Seasonal Reflections - 2024
യൗസേപ്പിതാവിന്റെ വിശുദ്ധ മേലങ്കി
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 02-06-2021 - Wednesday
പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ് വേർഡ് ഹീലി തോപ്സൺ എഴുതിയ ദ ലൈഫ് ആൻഡ് ഗ്ലോറീസ് ഓഫ് സെൻ്റ് ജോസഫ് (The Life and Glories of St. Joseph )എന്ന ഗ്രന്ഥത്തിൽ വിശുദ്ധ യൗസേപ്പിൻ്റെ മേലങ്കിയെപ്പറ്റി ഒരു ചെറു വിവരണമുണ്ട്. അതിപ്രകാരമാണ്: " ഇപ്പോൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ യഥാർത്ഥ തിരുശേഷിപ്പുകളൊന്നും നിലവിലില്ല. അവൻ്റെ വിശുദ്ധമായ ശരീരത്താൽ സ്പർശിക്കപ്പെട്ട വസ്ത്രത്തിൻ്റെ ചില ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. റോമിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മേലങ്കിയുടെ സവിശേഷമായ ഒരു തിരുശേഷിപ്പുണ്ട്. അത്രയധികം വണങ്ങപ്പെടേണ്ട ഒരു തിരുശേഷിപ്പാണിത് കാരണം, ഉണ്ണീശോയെ കൈകളിൽ പിടിക്കുമ്പോൾ ഉണ്ണീശോയെ യൗസേപ്പിതാവ് പൊതിഞ്ഞു സൂക്ഷിച്ചിരുന്നത് ഈ മേലങ്കിക്കുള്ളിലായിരുന്നു.
അതുല്യമായ ഈ തിരുശേഷിപ്പ് റോമിലെ പുരാതന കോളേജു ദൈവാലയങ്ങളിലൊന്നായ വിശുദ്ധ അനസ്താസിയുടെ പള്ളിയിലാണ്. എഡി 300 കളിലാണ് ഈ ദൈവാലയം റോമൻ പ്രഭുവായ അപ്പോളോണിയ നിർമ്മിച്ചത്. വിശുദ്ധ ജറോമിനെ പൊന്തിഫിക്കൽക്കാര്യങ്ങൾക്കായി വിശുദ്ധ ദമാസസ് റോമിലേക്കു വിളിച്ചപ്പോൾ മൂന്നു വർഷക്കാലം ദിവ്യബലി അർപ്പിച്ചത് ഈ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന അൾത്താരയുടെ മുകളിലായിരുന്നു."
ഈ മേലങ്കി വിശുദ്ധ നാട്ടിൽ നിന്നു എപ്രകാരം റോമിൽ എത്തി എന്നതിനു തെളിവുകളില്ല. വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനത്തിനുള്ള ഭക്ത കൃത്യങ്ങളിൽ പ്രസിദ്ധമായ വിശുദ്ധ മേലങ്കിയോടുള്ള നോവേന രൂപപ്പെടുന്നത് ഈ വിശ്വാസത്തിൽ നിന്നാണ് . മുപ്പതു ദിവസം തുടർച്ചയായി അനുഷ്ഠിക്കേണ്ട ഒരു പ്രാർത്ഥനായജ്ഞമാണിത്. ഈശോയോടൊപ്പം വളർത്തു പിതാവായ യൗസേപ്പ് മുപ്പതു വർഷം ജീവിച്ചു എന്ന പാരമ്പര്യത്തിൽ നിന്നാണ് ഈ പ്രാർത്ഥന മുപ്പതു ദിവസം നീണ്ടു നിൽക്കുന്നത്.
ഉണ്ണീശോയെ സംരക്ഷിച്ച യൗസേപ്പിതാവ് തൻ്റെ പക്കൽ അണയുന്നവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്ന വിശ്വാസമാണ് മുപ്പതു ദിവസത്തെ ഈ പ്രാർത്ഥനയുടെ പ്രേരകശക്തി.