Seasonal Reflections - 2024
ജോസഫ് ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ
ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 10-07-2021 - Saturday
ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ പി. ജെ അബ്ദുൾ കലാമിൻ്റെ ഒരു നിരീക്ഷണമാണ് ഇന്നത്തെ ജോസഫ് ചിന്ത. ബന്ധങ്ങൾ വൈദ്യുതി പോലെയാണ്, തെറ്റായ കണക്ഷൻ ജിവിതത്തിൽ ഷോക്കുകൾ തന്നുകൊണ്ടേയിരിക്കും ശരിയായ കണക്ഷൻ ജീവിതത്തിൽ വെളിച്ചവും തന്നുകൊണ്ടിരിക്കും. യൗസേപ്പിതാവിൻ്റെ ജീവിതം വെളിച്ചം പടർത്തുന്ന ജീവിതമായിരുന്നു. ഇരുൾ മൂടിയ പാതയോരങ്ങളിലൂടെ അദ്ദേഹം നടന്നു നീങ്ങിയെങ്കിലും പ്രകാശം പരത്താൻ യൗസേപ്പിതാവിനു സാധിച്ചത് സ്വർഗ്ഗത്തിൽ പിതാവുമായും ഭൂമിയിൽ ദൈവപുത്രനുമായും സജീവമായ ബന്ധത്തിൽ നിലകൊണ്ടതിനാലാണ്.
തെറ്റായ ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ ജീവിതത്തിനു മരണകാരമാകുന്ന വിധത്തിൽ ആഘാതങ്ങൾ ഏല്പിച്ചേക്കാം. ജീവിതത്തിനു ദിശാബോധവും അച്ചടക്കവും കൈവരുന്നത് ദൈവത്തോട് എത്ര കൂടുതൽ ബന്ധത്തിലായിരിക്കുവാൻ പരിശ്രമിക്കുന്നുവോ അതിൻ്റെ തോതനുസരിച്ചായിരിക്കും. ദൈവവുമായി കണക്ഷനിലായിരിക്കുന്ന ജീവിതങ്ങളോട് ദൈവം കൂടുതൽ ഉദാരത കാണിക്കുന്നുവെന്ന് യൗസേപ്പിതാവിൻ്റെ ജീവിതം പഠിപ്പിക്കുന്നു. നസ്രത്തിലെ സാധാരണ മരപ്പണിക്കാരൻ ദൈവവുമായുള്ള കണക്ഷനിലൂടെ അനേകരുടെ ജീവിതത്തിൽ പ്രകാശമായതു പോലെ നമുക്കും സ്വർഗ്ഗവുമായി കണക്ഷനിലായിരുന്നുകൊണ്ട് അനേകം ജീവിതങ്ങളിൽ വെളിച്ചം പകരാം.