Seasonal Reflections - 2024

ജോസഫ്: മാതൃഹൃദയം സ്വന്തമാക്കിയ അപ്പൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 09-05-2021 - Sunday

ഇന്നു മാതൃദിനമാണ് .മാതൃഭാവത്തെ ലോകം വാഴ്ത്തിപ്പാടുന്ന ദിനം അമ്മയുടെ ആർദ്രതയും വാത്സല്യവും ത്യാഗങ്ങളും ലോകം ആദരവോടെ ഓർമ്മിക്കുന്ന ദിനം. എന്നാൽ ഇന്നേ ദിനം മാതൃഭാവം സ്വന്തമാക്കിയ ഒരു അപ്പനെക്കുറിച്ചാണ് എന്റെ വിചിന്തനം. "അച്ചാ വരുന്ന ബുധനാഴ്ച എന്റെ ഭാര്യയുടെ മരണ വാർഷികമാണ്. ഇരുപത്തിരണ്ടു വർഷമായി അവൾ എന്നെ വിട്ടു പോയിട്ട് . പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ നൽകി അവൾ സ്വർഗ്ഗ തീരത്തെക്കു യാത്രയാകുമ്പോൾ നമ്മുടെ മക്കളെ പൊന്നുപോലെ നോക്കണേ അച്ചായ എന്ന ഒറ്റ അഭ്യർത്ഥനയേ അവൾക്കുണ്ടായിരുന്നുള്ളു.

വീട്ടുകാരും നാട്ടുകാരും ഒരു പുനർ വിവാഹത്തിനു നിർബദ്ധിച്ചെങ്കിലും എന്റെ മക്കളുടെ മുഖം അതിനു സമ്മതിച്ചില്ല അച്ചാ, " കുർബാനയ്ക്കുള്ള പൈസ നീട്ടി കൊണ്ടു തോമസു ചേട്ടൻ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. "ഒരു കുറവും ദൈവം തമ്പുരാനെ ഓർത്തു എന്റെ മക്കൾക്കു വരുത്തിയിട്ടില്ലച്ചാ." തോമസു ചേട്ടൻ തുടർന്നു. ഏകദേശം പതിനഞ്ചു മിനിറ്റത്തെ സംഭാഷണത്തിനു ശേഷം സ്തുതി ചൊല്ലി തോമസു ചേട്ടൻ പള്ളി മേടയുടെ പടികൾ ഇറങ്ങുമ്പോൾ വണക്കമാസ സമാപനത്തിനുള്ള പ്രസംഗത്തിനു ഒരു പോയിൻ്റ് കിട്ടിയ സന്തോഷത്തിലായിരുന്നു ആ കൊച്ചച്ചൻ വേഗം ഡയറിയെടുത്തു ഇപ്രകാരം കുറിച്ചു:

മാതൃഹൃദയം സ്വന്തമാക്കിയ ഒരു അപ്പനെ ഞാനിന്നു കണ്ടെത്തി. ഭാര്യയുടെ മരണ ദിനത്തിൽ അമ്മയായി പിറന്ന ഒരു അപ്പനെ ഞാനിന്നു കണ്ടു. മാതൃഭാവമുള്ള അപ്പന്മാർ ലോകത്തിന്റെ സുകൃതവും മക്കളുടെ ഐശ്വര്യവും... ഒരർത്ഥത്തിൽ മാതൃഭാവം സ്വന്തമാക്കിയ അപ്പനല്ലേ യൗസേപ്പിതാവ്. മാതൃഹൃദയം സ്വന്തമാക്കിയതുകൊണ്ടല്ലേ ഏതുറക്കത്തിലും ഉണർവ്വുള്ളവനായി അവൻ നിലകൊണ്ടതും ശാന്തമായി ദൈവീക പദ്ധതികളോടു സഹകരിച്ചതും.


Related Articles »