Seasonal Reflections - 2024
വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 08-06-2021 - Tuesday
ഇന്നു വിശുദ്ധ യൗസേപ്പിതാവിൻ്റെ വളരെ വ്യത്യസ്തമായ ഒരു തിരുസ്വരൂപം കാണാനിടയായി. ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിങ്ങ് അതിരൂപതയിൽ ഫ്രൈസിങ്ങ് നൊയെസ്റ്റിഫ്റ്റിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് പ്രസ്തുത രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. യൗസേപ്പിതാവിൻ്റെ വലതു കൈയ്യിൽ ഉണ്ണിയേശുവും ഇടതു കൈയ്യിൽ ലില്ലി പൂക്കളുമുണ്ട്. പതിവിനു വിപരീതമായി വെള്ള നിറത്തിലുള്ള മേലങ്കിയിൽ സ്വർണ്ണ നിറം കൊണ്ടുള്ള അലങ്കാരങ്ങളോടെയാണ് 1760 ആണ്ടിൽ നിർമ്മിച്ചതായി കരുതുന്ന ഈ തിരുസ്വരൂപം. നൊയെസ്റ്റിഫ്റ്റിലുണ്ടായിരുന്ന യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു സാഹോദര്യ കൂട്ടായ്മയുടെ മദ്ധ്യസ്ഥനയാണ് ഈ തിരുസ്വരൂപത്തെ വിശ്വാസികൾ ബഹുമാനിച്ചിരുന്നത്.
ഉണ്ണീശോയുടെയും യൗസേപ്പിതാവിൻ്റെയും ദൃഷ്ടികൾ ഉന്നതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സ്വർഗ്ഗീയ ദർശനത്തിൻ്റെ മനോഹാരിതയും സായൂജ്യവും ഇരുവരുടെയും മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാം. ഉണ്ണീശോയെ കരങ്ങളിൽ വഹിക്കുന്നവരുടെ ഹൃദയം സ്വർഗ്ഗത്തിലായിരിക്കും നങ്കൂരം ഉറപ്പിച്ചിരിക്കുന്നത് എന്ന് യൗസേപ്പിതാവ് മൗനമായി തൻ്റെ അടുക്കൽ വരുന്നവർക്കു പറഞ്ഞു കൊടുക്കുന്നു. ഭൂമിയിലെ കോലാഹലങ്ങളോ സ്തുതി പാടകരുടെ ആരവമോ ഈശോയുടെ വളർത്തു പിതാവിനെ സ്വർഗ്ഗത്തിൽ നിന്നു ദൃഷ്ടി മാറ്റാൻ പര്യാപ്തമാകുന്നില്ല.
യൗസേപ്പിതാവിനു ഈ രൂപത്തിൽ ഒരു യുവാവിൻ്റെ പ്രായമേയുള്ളു. ദൈവാന്വേഷണവും സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ജീവിതവും യുവജനങ്ങളുടെയും പ്രത്യേക കടമയും ഉത്തരവാദിത്വവുമാണന്ന് യൗസേപ്പിതാവ് ഓർമ്മിപ്പിക്കുന്നു.