Social Media - 2024

എസ്‌ഡി‌പി‌ഐ/ആര്‍‌എസ്‌എസ് മനോഭാവം കത്തോലിക്കന്‌ ഭൂഷണമാണോ?

ഫാ. ക്ലീറ്റസ് കാരക്കാട്ട് 10-06-2021 - Thursday

ഇസ്ലാം മതവിശ്വാസത്തെ ലോകം മുഴുവൻ മനുഷ്യർ ഭയത്തോടെയും വെറുപ്പോടെയും കാണുവാൻ കാരണം ആ മതത്തിൽ പിൽക്കാലത്ത്‌ ശക്തിപ്രാപിച്ച മാനവരാശിക്ക്‌ ഭീഷണിയായ മതതീവ്രവാദം കൊണ്ടാണ്‌. ഭാരത രാമായണ സംസ്കൃതിയിൽ അധിഷ്ടിതമായ ഹിന്ദുമതം ഒരു മതമെന്നതിലുപരി സമാധാനത്തിൽ അധിഷ്ടിതമായ ഒരു ജീവിത ശൈലിയായിരുന്നു. അതിലും കടന്നുകൂടിയ ഒരു വിഭാഗം തീവ്രവാദികൾ പഠിപ്പിക്കുന്ന മതതീവ്രവാദം ഹിന്ദുയിസത്തേയും ഒരു തീവ്രവാദ സംഘടനയുടെ തലത്തിൽ ആളുകൾ നോക്കി കാണുന്നതിന്‌ കാരണമായി. ഈ രണ്ടു മതത്തിലും വിശ്വസിക്കുന്നവരിൽ ബഹുഭൂരിഭാഗം വിശ്വാസികളും തീവ്രവാദ പഠനങ്ങൾ നടത്തുന്ന എക്സ്ട്രീമിസ്റ്റുകളുടെ മസ്തിഷ്ക ക്ഷാളനത്തിൽ അകപ്പെടാതെ സ്വസ്ഥമായി ഇതരമതത്തിലുള്ളവരോട്‌ സഹിഷ്ണുതയിൽ കഴിയുന്നവരാണ്‌. അത്‌ നാം അധിവസിക്കുന്ന ഈ ലോകത്തിന്‌ ഒരു ആശ്വാസവും പ്രതീക്ഷയുമാണ്‌.

ഈ അടുത്തകാലത്തായി കത്തോലിക്കാ സഭയുടെ ക്ഷണമോ സംരക്ഷണമോ പ്രോത്സാഹനമോ ഒന്നുമില്ലാതെ സഭയുടെ രക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ച്‌ പൊതുനിരത്തിൽ പൊരുതാൻ ഇറങ്ങിയ വിരലിലെണ്ണാവുന്ന കുറെ കത്തോലിക്കാ വിശ്വാസികളെന്നു തോന്നുന്നവരെ (ക്രിസ്ത്യാനികൾ ആണെന്നുപോലും ഉറപ്പില്ല) ചില കടലാസ്‌ സംഘടനകളുടെ ലേബലിൽ കാണുവാൻ ഇടയായിട്ടുണ്ട്‌. സംഘപരിവാറിന്റെയും ആർ എസ്‌ എസിന്റേയും അജൻഡകളിൽ അന്ധമായി ആകൃഷ്ടരായവരാണവർ. ഇവരുടെ ചിന്തകൾക്കും പ്രവർത്തികൾക്കും മനോഭാവത്തിനും ക്രിസ്തുവിന്റെ മനോഭാവവുമായി യാതൊരു ബന്ധവുമുള്ളതായി തോന്നുന്നില്ലെന്നു മാത്രമല്ല തനി ക്രിസ്തുവിരുദ്ധതയാണ്‌ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ പ്രചരിപ്പിക്കുന്നത്‌.

ഇത്‌ കേരള കത്തോലിക്കാ സഭയിൽ ചെറുതല്ലാത്ത ദുരിതവും പ്രതിസന്ധിയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെ ഗ്രസിച്ചിരിക്കുന്ന തീവ്രവാദത്തെ പൊതുസമൂഹത്തിൽ തുറന്നു കാട്ടണം. അതിനോട്‌ ആർക്കും വിയോജിപ്പില്ല. എന്നാൽ ക്രിസ്തീയമല്ലാത്ത മനോഭാവങ്ങൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നത്‌ ഒരുകാരണത്താലും ന്യായീകരിക്കാനാവില്ല. കാരണം, സഭയുടെ നന്മമാത്രം നിറഞ്ഞ അന്തസത്തയേയും, ലോകം മുഴുവനേയും സ്നേഹത്തോടെയും കരുതലോടെയും സമഭാവനയോടെയും നെഞ്ചിലേറ്റുന്ന മാതൃഭാവത്തേയും പൊതുസമൂഹത്തിന്റെ കണ്ണുകളിൽ നിന്ന് മറയ്ക്കുവാൻ ഇതുപോലുള്ള സംഘപരിവാരചിന്ത തലക്കടിച്ച ഈ കുറച്ചുപേരുടെ ചെയ്തികൾ കാരണമാകുന്നു.

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകുവാൻ വിളിക്കപ്പെട്ടവനാണ്‌ ഓരോ ക്രിസ്തുശിഷ്യനും. ക്രിസ്തുവിൽ വിശ്വസിച്ച്‌ ലോകത്തിന്‌ നന്മ ചെയ്യുക, ഒരു നാരകീയശക്തികളും അതിനുമുന്നിൽ പ്രബലപ്പെടുകയില്ല. അതുകൊണ്ടാണ്‌ രണ്ടായിരം വർഷത്തിലേറെയായിട്ടും സകല നാരകീയശക്തികളും ഒരുമിച്ചുനിന്നു പൊരുതിയിട്ടും അതിനെയെല്ലാം അതിജീവിച്ച്‌ സഭ ലോകത്തിന്റെ വെളിച്ചമായി ഇന്നും നിലകൊള്ളുന്നത്‌. ക്രിസ്തുവിന്റെ നാമം ഉച്ചരിക്കുന്നതു കേൾക്കുമ്പോൾ ലോകത്തിൽ ഒരിടത്തും ആരും ജീവനും കൊണ്ട്‌ ഓടി രക്ഷപെടാറില്ല..ക്രിസ്തുവിന്റെ നാമം വിളിച്ചുകൊണ്ട്‌ ആരും ആരെയും കഴുത്തുവെട്ടി കൊല്ലാറില്ല, ക്രിസ്തുവിന്റെ നാമം വിളിച്ചുകൊണ്ട്‌ ലോകത്തിൽ ഒരു ക്രിസ്ത്യാനിയും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും അടിച്ചുതകർക്കാറില്ല..അതാണു ക്രിസ്തുവിന്റെ പ്രത്യേകത, അതായിരിക്കണം ക്രിസ്തുശിഷ്യന്റെ പ്രത്യേകത.

കത്തോലിക്കാ സഭയ്ക്ക്‌ ഭൂമിയിൽ നിലനിൽക്കുവാൻ വേണ്ടത്‌ ക്രിസ്തു മനോഭാവമുള്ളവരെയാണ്‌ അല്ലാതെ എസ്‌ഡി‌പി‌ഐ ലെവലിൽ ചിന്തിക്കുന്നവരെ സഭയ്ക്ക്‌ ആവശ്യമില്ല, ആര്‍‌എസ്‌എസ് മനോഭാവം തലക്കുപിടിച്ചവരേയും സഭയ്ക്ക്‌ ആവശ്യമില്ല. എല്ലാ മതവിശ്വാസികളും തീവ്രവാദവുംകൊണ്ട്‌ നിരത്തിലിറങ്ങിയാൽ ഈ ഭൂമിയിൽ സമാധാനത്തിന്റെ കണികപോലുമുണ്ടാകില്ല. ക്രിസ്തീയത പരസ്നേഹത്തിന്റെ തണലിൽ ജീവിക്കുന്നവനിൽ ക്രിസ്തു രൂപപ്പെടുന്നതാണ്‌. അവിടെ അപരനെ സഹോദരനായി മാത്രമെ നമുക്കു കാണുവാൻ കഴിയു. അതുകൊണ്ട്‌ എന്റെ പ്രീയപ്പെട്ട സഹോദരന്മാരെ, ഉറകെടാത്ത ഉപ്പായി ലോകത്തിനും നാം ജീവിക്കുന്ന ഇടങ്ങളിലും നമുക്ക്‌ രുചിപകരാം.. നമ്മിലെ അന്ധകാരം ഒരാൾക്കും ആവശ്യമില്ല, വെളിച്ചമാണ്‌ ആവശ്യം. ക്രിസ്തുവാകുന്ന വെളിച്ചം ലോകത്തിനു പ്രകാശിപ്പിക്കുവാൻ മലമേൽ ഉയർത്തിയ പ്രകാശമായി നമുക്ക്‌ മാറാം. "ക്രിസ്തുവിനോട്‌ കൂടെയല്ലാത്തവൻ ക്രിസ്തുവിന്‌‌ എതിരാണ്‌, ക്രിസ്തുവിനോടു കൂടിയല്ലാതെ ശേഖരിക്കുന്നതെല്ലാം ചിതറിക്കപ്പെടും" (മത്താ:12/30).


Related Articles »