News - 2025

"യുദ്ധം അരുത്!" അണുബോംബ് വിസ്ഫോടന വാർഷീകത്തിൽ അണുബോംബ് നിരായുധീകരണത്തിനായി മാർപാപ്പ.

അഗസ്റ്റസ് സേവ്യർ 10-08-2015 - Monday

"ശാസ്ത്രത്തിന്റെ അതിനീചമായ ദുരുപയോഗമാണ് ഹിരോഷിമയിലും നാഗാസാക്കിയിലും അരങ്ങേറിയത് " ഓഗസ്റ്റ് 9 - ഞായറാഴ്ച സെന്റ് പീറ്റേർസ് സ്ക്വയറിൽ ഒത്തുകൂടിയ ആയിരക്കണക്കിന് തീർത്ഥാടകരെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു." മനുഷ്യകുലത്തിന്റെ ഉന്മൂലനാശത്തിന് കാരണമായേക്കാവുന്ന അണ്വായുധങ്ങളുടെ നിർമ്മാർജനം മനുഷ്യനന്മയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്." 1945 ഓഗസ്റ്റ് 6, 9 തീയതികളിൽ ലോകത്തെ പ്രകംമ്പനം കൊള്ളിച്ചുകൊണ്ട് ഹിരോഷിമ, നാഗസാക്കി എന്നീ ജപ്പാൻ നഗരങ്ങളിൽ പൊട്ടിയ അണ്വായുധങ്ങളുടെ ഭീകരത ഇപ്പോഴും നമ്മെ ഞടുക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു. ശാസ്ത്രം തെറ്റായ ദിശയിൽ ചരിച്ചാൽ ഉണ്ടാകാവുന്ന സർവ്വനാശത്തിന്റെ പ്രതീകമായി ആ സംഭവം നമ്മുടെ മുന്നിൽ നിൽക്കുന്നു.

സർവ്വനാശം വിതയ്ക്കുന്ന അണ്വായുധങ്ങൾ ഭൂമുഖത്തുനിന്നും ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് 70 വർഷം മുമ്പ് നടന്ന ഈ സ്ഫോടനങ്ങൾ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത്.

ജനതകൾ ശാന്തമായ സഹവർത്തിത്വം ശീലിക്കാനായി സാഹോദര്യത്തിന്റെ ധർമ്മചിന്ത പ്രചരിപ്പിക്കുവാനും പ്രാർത്ഥനയിലൂടെ സമാധാനത്തിനു വേണ്ടി യത്നിക്കുവാനും പിതാവ് ആഹ്വാനം ചെയ്തു.

"സർവ്വദേശങ്ങളിലെയും സർവ്വജനതകളും ഒരേ ശബ്ദത്തിൽ ആവശ്യപ്പെടുക: യുദ്ധവും അക്രമവും വെടിയുക! സംഭാഷണത്തിലൂടെ സമാധാനത്തിൽ എത്തിച്ചേരുക "

1945 ഓഗസ്റ്റ് 6, 9 എന്നീ തീയതികളിലെ അണ്വായുധസ്ഫോടനങ്ങളിൽ ആദ്യത്തെ രണ്ടു നിമിഷങ്ങളിൽ മരിച്ചുവീണത് 210000 മനുഷ്യരാണ്. സൈനീകരല്ല, വെറും സാധാരണക്കാരായ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം!

"സാഹോദര്യത്തിന്റെയും സഹജീവനത്തിന്റേയുമായ ഒരു ക്രൈസ്തവ ധാർമ്മീകതയുടെ അടിസ്ഥാനം സ്വയം വിനാശകമായ അണുബോംബിൽ അധിഷ്ഠിതമാകാൻ നിർവ്വാഹമില്ല."

ദൈവത്തിന്റെ സൃഷ്ടിയെ, ജനപഥങ്ങളെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള അണ്വായുധ യുദ്ധഭീഷിണി ഇല്ലാതാക്കാൻ ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ആഗോള ധാർമ്മികത രൂപപ്പെടുത്തേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള പ്രാർത്ഥനയിലും പ്രവർത്തികളിലും പങ്കാളികളാകാൻ പരിശുദ്ധ പിതാവ് തീർത്ഥാടകരോട് ആഹ്വാനം ചെയ്തു.

എൽ സൽവദോറിലെ കൊടും ക്ഷാമത്തെയും സാമ്പത്തീക പ്രതിസന്ധികളേയും പ്രതിപാദിച്ചുകൊണ്ട് മാർപാപ്പ ഇങ്ങനെ പറഞ്ഞു. "സൽവദോറിലെ സാമ്പത്തിക ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്ന സഹോദരർ പ്രത്യാശയിൽ മുന്നേറട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം വാഴ്ത്തപ്പെട്ട ഒസ്കാർ റൊമേരയുടെ ജന്മനാട്ടിൽ (എൽ സൽവദോർ ) ശാന്തിയും സമാധാനവും പുന:സ്ഥാപിക്കപ്പെടാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു."

കമ്മ്യൂണിസ്റ്റ് ഗറില്ലകളും ഏകാധിപത്യ സർക്കാരും തമ്മിലുള്ള പോരാട്ടത്തിനിടയിൽ 1980 മാർച്ച് 24-ാം തീയതി ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ആർച്ച് ബിഷപ്പ് റൊമേറോയെ 2015 മേയ് 23-ന് മാർപാപ്പ വാഴ്ത്തനപ്പെട്ടവനായി പ്രഖ്യാപിച്ചു.

യോഹന്നാന്റെ സുവിശേഷ ഭാഗത്തെ പരാമർശിച്ചു കൊണ്ട് പിതാവ് പറഞ്ഞു. "കർത്താവ് ഇപ്രകാരം അരുളിചെയ്തു: ജീവനുള്ള അപ്പം ഞാനാകുന്നു. സ്വർഗ്ഗസ്ഥനായ പിതാവ് എന്നെ അയച്ചിരിക്കുന്നു. എന്നിൽ വിശ്വാസിക്കുന്നവൻ നിത്യ ജീവൻ പ്രാപിക്കും."

മനുഷ്യന്റെയും ദൈവപുത്രനായ യേശുവിന്റെയും ബന്ധം ഊർജ്ജസ്വലമായ വിശ്വാസത്തിൽ അടിസ്ഥാനമിട്ടതാണ്. പിതാവും പരിശുദ്ധാത്മാവും ആ ബന്ധത്തിന്റെ ഉറപ്പാകുന്നു.

"യേശുവിനെ കണ്ടുമുട്ടുകയും വിശ്വസിക്കുകയും ചെയ്തതു കൊണ്ടു മാത്രം ആയില്ല, സുവിശേഷം പാരായണം ചെയ്തതു കൊണ്ടു മാത്രം ആയില്ല, നിങ്ങളുടെ ജീവിതത്തിൽ യേശു അത്ഭുതം പ്രവർത്തിച്ചതു കൊണ്ടും ആകുന്നില്ല!" ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: നിങ്ങൾ ഹൃദയത്തിന്റെ വാതിലുകൾ തുറന്നിടുക! വാതിലുകൾ അടച്ചിട്ടാൽ എങ്ങനെ യേശു നിങ്ങളുടെയുള്ളിൽ പ്രവേശിക്കും?

"വിശ്വാസം ദൈവത്തിന്റെ വരദാനമാണ്!"

അദ്ദേഹം തുടർന്നു പറഞ്ഞു: ഹൃദയശുദ്ധി നമ്മെ ആ വരദാനത്തിന് അർഹരാക്കുന്നു. യേശുവിന്റെ വരദനത്തിൽ നാം ദൈവത്തെ കാണും. യേശുവിന്റെ വാക്കുകളിൽ നാം ദൈവത്തിന്റെ ശബ്ദം കേൾക്കും. പിതാവിലൂടെയും പുത്രനിലൂടെയും ജീവദായകമായ ഒരു ബന്ധത്തിലെത്തിച്ചേരാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു.

യേശുവിനെ വിശ്വസിക്കുകയും യേശുവിന്റെ ശരീരം ഉദരത്തിൽ പേറുകയും ചെയ്ത പരിശുദ്ധ ജനനിയെ ഉദ്ദാഹരിച്ചു കൊണ്ട് മാർപാപ്പ പറഞ്ഞു: "വിശ്വാസം എന്ന വരദാനത്തിന്റെ മാർഗ്ഗദർശി പരിശുദ്ധ ജനനി തന്നെയാണ്. "മാതാവിൽ നിന്നും ആ വരദാനം നമുക്ക് സ്വീകരിക്കാം" എന്ന് ആശംസിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പ്രസംഗം ഉപസംഹരിച്ചു.


Related Articles »