Faith And Reason
ജപമാലയും ദൈവമാതാവിന്റെ രൂപവുമായി അരുണാചലില്‍ നിന്നുള്ള ഇരുപത്തിനാലുകാരന്‍ എവറസ്റ്റ് കൊടുമുടിയില്‍
പ്രവാചകശബ്ദം 18-06-2021 - Friday
ഇറ്റാനഗര്‍: അരുണാചൽപ്രദേശിൽ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതാരോഹകന്‍ എബ്രഹാം ടാഗിത് സോറാംഗിന്റെ വിശ്വാസസാക്ഷ്യം ചര്‍ച്ചയാകുന്നു. കത്തോലിക്ക വിശ്വാസിയും ഇരുപത്തിനാലുകാരനുമായ എബ്രഹാം ടാഗിത് മെയ് 31ന് ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റില്‍ കാലു കുത്തിയത് ജപമാലയും കന്യകാമറിയത്തിന്റെ രൂപവും താന്‍ അംഗമായിരിക്കുന്ന അരുണാചൽ പ്രദേശ് കാത്തലിക് അസോസിയേഷന്റെ പതാകയുമായിരിന്നു. തന്റെ സ്വപ്നദൗത്യത്തിലും വിശ്വാസ സാക്ഷ്യത്തോട് വിട്ടുവീഴ്ച നല്‍കാത്ത ഈ ക്രിസ്തീയ സാക്ഷ്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ക്രൈ-ദാഡി ജില്ലയിലെ സെപാഹ എന്ന ഗ്രാമത്തിൽ നിന്നുള്ള എബ്രഹാം ഇറ്റാനഗറിലെ സെന്റ് മേരീസ് ഇടവകാംഗവും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമാണ്.
നാലു വര്‍ഷത്തെ അത്യാദ്ധ്വാനത്തിനും പ്രാര്‍ത്ഥനാനിര്‍ഭരമായ തയാറെടുപ്പുകള്‍ക്കും ശേഷം മെയ് 31ന് രാവിലെ എവറസ്റ്റ് കൊടുമുടിയില്‍ എത്തിയ എബ്രഹാം ബാഗില്‍ ഉണ്ടായിരുന്ന പരിശുദ്ധ മാതാവിന്റെ ചെറിയ രൂപം മഞ്ഞിന് മുകളില്‍വെച്ച് ജപമാല ചൊല്ലി കൃതഞ്ജത അര്‍പ്പിക്കുകയായിരിന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറിയിരിക്കുകയാണ്. 2000-ലാണ് ബാപ്റ്റിസ്റ്റ് കുടുംബത്തില്‍ ജനിച്ച സൊറാങ് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയിലൂടെ മാമ്മോദീസ മുങ്ങി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. പ്രീ സ്കൂളായ സെന്റ് ക്ലാരറ്റ് സ്കൂളിലെ പഠനകാലയളവ് വിശ്വാസത്തില്‍ ആഴപ്പെടാന്‍ സഹായകരമായതായി എബ്രഹാം പറയുന്നു. അധികം വൈകാതെ അവന്റെ അമ്മ മരണമടഞ്ഞു.
അമ്മയുടെ അകാല വേര്‍പ്പാട് ഏല്‍പ്പിച്ച മുറിവുകളില്‍ നിന്നു അവന്‍ മോചനം നേടിയത് അമ്മയുടെ സ്ഥാനത്ത് ദൈവമാതാവിനെ പ്രതിഷ്ഠിച്ചു കൊണ്ടായിരിന്നു. ഇതേ തുടര്‍ന്നു ദൈവമാതാവിന്റെ ചിത്രവും ജപമാലയും എബ്രഹാമിന്റെ പോക്കറ്റില്‍ ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളായി മാറി. കൌമാര പ്രായം കഴിഞ്ഞതോടെ എവറസ്റ്റ് കീഴടക്കാനുള്ള ആഗ്രഹം അവനില്‍ വളരുകയായിരിന്നു. എന്നാല്‍ സാമ്പത്തികം. അത് എബ്രഹാമിന്റെ മുന്നില്‍ ഉയര്‍ത്തിയത് വലിയ വെല്ലുവിളിയായിരിന്നു. പണം ഇല്ലാതെ യാത്ര ഉപേക്ഷിക്കുന്ന ഘട്ടംവരെ എത്തിയതോടെ അരുണാചല്‍ പ്രദേശ് കാത്തലിക് അസോസിയേഷന്‍ സഹായവുമായി ഈ യുവാവിന് മുന്നില്‍ പുതിയ വാതായനങ്ങള്‍ തുറന്നിടുകയായിരിന്നു.
ക്രൗഡ് ഫണ്ടിംഗ് നടത്തിയാണ് സംഘടന പണം കണ്ടെത്തിയത്. തന്റെ സ്വപ്ന ദൌത്യം പൂര്‍ത്തീകരിച്ച ശേഷം സംഘടനയുടെ ലോഗോ ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ടുള്ള ചിത്രവും ടാഗിത് സോറാംഗ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിന്നു. എന്തായാലും തന്റെ കൊടുമുടി ദൗത്യത്തില്‍ കത്തോലിക്ക വിശ്വാസം ഒട്ടും പതറാതെ പ്രഘോഷിച്ച ടാഗിത് സോറാംഗിന്റെ വിശ്വാസ സാക്ഷ്യം അനേകര്‍ക്ക് പ്രചോദനമേകുകയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക