Seasonal Reflections - 2024

ജോസഫ് - വിശ്വസ്തനായ ജീവിത പങ്കാളി

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 16-05-2021 - Sunday

മെയ് മാസം പതിനഞ്ചാം തീയതി ലോക കുടുംബദിനമായിരുന്നു. കുടുംബങ്ങളുടെ മഹത്വവും അതുല്യതയും ഓർക്കാനൊരു സുന്ദര സുദിനം. ബന്ധങ്ങൾ ജീവിക്കുന്ന അനന്യ വിദ്യാലയമായ കുടുംബത്തിൽ പരസ്പര സ്നേഹവും ബഹുമാനവും ഉത്തരവാദിത്വവും വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന ജീവത പങ്കാളികളാണ് അതിനെ ഉറപ്പുള്ളതാക്കുന്നത്. മക്കളാണ് കുടുംബത്തെ മനോഹരമാക്കുന്നത്. ഉണ്ണീശോയും പരിശുദ്ധ കന്യകാമറിയും വിശുദ്ധ യൗസേപ്പിതാവും അടങ്ങിയ ഭൂമിയിലെ ഏറ്റവും ഉത്തമമായ കുടുംബം തിരുക്കുടുംബമായത് അവർ പൂർണ്ണമായും പരിശുദ്ധാതാവിന്റെ പ്രചോദനത്താലും നിയന്താവിലും ജീവിതം സമർപ്പിച്ചതു വഴിയാണ്. മാനുഷിക വികാരങ്ങളെയും വിചാരങ്ങളെയും അതിലംഘിക്കുന്ന ദൈവീക വരപ്രസാദം അവരുടെ കുടുംബ ജീവിതത്തെ തേജസുള്ളതാക്കി മാറ്റി.

യഥാർത്ഥ പിതാവോ, ഭർത്താവോ ആകാൻ ഒരുവൻ ശ്രമിക്കുന്നുവെങ്കിൽ അവൻ ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവസ്നേഹത്തിൽ നിന്നായിരിക്കണം ജീവിത പങ്കാളിയോടുള്ള സ്നേഹം പിറവിയെടുക്കേണ്ടത്, എങ്കിലേ അതു ശാശ്വതമാകുകയുള്ളു. ഈ ദൈവസ്നേഹാനുഭവത്തിൽ നിന്നു തന്നെയാണു മക്കളിലേക്കും തലമുറകളിലേക്കും പൈതൃകവാത്സല്യം പെയ്തിറങ്ങേണ്ടത്.

യൗസേപ്പിതാവ് ഈ അർത്ഥത്തിൽ ഉത്തമനായ ഒരു ജീവിത പങ്കാളിയായിരുന്നു. കുടുംബത്തിന് വേണ്ടി ത്യാഗം സഹിക്കാനുള്ള മനസ്സ് അവനു എപ്പോഴും ഉണ്ടായിരുന്നു. ത്യാഗം ഉണ്ടെങ്കിലേ കുടുംബം മുന്നോട്ടു പോകുകയുള്ളു എന്നും കെട്ടുറപ്പുള്ള കുടുംബങ്ങൾക്കേ സമൂഹത്തെ താങ്ങി നിർത്താനാവുകയുള്ളുയെന്നും തിരുക്കുടുബം പഠിപ്പിക്കുന്നു. കുടുംബങ്ങുടെ മദ്ധ്യസ്ഥനായ യൗസേപ്പിന്റെ പക്കൽ നമ്മുടെ കുടുംബങ്ങളെ സമർപ്പിക്കാം.


Related Articles »