News - 2024
മഗ്ദലന മറിയത്തിന്റെ ഓര്‍മ്മദിനം തിരുനാളായി ഉയര്‍ത്തുവാന്‍ മാര്‍പാപ്പ തീരുമാനിച്ചു
സ്വന്തം ലേഖകന്‍ 11-06-2016 - Saturday
വത്തിക്കാന്‍: വിശുദ്ധ മഗ്ദലന മറിയത്തിന്റെ ഓര്‍മ്മദിവസത്തെ തിരുനാളായി ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു. സാധാരണ ഓര്‍മ്മദിനത്തേക്കാളും പ്രാധാന്യം അര്‍ഹിക്കുന്ന ചടങ്ങുകള്‍ തിരുനാളില്‍ നടത്തപ്പെടുന്നു. മരണത്തെ ജയിച്ച് ഉയര്‍ത്ത ക്രിസ്തുവിനെ കല്ലറയ്ക്കല്‍ വച്ച് ആദ്യം കണ്ട വനിതയാണ് വിശുദ്ധ മഗ്ദലന മറിയം. അവരാണ് യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റുവെന്ന വാര്‍ത്ത ശിഷ്യന്‍മാരോട് അറിയിച്ചത്. കരുണയുടെ വര്‍ഷത്തെ കൂടി കണക്കിലെടുത്താണ് വിശുദ്ധയുടെ ഓര്‍മ്മദിനം തിരുനാളായി ഉയര്‍ത്തുവാന്‍ മാര്‍പാപ്പ തീരുമാനിച്ചിരിക്കുന്നത്.
കരുണയുടെ പുതിയ തലത്തിലേക്ക് ഉയരുവാന്‍ കഴിയുന്ന പ്രഖ്യാപനമാണ് മാര്‍പാപ്പ നടത്തിയിരിക്കുന്നതെന്നു വത്തിക്കാനിലെ ആരാധന സമിതിയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചേ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞു. "ക്രിസ്തുവിനെ സ്‌നേഹിക്കുകയും ക്രിസ്തു സ്‌നേഹിക്കുകയും ചെയ്ത സ്ത്രീയാണ് മഗ്ദലന മറിയം. പാപിനിയായിരുന്ന അവരുടെ പാപം കാരുണ്യവാനായ ക്രിസ്തു ക്ഷമിച്ച് നല്‍കി. കരുണയുടെ ഈ വര്‍ഷത്തില്‍ ക്രിസ്തുവില്‍ നിന്നും ലഭിച്ച വലിയ കരുണയേ സ്വീകരിച്ച മഗ്ദലന മറിയത്തിന്റെ ഓര്‍മ്മയെ പരിശുദ്ധ പിതാവ് തിരുനാളായി ഉയര്‍ത്തുകയാണ്. കരുണയുടെ തന്നെ സന്ദേശമാണ് നമുക്ക് ഇതില്‍ നിന്നും ലഭിക്കുന്നത്". ബിഷപ്പ് പറഞ്ഞു.
വിശുദ്ധനായ തോമസ് അക്വിനാസ് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ട മഗ്ദലന മറിയത്തെ 'അപ്പോസ്‌ത്തോലന്‍മാരുടെ അപ്പോസ്‌ത്തോല' എന്നാണ് വിശേഷണം ചെയ്തത്. 'നഗരത്തിന്റെ വനിത' എന്ന വിശേഷണമാണ് കത്തോലിക്ക സഭയുടെ പാരമ്പര്യത്തില്‍ മഗ്ദലന മറിയത്തെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കരുണയുടെ വര്‍ഷത്തിലെ മാര്‍പാപ്പയുടെ പുതിയ പ്രഖ്യാപനം സന്തോഷത്തോടെ ആണു വിശ്വാസികള്‍ സ്വീകരിക്കുന്നത്.