News

അമേരിക്കയില്‍ യുവതികളായ കന്യാസ്ത്രീകള്‍ സഭയുടെ സേവനത്തില്‍ കൂടുതലായി എത്തുന്നതായി പഠനം

സ്വന്തം ലേഖകന്‍ 10-06-2016 - Friday

വാഷിംഗ്ടണ്‍: അമേരിക്കയില്‍ യുവതികളായ കന്യാസ്ത്രീകള്‍ സഭയുടെ സേവനത്തില്‍ കൂടുതലായി എത്തുന്നതായി പഠന റിപ്പോര്‍ട്ട്. യുഎസിലെ 137 രൂപതകളില്‍ കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടി കാണിച്ചിരിക്കുന്നത്.

1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് കോണ്‍ഗ്രിഗേഷന് അനുമതി നല്‍കിയത്. നിലവില്‍ 6000-ല്‍ അധികം കന്യാസ്ത്രീകള്‍ കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്‌സില്‍ തന്നെ അംഗങ്ങളായുണ്ട്. "മേജര്‍ സുപ്പീരിയേഴ്‌സില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീകളുടെ ശരാശരി പ്രായം 57 വയസാണ്. പുതിയതായി മഠത്തില്‍ ചേരുവാന്‍ എത്തുന്നവരുടെ ശരാശരി പ്രായം 27 വയസും പഠനം പൂര്‍ത്തിയാക്കി സേവനത്തിലേക്ക് കടന്ന കന്യാസ്ത്രീകളുടെ ശരാശരി പ്രായം 29 വയസുമാണ്. 16 ശതമാനത്തില്‍ അധികം കന്യാസ്ത്രീകള്‍ 30 വയസിനും 39 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്". കണക്കുകള്‍ സൂചിപ്പിക്കുന്നു.

"80 ശതമാനത്തോളം കന്യാസ്ത്രീകള്‍ സജീവമായി സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. 19 ശതമാനം പേര്‍ വിദ്യാഭ്യാസം നടത്തുന്നു. 17 ശതമാനം പേര്‍ ആരോഗ്യ മേഖലകളില്‍ സജീവമായി സേവനം ചെയ്യുന്നു. 11 ശതമാനം പേര്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മാത്രം വ്യാപരിക്കുന്നു". റിപ്പോര്‍ട്ടില്‍ പറയുന്നു. മദര്‍ മേരി ആഗ്നസ് ഡോണോവനെ പോലെയുള്ള നിരവധി മുതിര്‍ന്ന കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്ന കോണ്‍ഗ്രിഗേഷനാണ് കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ്.

"മുമ്പേ തന്നെ സ്ഥാപിതമായ പല കോണ്‍ഗ്രിഗേഷനുകളും ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെ മാതൃകയാക്കി നിരവധി പുതിയ കോണ്‍ഗ്രിഗേഷനുകള്‍ സ്ഥാപിതമായിട്ടുമുണ്ട്. മുതിര്‍ന്ന സന്യസ്ഥരുടെ മികച്ച പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെന്നോണം യുവതികളായി വരുന്ന പുതിയ കന്യാസ്ത്രീകളും ഫലവത്തായ പ്രവര്‍ത്തനം സഭയില്‍ കാഴ്ചവയ്ക്കുന്നു. മുതിര്‍ന്ന സന്യസ്ഥരെ കൊണ്ടും യുവതികളായ സന്യസ്ഥരെ കൊണ്ടും മഠങ്ങള്‍ ഒരേ പോലെ അനുഗ്രഹീതമാണ്" മദര്‍ മേരി ആഗ്നസ് ഡോണോവന്‍ പറയുന്നു. 2015-ല്‍ ജോര്‍ജ്ജ് ടൌണ്‍ യൂണിവേഴ്സിറ്റി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം യുഎസില്‍ അരലക്ഷത്തോളം കന്യാസ്ത്രീകളാണ് സമര്‍പ്പിത ജീവിതം നയിക്കുന്നത്.


Related Articles »