Seasonal Reflections - 2024
ജോസഫ്: പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 26-05-2021 - Wednesday
റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്ന വിശുദ്ധ ഫിലിപ്പ് നേരിയുടെ തിരുനാളാണിന്ന് (മെയ് 26). ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധൻ്റെ ഒരു സദ് വചനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. അത് ഇപ്രകാരമാണ്: "പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴിയാണ് അനുസരണം."
വിശുദ്ധ യൗസേപ്പിതിവിനു ഏറ്റവും അനുയോജ്യമായ ഒരു വാക്യമാണിത്. ദൈവ പിതാവിനെ അനുസരിച്ചും ദൈവപുത്രനെ ശുശ്രൂഷിച്ചും ദൈവമാതാവിനെ ആദരിച്ചു ജീവിച്ച നസറത്തിലെ ഈ നല്ല അപ്പൻ പരിപൂർണ്ണതയ്ക്കു വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കും ഉള്ള മാതൃകയാണ്. അനുസരണം വഴി സ്വർഗ്ഗ പിതാവിൻ്റെ പ്രീതിക്കു പാത്രമായ യൗസേപ്പിതാവിന് അനുസരണം കേവലം ഒരു സമ്മതം മൂളൽ മാത്രമായിരുന്നില്ല, അതു ദൈവഹിതം അനുസരിച്ചുള്ള നിരന്തര കർമ്മവുമായിരുന്നു. ദൈവപിതാവിൻ്റെ അനുശാസനകളോടു തിടുക്കത്തിൽ പ്രത്യുത്തരിച്ച യൗസേപ്പിതാവ് അനുസരണയെ പുണ്യ പൂർണ്ണതയിലേക്കുള്ള ചവിട്ടുപടികളാക്കി.
അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും (ഏശയ്യാ 1 : 19 ) എന്ന തിരുവചനം അനുസരണം ഒരു വ്യക്തിയുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റത്തെക്കുറിച്ചാണ് വിരൽ ചൂണ്ടുന്നത്.
ദൈവ കല്പനകൾ അനുസരിച്ചു കൊണ്ട് പുണ്യപൂർണ്ണതയ്ക്കായി പരിശ്രമിക്കാൻ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം നമുക്കു തേടാം.