News - 2025

പത്ത് വര്‍ഷത്തിനകം ലോകത്തെ എല്ലാ പ്രാദേശിക ഭാഷയിലും ബൈബിള്‍ എത്തിക്കും: യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി

സ്വന്തം ലേഖകന്‍ 10-06-2016 - Friday

ഫിലാഡല്‍ഫിയ: 2025-ല്‍ എല്ലാവര്‍ക്കും അവരുടെ സ്വന്തം ഭാഷയില്‍, ജീവിക്കുന്ന ദൈവത്തിന്റെ വചനം എത്തിക്കുമെന്ന്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി. യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി സ്ഥാപിതമായിട്ട് 200 വര്‍ഷം തികഞ്ഞ വേളയില്‍ അമേരിക്കയില്‍ നടന്ന ലോക സമ്മേളനത്തിലാണ് പ്രസ്തുത തീരുമാനമുണ്ടായത്. ആറു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ്, ലോകത്തെ എല്ലാ ബൈബിള്‍ സൊസൈറ്റികളും സംഗമിക്കുന്ന ലോക സമ്മേളനം നടത്താറുള്ളത്. സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 450 ക്രൈസ്തവ നേതാക്കള്‍ പങ്കെടുത്തു.

നിലവില്‍ 200 രാജ്യങ്ങളിലായി 147 ബൈബിള്‍ സൊസൈറ്റികള്‍ സേവനം ചെയ്യുന്നുണ്ട്. ലോകത്ത് ഇപ്പോഴും ഏഴു പേരില്‍ ഒരാള്‍ക്ക് അവരുടെ ഭാഷയിലുള്ള ബൈബിള്‍ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും അവരുടെ സ്വന്തം ഭാഷയില്‍, ജീവിക്കുന്ന ദൈവത്തിന്റെ വചനം എത്തിക്കുക എന്നതാണ് യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി ലക്ഷ്യമിടുന്നത്.

"അടുത്ത തലമുറയിലേക്ക് ബൈബിള്‍ എത്തിക്കുക, സാങ്കേതിക മുന്നേറ്റത്തിന്റെ പ്രയോജനങ്ങള്‍ ഗുണകരമായ രീതിയിലേക്ക് മാറ്റുക, ബൈബിള്‍ പരിവര്‍ത്തനം ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും ആഗോള പങ്കാളിത്തം ലഭ്യമാക്കുക" എന്നീ മൂന്നു കാര്യങ്ങളാണ് ഈ വര്‍ഷത്തെ സമ്മേളനത്തില്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി ചര്‍ച്ച ചെയ്തത്. ഈ മൂന്നു ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തന രേഖയും സമ്മേളനത്തില്‍ തയ്യാറാക്കപ്പെട്ടു.

"സാധാരണയായി ബൈബിള്‍ പ്രാദേശിക ഭാഷകളിലേക്കു മാറ്റുവാന്‍ 20 മുതല്‍ 40 വര്‍ഷത്തെ കഠിനമായ പരിശ്രമം ആവശ്യമാണ്. പരിഭാഷയ്ക്കായി പുതിയ രീതികള്‍ സൊസൈറ്റി പ്രയോജനപ്പെടുത്തുകയാണ്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാരിലൂടെയാണ് ഇന്ന് ബൈബിള്‍ പരിഭാഷപ്പെടുത്തുന്നത്. ഇവര്‍ക്ക് സാധാരണ ജനങ്ങളുടെ ആവശ്യം നന്നായി മനസിലാകും. ദൈവവചനം അവരുടെ ഭാഷയില്‍ എത്തുമ്പോള്‍ അവര്‍ക്ക് അത് കൂടുതല്‍ സ്വീകാര്യമായി മാറും. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ഇതിനു സാധിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു" അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ഡ്യൂ ഹുഡ് പറയുന്നു.

ബൈബിള്‍ പ്രാദേശികമായി പരിഭാഷപ്പെടുത്തുവാന്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. സാക്ഷരതയിലുള്ള കുറവും ദാരിദ്രവും മറ്റ് അനേകം കാര്യങ്ങള്‍ ബൈബിള്‍ പരിഭാഷപ്പെടുത്തുന്നതിനു തടസമായി നില്‍ക്കുന്നുണ്ട്. ബൈബിള്‍ ലഭിച്ചതോടെ സുവിശേഷത്തിന്റെ വെളിച്ചം സ്വീകരിച്ച് ക്രിസ്തു സാക്ഷികളായി മാറിയ നിരവധി പേര്‍ ലോകത്തില്‍ ജീവിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രസാദകരും വിതരണക്കാരും പരിഭാഷകരും യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയാണ്.


Related Articles »