Question And Answer - 2024

മരിച്ചുപോയവരുടെ ആത്മാക്കൾ അന്ത്യവിധി വരെ എവിടെയാണ്?

പ്രവാചകശബ്ദം 26-06-2021 - Saturday

മരിച്ചുപോയവരുടെ ആത്മാക്കൾ ഒന്നുകിൽ സ്വർഗത്തിലോ നരകത്തിലോ അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്ത് എന്നതാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. മരിച്ചവരുടെ ആത്മാക്കൾ ഈ ഭൂമിയിൽ അലഞ്ഞ് നടക്കുകയാണ് എന്നു പഠിപ്പിക്കുന്ന ചിലരെക്കുറിച്ച് നിങ്ങൾ ഒരുപക്ഷേ കേട്ടിട്ടുണ്ടാകും. അതേ സമയം ഇങ്ങനെ വാദിക്കുന്നവർ ഒറ്റപ്പെട്ടവരല്ല, അവരുമായി ബന്ധപ്പെട്ട പല പാഷണ്ഡതകളും സഭാ ചരിത്രത്തിൽ ഉണ്ടായിരുന്നു എന്നു മനസിലാക്കാൻ സാധിക്കും. അന്ത്യവിധിക്കുമു മരണസമയത്ത് ദൈവം ആത്മാവിനെ വിധിക്കുന്നോ ഇല്ലയോ എന്നുള്ളതാണ് ചോദ്യം. ദൈവം യഥാർത്ഥത്തിൽ ആത്മാക്കളെ വിധിക്കുന്നുണ്ട് എന്നും ആ വിധി മരണസമയത്തു തന്നെയാണ് സംഭവിക്കുന്നത് എന്നും അതിന്റെ ഏറ്റവും സ്പഷ്ടമായ ഉദാഹരണം. ഈശോ പറഞ്ഞ ധനവാന്റെയും ലാസറിന്റെയും ഉപമയാണ്. ഈ ഉപമയിൽ ഈശോ അതിന്റെ അർത്ഥം വ്യക്തമാക്കുന്നുണ്ട്. (Cf: ഭാഗം 5 Question 3).

സഭാചരിത്രത്തിൽ തനതുവിധി ഇല്ല എന്നു പഠിപ്പിച്ചിരുന്ന അനേകം പാഷണ്ഡതകളുണ്ടായിരുന്നു. ലക്താന്തിയൂസ്, താസിയൂസ് എന്നിവരുടെ പഠനത്തിൽ തനതുവിധിയില്ലെന്നും പൊതുവിധി മാത്രമേ ഉള്ളൂ എന്നും പഠിപ്പിച്ചിരുന്നു. ഹിപ്നോസൈക്കിസം (Hypnopsychism) എന്ന പേരിൽ പ്രചരിച്ച പാഷണ്ഡത തനതുവിധിയെ നിഷേധിക്കുകയും പൊതുവിധിവരെ ആത്മാക്കൾ അബോധ നിദ്രയിലാണെന്ന് പഠിപ്പിക്കുകയും ചെയ്തു. എന്നാൽ ത്നെത്തോസൈക്കിസം (Thnetopsychism) എന്ന പാഷണ്ഡത പ്രചരിപ്പിച്ചവരുടെ അഭിപ്രായത്തിൽ ആത്മാക്കൾ സുബോധമുള്ളവരായി അലഞ്ഞു നടക്കുകയാണെന്നും. പൊതുവിധിയുടെ സമയത്ത് ശരീരം ഉയിർപ്പിക്കപ്പെട്ട് ആത്മാവുമായി ചേരുമ്പോൾ മാത്രമേ വിധിയുണ്ടാകൂ എന്നും മേൽ പറഞ്ഞ രണ്ടു പാഷണ്ഡതകളും വാദിച്ചു. പിൽക്കാലത്ത് നെസ്തോറിയൻ, അനാബാപ്റ്റിസ്റ്റ്, സോചീനിയൻ എന്നീ പാഷണ്ഡതകളും പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്ത് ലൂഥറും കാൽവിനും തനതുവിധി നിരസിച്ചിരുന്നു. തനതുവിധിയില്ല എന്നു വാദിച്ച് പ്രൊട്ടസ്റ്റന്റെ സഭാതലവന്മാർ വ്യത്യസ്തമായ ചിന്താധാര പുലർത്തിയിരുന്നു.

ഉദാഹരണമായി മാർട്ടിൻ ലൂഥറിനെ തിരുത്തിക്കൊണ്ടു കാൽവിൻ പറഞ്ഞു മരിച്ചവർ അബോധാവസ്ഥയിലല്ല പൂർണബോധത്തോടെയാണ് കഴിയുന്നത്. നീതിമാന്മാരുടെ ആത്മാക്കൾ സന്തോഷത്തിൽ സ്വസ്ഥരായിരിക്കുമ്പോൾ നീതിരഹിതരുടെ ആത്മാക്കൾ നിരാശയിൽ അസ്വസ്ഥരായി അലഞ്ഞുനടക്കുന്നു. വാസ്തവത്തിൽ സ്പിരിറ്റ് ഇൻ ജീസസ്, എമ്മാനുവൽ എംപറർ, അപ്പർ റൂം തുടങ്ങിയ പ്രസ്ഥാനങ്ങൾ പറയുന്നത് കാൽവിൻ പറഞ്ഞ അതേ ആശയം തന്നെയല്ലേ? അലഞ്ഞുനടക്കുന്ന അസ്വസ്ഥരായ നരകാത്മാക്കളെക്കുറിച്ചുള്ള വിശദീകരണത്തിന്റെ ഉറവിടം കത്തോലിക്കാ പാരമ്പര്യമല്ല എന്നു വ്യക്തമാണല്ലോ. കാൽവിനിസത്തിൽ നിന്ന് കത്തോലിക്കാസഭയിലേക്ക് ഏറെദൂരമുണ്ട് എന്ന് മനസ്സിലാക്കണം.

ഇത്തരം വികലമായ ചിന്തകൾക്ക് മറ്റുപല ഐതിഹ്യങ്ങളും മതഗ്രന്ഥങ്ങളുമായി സാമ്യമുണ്ട്. BC 400-ൽ എഴുതപ്പെട്ട 'ഏറിന്റെ ഐതിഹ്യം' (Myth of Er) എന്ന ഗ്രന്ഥത്തിൽ പ്ലേറ്റോ പറയുന്നു. മരണശേഷം നീതിരഹിതരുടെ ആത്മാക്കൾ പാതാളത്തിൽ കഴിയുന്നു. തരം കിട്ടുമ്പോഴൊക്കെ ശപിക്കപ്പെട്ട ഈ ആത്മാക്കൾ ഭൂമിയിലെത്തി ജീവിച്ചിരിക്കുന്നവർക്ക് ശല്യം ചെയ്യുന്നു. പ്ലേറ്റോയുടെ കഥയും നവീന വിഭാഗങ്ങളുടെ കാഴ്ചപ്പാടും തമ്മിലുള്ള ബന്ധം വായനക്കാർക്കു വ്യക്തമാണല്ലോ. ഇസ്ലാം മതവിശ്വാസമനുസരിച്ച് മരണമടഞ്ഞവരുടെ - ആത്മാക്കൾ നാകീർ, മുംകാർ എന്നീ മാലാഖമാരാൽ വിചാരണ ചെയ്യ മിടുന്നു. തിന്മ ചെയ്തവർ ശപിക്കപ്പെട്ട അവസ്ഥയിലും നീതിമാന്മാർ അനുഗ്രഹീതാവസ്ഥയിലും അന്ത്യവിധിവരെ കുഴിമാടങ്ങളിൽത്തന്നെ കഴിയുന്നു.

അന്ത്യവിധിവരെ മരിച്ചവരുടെ ആത്മാക്കൾ ഈ ലോകത്ത് ഗതി കിട്ടാതെ അലഞ്ഞുനടക്കുന്നു എന്ന വിശ്വാസത്തിന് ക്രിസ്തീയ വിശ്വാസത്തേക്കാളും അടുത്തബന്ധം മറ്റു മതങ്ങളുടെ വിശ്വാസത്തോടാണ്. മരിച്ചവരുടെ ആത്മാക്കളെക്കുറിച്ച് വിഘടിത വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന കഥകൾക്ക് ഭാരതീയ സങ്കൽപത്തിലെ പ്രേത, യക്ഷിക്കഥകളോട് ഏറെ സാമ്യമുണ്ട്. പാലപ്പൂവും, പൂനിലാവും വെള്ളവസ്ത്രവും കൂട്ടിച്ചേർത്താൽ അവർ പറയുന്ന മോക്ഷം കിട്ടാത്ത ആത്മാക്കളും, നമ്മുടെ നാട്ടിൻപുറങ്ങളിലെ നാലുകെട്ടുകളിലും സർപ്പക്കാവുകളിലും സീരിയൽ - സിനിമാക്കഥകളിലും അലയുന്ന യക്ഷികളും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്. ചുരുക്കത്തിൽ മരിച്ചവരുടെ ആത്മാക്കൾ മരണനിമിഷത്തിൽ തന്നെ സ്വർഗത്തിലോ നരകത്തിലോ ശുദ്ധീകരണസ്ഥലത്തോ ആകുന്നു എന്നാണ് തിരുസഭ നൽകുന്ന ഉത്തരം.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ (സീറോ മലബാര്‍ സഭ) ‍


Related Articles »