News - 2025

ജൂബിലി വർഷത്തിലെ മിഷ്ണറി രക്തസാക്ഷി അനുസ്മരണം മെയ് ഒന്‍പതിലേക്ക് മാറ്റി

പ്രവാചകശബ്ദം 22-03-2025 - Saturday

റോം: മാർച്ച് 24ന് നടക്കേണ്ടിയിരുന്ന രക്തസാക്ഷികളായ മിഷ്ണറിമാരെ അനുസ്മരിച്ചുള്ള അനുസ്മരണ പരിപാടിയും പ്രാർത്ഥനയും മെയ് 9നു എക്യൂമെനിക്കൽ സായാഹ്നപ്രാർത്ഥന പരിപാടിയുടെ ഒപ്പം നടത്തുവാൻ തീരുമാനിച്ചതായി റോം രൂപത. ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, വിവിധ ക്രൈസ്തവ സഭകളിൽ ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള വിശ്വസ്തതയ്ക്കായി ജീവൻ നൽകേണ്ടിവന്നവരെ അനുസ്മരിക്കുവാനാണ് തീയതി മാറ്റിയതെന്ന് റോം വ്യക്തമാക്കി. എക്യൂമെനിക്കൽ പ്രാർത്ഥനാസയാഹ്നം നടക്കുന്ന മെയ് 9ന്, റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽവെച്ചായിരിക്കും ജൂബിലി വർഷത്തിലെ മിഷ്ണറി രക്തസാക്ഷി അനുസ്മരണപ്രാർത്ഥനകൾ നടക്കുക.

1993-ൽ ആരംഭിച്ച മിഷ്ണറി രക്തസാക്ഷി അനുസ്മരണദിനം നാളിതുവരെ മാർച്ച് 24-നാണ് ആചരിക്കപ്പെട്ടിരുന്നത്. ജൂബിലിയുടെ കൂടി പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ചടങ്ങുകൾ എക്യൂമെനിക്കൽ പ്രാധാന്യത്തോടെ മെയ് മാസത്തിൽ നടത്താൻ റോം രൂപത തീരുമാനിച്ചത്. തിന്മയുടെ മുന്നിലും, വിശ്വാസത്താൽ ധൈര്യപ്പെട്ടും, പ്രത്യാശയുടെ വെളിച്ചത്തിലും, ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള വിശ്വസ്തതയുടെ പേരിൽ കൊല്ലപ്പെട്ട കത്തോലിക്കാ, ഓർത്തഡോക്സ്, ഇവാഞ്ചലിക്കല്‍ സഭകളിൽനിന്നുള്ള ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിക്കുന്ന പ്രത്യേക സായാഹ്നപ്രാർത്ഥനകള്‍ അന്ന് നടക്കും.

രക്തത്തിന്റെ എക്യൂമെനിസത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പലവട്ടം പ്രസ്താവനകൾ നടത്തിയതിന്റെയും, രണ്ടായിരത്തിൽ ജൂബിലി വർഷത്തിൽ, കൊളോസിയത്തിൽ വച്ച് നടന്ന വലിയ പ്രാർത്ഥനാസമ്മേളനത്തിൽ ഇതേക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സംസാരിച്ചതിന്റെയും പശ്ചാത്തലത്തിലാണ് 2025-ലെ ജൂബിലി വർഷത്തിലെ രക്തസാക്ഷിഅനുസ്മരണപ്രാർത്ഥനാ ചടങ്ങുകൾ, എക്യൂമെനിക്കൽ പ്രാർത്ഥനകൾ നടക്കുന്നതുമായി ബന്ധപ്പെട്ട് ഒരുമിച്ച് നടത്താൻ റോം രൂപത തീരുമാനിച്ചതെന്നും വത്തിക്കാന്‍ ന്യൂസ് അറിയിച്ചു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »