പ്രാര്‍ത്ഥിക്കാനാരംഭിച്ചു: ''കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ അകന്നുപോകട്ടെ'' (മര്‍ക്കോ 14,35). ഇവിടെ ദൈവമെന്ന നിലയിലല്ല, പൂര്‍ണമനുഷ്യനെന്ന നിലയിലാണ് അവന്‍ സംസാരിക്കുന്നത്. എന്തെന്നാല്‍ ഒരു കാര്യം സാധിക്കുമോ ഇല്ലയോ എന്ന് ദൈവത്തിനറിയാതിരിക്കില്ല. ഒന്നും ദൈവത്തിന്റെ കഴിവിനപ്പുറമല്ല. തിരുലിഖിതം പ്രസ്താവിക്കുന്നു: ''അങ്ങേയ്ക്കസാധ്യമായി ഒന്നുമില്ല'' (ലൂക്കാ 1,37) (On the Chrisitian Faith 2.5.42)..

➤ വിശുദ്ധ ക്രിസോസ്‌തോം:

''കഴിയുമെങ്കില്‍'' എന്ന് അവന്റെ പ്രാര്‍ത്ഥനയില്‍ ഉപയോഗിച്ചതിന്റെ സാംഗത്യമെന്താണ്? (മത്താ 26,39). മനുഷ്യസ്വഭാവത്തിന് സാധാരണമായ ദൗര്‍ബല്യമാണ് അവന്‍ പ്രകടമാക്കുന്നത്. ഇഹലോകജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെടാതിരിക്കാന്‍ മനുഷ്യന്‍ കൊതിക്കുന്നു. മരണത്തില്‍നിന്ന് അതു പിന്‍വലിയുകയും അകന്നു മാറുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍ മനുഷ്യസ്വഭാവത്തില്‍ ഇഹലോകജീവിതത്തോടുള്ള സ്‌നേഹം വേരുപിടിക്കാന്‍ ദൈവം അനുവദിച്ചിട്ടുണ്ട് (On the Incomprehensible Nature of God 7.46).

➤ വിശുദ്ധ അപ്രേം:

താന്‍ പിതാവിനോട് പറയുന്നതെന്താണെന്ന് ഈശോയ്ക്കു വ്യക്തമായ അവബോധമുണ്ടായിരുന്നു. വേണമെങ്കില്‍ ഈ പാനപാത്രം തന്നില്‍നിന്നു മാറ്റപ്പെടാനാവുമെന്നും അവനറിഞ്ഞിരുന്നു. എന്നാല്‍ എല്ലാവരുടെയും കടം തന്റെ കാസായിലൂടെ വീട്ടാനായി എല്ലാവര്‍ക്കുംവേണ്ടി ഈ കാസ, കുടിക്കാനാണ് അവന്‍ വന്നത്. പ്രവാചകന്മാര്‍ക്കും രക്തസാക്ഷികള്‍ക്കും തങ്ങളുടെ മരണംകൊണ്ട് ഈ കടംവീട്ടാന്‍ കഴിഞ്ഞില്ല... ശരീരം സ്വീകരിക്കുകയും ബലഹീനത ധരിക്കുകയും വിശന്നപ്പോള്‍ ഭക്ഷിക്കുകയും ജോലി കഴിയുമ്പോള്‍ ക്ഷീണിക്കുകയും ക്ഷീണിച്ചപ്പോള്‍ ഉറങ്ങുകയും ചെയ്തവനാണവിടുന്ന്.

തന്റെ മരണസമയമടുത്തപ്പോള്‍ ജഡവുമായി ബന്ധപ്പെട്ട വേദനകളെല്ലാം പൂര്‍ത്തീകരിക്കപ്പെടേണ്ടിയിരുന്നു. ശ്ലൈഹിക വചനമനുസരിച്ച്, മരണം ആധിപത്യം പുലര്‍ത്തിയ (റോമാ 5,14-17) ആദത്തിന്റെ മകന്‍ എന്ന നിലയില്‍ അവന്റെ സ്വഭാവം വ്യക്തമാക്കാനായി മരണഭയം യഥാര്‍ത്ഥത്തില്‍ അവനെ കടന്നാക്രമിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തന്റെ ശാരീരിക മരണസമയത്ത് ശരീരത്തിന്റേത് അവന്‍ ശരീരത്തിനു വിട്ടുകൊടുത്തു. തന്റെ ശരീരം യഥാര്‍ത്ഥമാണെന്ന് പാഷണ്ഡകര്‍ക്കും ശീശ്മക്കാര്‍ക്കും ശരീരത്തിലെ സഹനങ്ങള്‍വഴി വെളിപ്പെടുത്താനായിരുന്നു ഇത്.

മറ്റുള്ളവര്‍ക്കു മുമ്പിലെന്നതുപോലെ തന്നെ ആ ശരീരം അവര്‍ക്കു മുമ്പിലും സന്നിഹിതമായിരുന്നില്ലേ. അവന്‍ വിശക്കുകയും ദാഹിക്കുകയും ക്ഷീണിച്ചുറങ്ങുകയും ചെയ്തതുപോലെതന്നെ ഭയക്കുകയും ചെയ്തു. കഷ്ടപ്പാടോ സഹനമോ കൂടാതെയാണ് അവന്‍ നമ്മുടെ കടങ്ങള്‍ വീട്ടിയതെന്ന് ലോകത്തൊരു ജനതയ്ക്കും ഒരിക്കലും പറയാനാവാത്തവിധം അവന്‍ ഇതു നിറവേറ്റി. അല്ലെങ്കില്‍ ശിഷ്യന്മാര്‍ തങ്ങളുടെ ജീവിതവും മരണവും ദൈവത്തിനു കയ്യേല്‍പ്പിക്കാനായി അവന്‍ ഇതു ചെയ്തു.

ദൈവികജ്ഞാനത്താല്‍ നിറഞ്ഞവര്‍പോലും ഇതുപോലെ പ്രാര്‍ത്ഥിച്ചെങ്കില്‍ സാധാരണക്കാര്‍ എത്രയധികമായി എല്ലാമറിയുന്നവന് തങ്ങളുടെ ഹിതത്തെ സമര്‍പ്പിക്കണം. ഭയരഹിതനായവന്‍ മരണഭയമനുഭവിക്കുകയും അതില്‍നിന്നു മോചിപ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തുവെങ്കില്‍ പ്രലോഭനങ്ങളില്‍നിന്നു തങ്ങള്‍ രക്ഷിക്കപ്പെടാന്‍ പ്രലോഭനങ്ങള്‍ക്കു മുമ്പേതന്നെ മറ്റുള്ളവര്‍ എത്രയധികമായി പ്രാര്‍ത്ഥിക്കണം (Commentary on Tatian's Diatessaron).

♦️ വചനഭാഗം: ജഡത്തിന്റെ ദൗര്‍ബല്യം - വിശുദ്ധ മര്‍ക്കോസ് 14:38-42

38 പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. 39 അവന്‍ വീണ്ടും പോയി, അതേ വചനം പറഞ്ഞു പ്രാര്‍ഥിച്ചു. 40 തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ് കണ്ടത്. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോട് എന്തു മറുപടി പറയണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. 41 അവന്‍ മൂന്നാമതും വന്ന് അവരോടു പറഞ്ഞു: ഇനിയും നിങ്ങള്‍ ഉറങ്ങി വിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പിക്ക പ്പെടുന്നു. 42 എഴുന്നേല്‍ക്കുവിന്‍; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടു ക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

***************************************************************

➤ ഒരിജന്‍:

ഒരിക്കലും പ്രലോഭിക്കപ്പെടരുതേ എന്നല്ല നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്. എന്തെന്നാല്‍ അത് അസാധ്യമായ കാര്യമാണ് (പ്രഭാ 2,1). എന്നാല്‍ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത് പ്രലോഭനത്തിനുള്ളില്‍പ്പെട്ടു പോകരുതേ എന്നാണ് (ലൂക്കാ 22,40; 1 കോറി 10,13) (On Prayer 29.11).

സ്വേച്ഛയാ പ്രലോഭനത്തില്‍ പ്രവേശിക്കരുത്

➤ അലക്‌സാണ്ഡ്രിയായിലെ ഡയനീഷ്യസ്:

പ്രലോഭനത്തില്‍പ്പെടാതിരിക്കാനുള്ള ആദ്യവഴി, കര്‍ത്താവ് പറഞ്ഞതുപോലെതന്നെ, പ്രാര്‍ത്ഥനയാണ്. എങ്കിലും പ്രലോഭനം ഉണ്ടായേക്കാം. എന്തെന്നാല്‍ പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്. പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാനുള്ള കൂടു തല്‍ മെച്ചമായ വഴി അവിടുന്ന് തുടര്‍ന്ന് വെളിവാക്കുന്നു: ''എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം'' (മത്താ 26,37; മര്‍ക്കോ 14,36; ലൂക്കാ 22,42). എന്തെന്നാല്‍ ദൈവം പ്രലോഭിക്കപ്പെടുന്നില്ല; മറിച്ച് നമ്മള്‍ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യുന്നതിലധികം നല്‍കാന്‍ അവിടുന്നു തയ്യാറാണ് (എഫേ 3,20) (Fragments).

➤ വിശുദ്ധ ആഗസ്തീനോസ്:

പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരിന്നു പ്രാര്‍ത്ഥിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടു. ആഗ്രഹിക്കുന്നതുകൊണ്ടുമാത്രം ദാനങ്ങള്‍ നേടാന്‍ നമുക്കു കഴിയുമായിരുന്നെങ്കില്‍ നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. പ്രലോഭനത്തില്‍നിന്നു രക്ഷിക്കപ്പെടാന്‍ സ്വന്തം ഇച്ഛകൊണ്ടുമാത്രം നമുക്കു കഴിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ അതിനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ ഇച്ഛയില്ലാതെ പ്രാര്‍ത്ഥിക്കാനും നമുക്കു കഴിയുകയില്ല. അതിനാല്‍, സ്വതന്ത്രമായി ഇച്ഛിക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു തന്നാലും. ഞങ്ങള്‍ ഇച്ഛിച്ചത് നിറവേറ്റാനുള്ള കൃപയും വിവേചിച്ചറിയാനുള്ള ജ്ഞാനവും അങ്ങയുടെ കരുണയാല്‍ നല്‍കണമേ (Letter 218, To Palatinus).

സ്വഭാവാതീതമായവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക:

ഇക്കാര്യങ്ങള്‍ മനുഷ്യപ്രകൃതിവഴിയും ഇച്ഛാസ്വാതന്ത്ര്യം വഴിയും നേടാനാവുമെങ്കില്‍ ഇവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്ഫലമാണ്. നമ്മുടെ സ്വഭാവത്തില്‍ത്തന്നെയുള്ളവയ്ക്കും സ്വശക്തിയാല്‍ നേടാന്‍ കഴിയുന്നവയ്ക്കുമായി പ്രാര്‍ത്ഥിക്കുന്നത് ഒരു തരത്തില്‍ വഞ്ചനയുമാണ്. അങ്ങനെയെങ്കില്‍ ''ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍'' (മത്താ 26,41; മര്‍ക്കോ 14,38) എന്നു പറയുന്നതിനു പകരം ''പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുവിന്‍'' എന്നു മാത്രം ഈശോ പറയുമായിരുന്നു. ശ്ലീഹന്മാരിലെ പ്രമുഖനോട് ''ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു'' എന്നല്ല, ''ഞാന്‍ നിന്നോട് കല്‍പിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്നു; നിന്റെ വിശ്വാസം ക്ഷയിക്കരുത്'' എന്നു മാത്രമേ അവന്‍ പറയുമായിരുന്നുള്ളൂ (ലൂക്കാ 22,32) (Letter 175, To Pope Innocent).

➤ തെര്‍ത്തുല്യന്‍:

തന്റെ ''ആത്മാവ് മരണത്തോളം ദുഃഖിതമാണെന്നും'' തന്റെ ശരീരം ദുര്‍ബലമാണെന്നും അവന്‍ പറഞ്ഞു (മത്താ 26,37; മര്‍ക്കോ 14,34). തന്റെ ശരീരവും ആത്മാവും പൂര്‍ണമായും മാനുഷികമാണെന്നു കാണിക്കാന്‍ ഇതുവഴി അവിടുന്നാഗ്രഹിച്ചു. കാരണം മിശിഹായുടെ ശരീരവും ആത്മാവും നമ്മില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണെന്ന് ചില ദുഷ്ടര്‍ പഠിപ്പിക്കുന്നു. അരൂപിയില്‍നിന്നു വേര്‍പെട്ടു നിന്നാല്‍ ആത്മാവിനോ ശരീരത്തിനോ സവിശേഷമാ യൊന്നും ചെയ്യാന്‍ കഴിയുകയില്ലെന്ന് അവിടുന്ന് കാണിച്ചു.

നമ്മില്‍ അരൂപിയുടെ ശക്തിയുണ്ടെന്ന് കാണിക്കാനാണ് അരൂപി സന്നദ്ധമാണ് എന്ന വിടുന്ന് പറഞ്ഞത്. വെല്ലുവിളികളുടെ മധ്യേ എങ്ങനെ വര്‍ത്തിക്കണമെന്നും എങ്ങനെ അവയെ നേരിടണമെന്നും ഏതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും നിങ്ങള്‍ ഇങ്ങനെ പഠിക്കുന്നു. ദുര്‍ബലമായതിനെ ശക്തമായതിനു കീഴാക്കണം - അതായത് മാംസത്തെ അരൂപിയുടെ കീഴില്‍. അങ്ങനെയായാല്‍ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതുപോലെ ജഡത്തിന്റെ ബലഹീനതയെ ഒഴികഴിവായി അവതരിപ്പിക്കുകയില്ല (മത്താ 26,41; മര്‍ക്കോ 14,38) (On Flight amid Persecution 8).

ജഡത്തിന്റെ ദൗര്‍ബല്യം

കര്‍ത്താവ് ശരീരത്തിന്റെ ബലഹീനതയെക്കുറിച്ചു പറഞ്ഞതില്‍ നമ്മള്‍ ഒഴികഴിവ് തേടരുത്. അതിനുമുമ്പേ അവന്‍ പറഞ്ഞത് അരൂപി സന്നദ്ധമാണ് എന്നാണ്. ഏത് ഏതിനു വിധേയപ്പെട്ടിരിക്കണമെന്ന് അവന്‍ ഇതിനാല്‍ കാണിച്ചു. ശരീരം അരൂപിക്ക്, അതായത് ദുര്‍ബലമായത് ശക്തമായതിന്, വിധേയമായിരിക്കണം. അപ്രകാരം ശരീരം അരൂപിയില്‍നിന്നു ശക്തി സ്വീകരിക്കും. അരൂപി ശരീരത്തോട് ഇരുകൂട്ടരുടെയും രക്ഷയെപ്പറ്റി സംസാരിക്കട്ടെ. തടവറയുടെ ദുരിതങ്ങളെപ്പറ്റി നിരാശരാകേണ്ട. ബലാബലത്തില്‍ വിജയംനേടി പുറത്തുവരുന്നതിനെപ്പറ്റി ചിന്തിക്കുവിന്‍ (To the Martyrs 4.1-2).

അവര്‍ നിദ്രാധീനരായിരുന്നു

തെര്‍ത്തുല്യന്‍: ബലഹീനതയ്ക്കും അലസതയ്ക്കും അടിമപ്പെടല്‍ സാത്താന്റെ വഴികളാണ്. തന്റെ ഏകജാതനെ ബലിയര്‍പ്പിക്കാന്‍ അബ്രാഹത്തോട് ആവശ്യപ്പെട്ടപ്പോള്‍ അതവനെ തിന്മയിലേക്ക് ചായ്ക്കാനായിരുന്നില്ല, മറിച്ച് അവന്റെ വിശ്വാസത്തെ ശോധന ചെയ്യാനായിരുന്നു (ഉത്പ 22,1-8). ദൈവത്തേക്കാള്‍ പ്രിയപ്പെട്ടവരും സ്‌നേഹിക്കപ്പെട്ടവരുമായി മറ്റാരും ഉണ്ടാകരുതെന്ന പ്രമാണത്തെ പിന്‍ചെല്ലുന്നവര്‍ക്ക് മാതൃകയായി അബ്രാഹത്തെ അവിടുന്നു നിയമിച്ചു (നിയമ 13,6-10; 33-9; മത്താ 10,37; ലൂക്കാ 14,26). പില്ക്കാലത്ത് ''പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍'' എന്ന് കര്‍ത്താവ് ശിഷ്യന്മാരോട് ആവശ്യപ്പെട്ടപ്പോള്‍ അപ്രകാരമൊരു സമര്‍പ്പണമാണാവശ്യപ്പെട്ടത് (മത്താ 26,41; മര്‍ക്കോ 14,38; ലൂക്കാ 22,40). അവര്‍ പ്രലോഭിതരായി. പ്രാര്‍ത്ഥനയില്‍ പിടിച്ചു നില്‍ക്കാതെ നിദ്രയ്ക്കിടം നല്‍കിയതുവഴി അവര്‍ തങ്ങളുടെ കര്‍ത്താവിനെ പരിത്യജിച്ചു (On Prayer 8).

➤ പോയിറ്റേഴ്സിലെ വിശുദ്ധ ഹിലരി ഈ ദുഃഖവും പ്രാര്‍ത്ഥനയും എന്തിനെ പ്രതിയെന്ന് ഇനിയും സംശയിക്കാനില്ല. അവര്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു: ''എന്തെന്നാല്‍ അരൂപി സന്നദ്ധമാണെങ്കിലും ശരീരം ബലഹീനമാണ്'' (മത്താ 26,41; മര്‍ക്കോ 14,38). വിശ്വസ്തരായവര്‍ക്കുള്ള വാഗ്ദാനത്തില്‍ അവര്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ അവരുടെ വിശ്വാസം അവര്‍ ഉപേക്ഷിക്കുമായിരുന്നില്ല. എന്നാല്‍ ശരീരത്തിന്റെ ബലഹീനതയിലൂടെ അവര്‍ വീണുപോയി. ചുരുക്കത്തില്‍ തന്നെപ്രതിയല്ല ഈശോ ദുഃഖിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്. ജാഗ്രതയും പ്രാര്‍ത്ഥനയും ആരില്‍നിന്ന് അവന്‍ ആവശ്യപ്പെട്ടുവോ അവര്‍ക്ക് സഹനം ഭവിക്കരുതെന്നും തന്നില്‍നിന്നു കടന്നുപോകുന്ന കാസാ അവരെ സമീപിക്കരുതെന്നുമുള്ള ലക്ഷ്യത്തോടെയാണ് അവനിതു ചെയ്തത് (On the Trinity 10.37).

--------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:28-44 | ഭാഗം 27

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:1-27 | ഭാഗം 28

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:24-37 | ഭാഗം 29

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:1-11 | ഭാഗം 30

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:12-25 | ഭാഗം 31

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪


Related Articles »