Title News

സിറിയയില്‍ നടക്കുന്നത് 'ക്രൈസ്തവ കൂട്ടക്കൊലയോ?' | Pravachaka Sabdam EXPLAINER

പ്രവാചകശബ്ദം 13-03-2025 - Thursday

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിറിയയില്‍ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. നവമാധ്യമങ്ങളില്‍ സിറിയയില്‍ നടക്കുന്ന നരഹത്യയെ കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുമുണ്ട്. ഇതിനിടെ സിറിയയില്‍ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണ്, മാധ്യമങ്ങള്‍ ഇത് അവഗണിക്കുന്നു എന്ന രീതിയില്‍ ചിലര്‍ നവമാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്.

എന്താണ് സിറിയയില്‍ സംഭവിച്ചത്? നിലവില്‍ സിറിയയില്‍ എന്താണ് നടക്കുന്നത്? സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ക്രൈസ്തവരോ? "സിറിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ" കുറിച്ച് ക്രൈസ്തവ സഭാനേതൃത്വം എന്താണ് പറയുന്നത്? സിറിയന്‍ ക്രൈസ്തവരുടെ ഭാവി എന്തായി തീരും? പുതിയ ഭരണകൂടത്തില്‍ സിറിയന്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷയുണ്ടോ? തുടങ്ങീ ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തില്‍.

സിറിയയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം ‍

ഒന്നാം നൂറ്റാണ്ട് മുതല്‍ ക്രൈസ്തവ വിശ്വാസം നിലനില്‍ക്കുന്ന രാജ്യമാണ് സിറിയയെന്നത് നമ്മില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കാര്യമാണ്. 1946ലാണ് ഫ്രാൻസിൽനിന്നു സിറിയ സ്വാതന്ത്യം നേടിയത്. നീണ്ട കാലത്തെ സൈനിക അട്ടിമറികൾക്കും അസ്ഥിരമായ ഭരണമാറ്റങ്ങള്‍ക്കും ശേഷം 1963ൽ അറബ് സോഷ്യലിസ്‌റ്റ് പാർട്ടിയായ ബാത്ത് പാർട്ടി അധികാരത്തിലെത്തി. കഴിഞ്ഞ ഡിസംബറില്‍ ഭരണത്തിൽനിന്നു പുറത്തായ ബഷാർ അൽ അസദിൻ്റെ പിതാവ്, ജനറൽ ഹാഫിസ് അൽ അസദിന്റെ ബാത്ത് പാർട്ടി 1970ൽ നേത്യത്വത്തിലെത്തുകയും സിറിയൻ പ്രസിഡന്റാവുകയും ചെയ്‌തു. രണ്ടായിരത്തിൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് മകൻ ബഷാർ അൽ അസദ് പ്രസിഡന്റായി.

ആഭ്യന്തര യുദ്ധങ്ങളും അക്രമങ്ങളും രാജ്യത്തു പതിവ് സംഭവമായിരിന്നു. 2011ലാണ് പ്രസിഡന്റ് അസദിൻ്റെ ഏകാധിപത്യ ഭരണത്തിനെതിരെ രാജ്യത്ത് ആഭ്യന്തരകലാപം ആരംഭിച്ചത് . അൽക്വയിദയും ഐഎസും മറ്റ് അനേകം ഭീകരസംഘടനകളും അസദിനെതിരെ പടയൊരുക്കിയപ്പോൾ തുർക്കിയും അമേരിക്കയും നാറ്റോയും പിന്തുണ നൽകി. അസദിനു പിന്തുണയുമായി റഷ്യയും ഇറാനും കളത്തിലിറങ്ങിയതോടെ ലോക ചേരികളുടെ അധികാര വടംവലിക്കാണു സിറിയ വേദിയായത്. ഇതുവരെ 6 ലക്ഷം സിറിയക്കാർ കൊല്ലപ്പെട്ടെന്നും 1.3 കോടി പേർ പലായനം ചെയ്തെന്നുമാണ് ഏകദേശ കണക്ക്. ഇതില്‍ പതിനായിരകണക്കിന് ക്രൈസ്തവരുമുണ്ടായിരിന്നു.

യുദ്ധത്തിനു മുമ്പുള്ള സിറിയൻ ജനസംഖ്യയുടെ ഏകദേശം 10% ആയിരുന്നു സിറിയയിലെ ക്രിസ്ത്യാനികൾ. എന്നാൽ ഇപ്പോൾ 2% ൽ താഴെയാണ്. സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ ആഘാതം കാരണം 2011-ൽ 1.5 ദശലക്ഷത്തിൽ നിന്ന് 2022 ൽ വെറും 300,000 ആയി ക്രൈസ്തവര്‍ കുറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊന്നൊടുക്കിയതു ആയിരകണക്കിന് ക്രൈസ്തവരെയാണെന്നതും നഗ്നമായ യാഥാര്‍ത്ഥ്യം.

കഴിഞ്ഞ ഡിസംബറില്‍ സംഭവിച്ചത്..! ‍

സിറിയയിൽ നീണ്ട ആറ് പതിറ്റാണ്ട് നീണ്ട, കൃത്യമായി പറഞ്ഞാല്‍ 61 വർഷത്തെ ബാത്ത് പാർട്ടി ഭരണത്തിനും അസദ് കുടുംബവാഴ്ചയ്ക്കും വിമതസേന അന്ത്യം കുറിച്ചത് വെറും 12 ദിവസത്തെ മുന്നേറ്റത്തിലൂടെയാണ്. കഴിഞ്ഞ നവംബർ 27നു തുടങ്ങി ഡിസംബർ 8ന് അവസാനിച്ച വിമതമുന്നേറ്റത്തിൽ 7 ലക്ഷത്തോളം സൈനികർ കീഴടങ്ങുകയോ രാജ്യം വിട്ട് പലായനം ചെയ്യുകയോ ചെയ്തു. അസദ് ഭരണത്തിലെ കൊടും അഴിമതിയും മാസങ്ങളായി വേതനമില്ലാത്ത അവസ്‌ഥയുമാണ് ചെറുത്തുനിൽപു പോലുമില്ലാതെ കീഴടങ്ങാൻ സൈനികരെ പ്രേരിപ്പിച്ചത്. വിമതർ ഭരണം പിടിച്ചെടുക്കുംമുൻപ് പ്രസിഡന്റും രാജ്യം വിട്ടിരുന്നു. അസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് അല്‍ക്വയ്ദയില്‍ നിന്നും ഉത്ഭവിച്ച ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന ഇസ്ലാമിക ഗ്രൂപ്പാണ് സിറിയയുടെ നിയന്ത്രണം ഏറ്റെടുത്തത്.

സിറിയയിലെ ഭരണമാറ്റത്തില്‍ മെത്രാന്‍മാരുടെ പ്രതികരണം എന്തായിരിന്നു..! ‍

സിറിയയിലെ ഭരണമാറ്റത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു ഇടയില്‍ സമ്മിശ്ര പ്രതികരണമാണ് ആദ്യം ഉണ്ടായത്. അധികാരം പിടിച്ചെടുത്തിരിക്കുന്നത് ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന ഇസ്ലാമിക ഗ്രൂപ്പാണ് എന്നത് ഒരു വശത്ത് ആശങ്കയായപ്പോള്‍ എല്ലാവരെയും ഒരുപോലെ ചേര്‍ത്തുപിടിക്കുമെന്ന വാഗ്ദാനം സിറിയന്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. ഭരണമാറ്റം നടന്നു ഒരു ആഴ്ച പിന്നിടും മുന്‍പ് പ്രതീക്ഷ പകര്‍ന്ന് ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് രംഗത്ത് വന്നു.

കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യ്ക്കു അനുവദിച്ച അഭിമുഖത്തില്‍ 10 ദിവസത്തിനുള്ളില്‍ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്നു താന്‍ കരുതിയില്ലെന്നും സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നും ‍ മെത്രാന്‍ വിവരിച്ചു.

"സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ സിറിയയില്‍ ഉദിച്ചിരിക്കുന്നു. നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഭാഗമാണ്". അന്ത്യോക്യ എന്ന ഇവിടെവെച്ചാണ് (പുരാതന സിറിയ) വിശ്വാസികള്‍ ആദ്യമായി ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെട്ടതെന്നും ക്രൈസ്തവര്‍ ഉത്ഭവിച്ചത് ഈ രാഷ്ട്രത്തില്‍ നിന്നുമാണെന്നും ബിഷപ്പ് അന്ന് അനുസ്മരിച്ചു. എങ്കിലും പുതിയ സാഹചര്യത്തില്‍ ആശങ്കകള്‍ ക്രൈസ്തവര്‍ക്ക് ഇടയില്‍ നിന്നു മാറിയിരിന്നില്ല.

എന്താണ് സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത്? ആരെയാണ് ലക്ഷ്യംവെയ്ക്കുന്നത്? ‍

ഒരിടവേളയ്ക്കുശേഷം ആഭ്യന്തര യുദ്ധത്തിന്റെ അശാന്തിയിലേക്കു കടന്നിരിക്കുകയാണ് സിറിയ. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതോടെ സമാധാനം പുലരുമെന്ന പ്രതീക്ഷ തന്നെ ഇല്ലാതായ സംഭവങ്ങള്‍. അസദ് അനുകൂലികളായ അലവി വിഭാഗക്കാരും, ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടല്‍, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഭരണകൂട വേട്ടയാടലില്‍ കൂട്ടക്കൊലയ്ക്കു ഇരയായതു ആയിരത്തില്‍ അധികം പേരാണ്.

സുന്നി ഭൂരിപക്ഷ ജനസംഖ്യയുള്ള സിറിയയിൽ അസദിന്റെ നട്ടെല്ലായിരുന്നു സിറിയയിലെ ഷിയ വിഭാഗത്തിൻ്റെ ഉപവിഭാഗമായ അലവികൾ (അലവൈറ്റ്). അസദ് കുടുംബം അലവി വിഭാഗക്കാരാണ്. അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനു പിന്നാലെയാണ് എച്ച്ടിഎസ് ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായി അലവികൾ മാറിയത്. അലവികള്‍ക്കാകട്ടെ, തങ്ങളുടെ അസദിനെ പുറത്താക്കിയ രോക്ഷവും. അസദിൻ്റെ ഭരണത്തിൻ കീഴിൽ അലവി വിഭാഗക്കാർക്കു മുൻഗണന ലഭിച്ചിരുന്നു. എന്നാൽ അസദ് വിമതരായ എച്ച്‌ടിഎസ് അധികാരം പിടിച്ചതോടെ അലവികൾ രാജ്യത്തിന്റെ ശത്രുക്കളായി മാറി.

ഇതോടെ സുരക്ഷാസേനയും അസദ് വിശ്വസ്തരായ അലവികളും തമ്മിൽ പോരാട്ടം ആരംഭിച്ചു. പോരാട്ടം ഒടുവിൽ അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറുകയായിരുന്നു. അസദിന്റെ ജന്മനഗരമായ ഖാർദയും സമീപത്തെ അലവി ഗ്രാമങ്ങളും നിലവില്‍ സിറിയൻ ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലല്ലായെന്നതും ശ്രദ്ധേയമായ കാര്യമാണ്. സിറിയയുടെ പടിഞ്ഞാറൻ തീരമേഖലയായ ലതാകിയ, ടാർട്ടസ് പോലുള്ള നഗരങ്ങളിലാണ് അലവി വിഭാഗക്കാർ കൂടുതലായി താമസിക്കുന്നത്. ഇവിടെ നൂറുകണക്കിനു സാധാരണക്കാരായ അലവികൾ കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ക്രൈസ്തവരോ? ‍

എച്ച്ടിഎസ് ഭരണകൂടം ഏറ്റവും അധികം ആക്രമണം നടത്തിയ ലതാകിയ മേഖലയില്‍ അലവികളെ പോലെ തന്നെ നിരവധി ക്രൈസ്തവര്‍ താമസിച്ചിരിന്നു. 1733-മുതല്‍ ഫ്രാന്‍സിസ്കന്‍ സന്യാസികളുടെ സാന്നിദ്ധ്യമുള്ള ലതാകിയയില്‍ തിരുഹൃദയ കത്തോലിക്ക ദേവാലയം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അലവികളെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊല ലതാകിയയില്‍ കണ്ണീരായി മാറിയപ്പോള്‍ എച്ച്‌ടി‌എസ് ആക്രമണങ്ങളില്‍ പ്രദേശവാസികളായ ഏതാനും ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും അലവികളായിരിന്നു. മനുഷ്യജീവന്‍ അമൂല്യമായ സമ്മാനമാണെന്ന് പരിശുദ്ധ കത്തോലിക്ക സഭ പഠിപ്പിക്കുമ്പോള്‍ അവ ഇല്ലായ്മ ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.

അതിനാലാണ് അക്രമസംഭവങ്ങളെ അപലപിച്ചും പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വിവിധ സഭകളിലുള്ള മെത്രാന്മാരും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്ത് വന്നത്. എന്നാല്‍ ചില ക്രിസ്ത്യന്‍ പേജുകളില്‍ നിന്ന് പുറത്തുവരുന്ന പല പോസ്റ്റുകളും സിറിയയില്‍ നടക്കുന്നതു ക്രൈസ്തവ കൂട്ടക്കൊലയാണെന്ന പ്രചരണത്തിന് കൊഴുപ്പ് പകരുകയാണ്.

ലതാകിയയിലെ ഒരു ഇവാഞ്ചലിക്കൽ ദേവാലയത്തിലെ അംഗങ്ങളായ ഒരു പിതാവിനെയും മകനെയും കാറിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്തിയതും ബനിയാസിലെ ഒരു വൈദികന്റെ പിതാവിനെ ഉൾപ്പെടെ കൊലപ്പെടുത്തിയതും ഈ ദിവസങ്ങളിലാണ്. അലവികളെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലയ്ക്കിടെയാണ് ക്രൈസ്തവരും കൊല്ലപ്പെട്ടതെന്നത് യാഥാര്‍ത്ഥ്യമാണ്. അക്രമ ഭീതിയില്‍ ലതാകിയയില്‍ നിന്നു മലമുകളിലേക്കും മറ്റിടങ്ങളിലേക്കും ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ സിറിയന്‍ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുകയാണെന്ന വ്യാജ പ്രചരണത്തില്‍ നിരവധി പേര്‍ വീണുപോയെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.

"സിറിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യ"യെ കുറിച്ച് ക്രൈസ്തവ സഭാനേതൃത്വം എന്താണ് പറയുന്നത്? ‍

സിറിയയില്‍ നടക്കുന്ന നരഹത്യ ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന പ്രചരണങ്ങള്‍ വ്യാപകമായപ്പോള്‍ ഏതാനും സിറിയന്‍ കത്തോലിക്ക മെത്രാന്മാര്‍ വിഷയത്തില്‍ വ്യക്തത നല്‍കിക്കൊണ്ട് രംഗത്തുവന്നിരിന്നു. കത്തോലിക്ക മാധ്യമമായ ലാ ക്രോയിക്സ് ഇന്‍റര്‍നാഷ്ണലിന് അനുവദിച്ച അഭിമുഖത്തില്‍ ഹോംസിലെ സിറിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ് പറഞ്ഞത് ഇങ്ങനെ; "ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് അവര്‍ ക്രൈസ്തവ വിശ്വാസികളായത് കൊണ്ടല്ല, മറിച്ച് അലവൈറ്റ് മേഖലയില്‍ താമസിച്ചിരിന്നവര്‍ ആയതിനാലാണ്. സർക്കാർ പ്രത്യേകമായി ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നുവെന്ന് പറയുന്നത് തെറ്റാണ്". ആക്രമണങ്ങളില്‍ 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സിറിയയില്‍ ആയിരകണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കിയെന്നു പ്രചരിപ്പിച്ചവരുടെ മുനയൊടിക്കുന്നതായിരിന്നു ഈ വാക്കുകള്‍.

ഇത് കൂടാതെ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ് പറഞ്ഞ വാക്കുകള്‍ക്ക് സമാനമായി ആലപ്പോയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ഹന്ന ജലൂഫും പ്രതികരണം നടത്തി. വത്തിക്കാൻ മീഡിയയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ ക്രൈസ്തവരുടെ അവസ്ഥയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ; - "ആദ്യ ആക്രമണത്തിൽ, പുതിയ സർക്കാരിന്റെ ഇരുപതോളം സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വന്നത്. രണ്ടാമത്തെ സർക്കാർ ചെക്ക്‌പോസ്റ്റിൽ നടന്ന ആക്രമണത്തിലും ഇതേ എണ്ണം തന്നെയായിരുന്നു. ഇത് സർക്കാർ സേനയെ കടുത്ത നടപടിയിലേക്ക് നയിച്ചു. അതിന്റെ ഫലമായി നൂറുകണക്കിന് പേർ മരിച്ചു. നിർഭാഗ്യവശാൽ, ചില ക്രിസ്ത്യാനികളും കൊല്ലപ്പെട്ടതായി ഞാൻ മനസ്സിലാക്കുന്നു. അവർ ക്രിസ്ത്യാനികളായതു കൊണ്ടല്ല, കൊല്ലപ്പെട്ടത്, മറിച്ച് ആകസ്മികമായിട്ടായിരിന്നു."

സിറിയന്‍ ക്രൈസ്തവരെ സഹായിക്കുന്ന സംഘടനയ്ക്കു പറയാനുള്ളത്..! ‍

സമീപ ദിവസങ്ങളിൽ ക്രൈസ്തവ കൂട്ടക്കൊലകൾ ഉണ്ടായിട്ടില്ലായെന്നും എന്നാല്‍ അലവൈറ്റുകളുടെ കൂട്ടക്കൊലകൾ അരങ്ങേറിയിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, എന്നിവിടങ്ങളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള പൗരസ്ത്യ ക്രൈസ്തവരെ സഹായിക്കുന്ന എൽ'യുവ്രെ ഡി'ഓറിയന്റ് (l’Œuvre d’Orient ) എന്ന സംഘടനയുടെ പ്രോജക്റ്റ് മാനേജർ വിൻസെന്റ് ഗെലോട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ക്രൈസ്തവ ഇരകളുടെ ഏകദേശ എണ്ണം പത്താണെന്ന് അദ്ദേഹം പറയുന്നു.

സിറിയന്‍ ക്രൈസ്തവരുടെ ഭാവി എന്ത്? പുതിയ ഭരണകൂടത്തില്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷയുണ്ടോ? ‍

നേരത്തെ സൂചിപ്പിച്ചപ്പോലെ മനുഷ്യജീവന്‍ അമൂല്യമായ സമ്മാനമാണ്. അത് ഇല്ലായ്മ ചെയ്യാന്‍ മനുഷ്യന് അധികാരമില്ല. ഇരു കൂട്ടരും തമ്മില്‍ അക്രമം തുടങ്ങി ഒടുവില്‍ ആയിരങ്ങളുടെ ജീവനെടുത്ത സിറിയന്‍ നരഹത്യ 2025-ലെ കറുത്ത അധ്യായമായി മാറുമ്പോള്‍ ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ഭരണകൂടം സൈനീക നടപടികളില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാണ്. അനേകം നിരപരാധികളുടെ ജീവനുകളാണ് നഷ്ട്ടമായത്. അവയ്ക്കു പകരം മറ്റൊന്നിനും കഴിയില്ലായെന്നത് ആഗോള സമൂഹത്തിനു അറിയാവുന്ന കാര്യമാണ്.

നിലവില്‍ സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹയാത്ത് തഹ്‌രീർ അൽ-ഷാം ക്രൈസ്തവര്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നത് ആശാവഹമായ കാര്യമാണ്. എന്നാല്‍ ഭാവിയില്‍ ഇതിന് മനംമാറ്റം സംഭവിക്കുമോയെന്ന ആശങ്കയും സജീവമാണ്. ഇസ്ളാമിക നിലപാടിന് മുന്‍തൂക്കം നല്‍കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത് എന്ന വസ്തുതയാണ് ആശങ്കയ്ക്കു കാരണം.

ജനുവരി ആദ്യവാരത്തില്‍ സിറിയയിലെ ക്രൈസ്തവരുടെ ആശങ്ക പങ്കുവെച്ച് പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി ക്രിസ്ത‌്യൻ സഭാ പ്രതിനിധികൾ കൂടിക്കാഴ്‌ച നടത്തിയിരിന്നു ‍. ക്രൈസ്‌തവർ സിറിയൻ സമൂഹത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും സംരക്ഷണം നല്‍കുമെന്നും അഹമ്മദ് അൽ ഷാര അന്നു ഉറപ്പു നല്‍കിയിട്ടുണ്ട്. ആ ഉറപ്പ് നാളിതുവരെ പാലിക്കപ്പെട്ടിട്ടുമുണ്ട്. അതിന് പ്രകടമായ ഉദാഹരണവുമായാണ് സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളില്‍ ക്രൈസ്തവ വനിതയായ ഹിന്ദ് അബൗദ് കബാവത്തിനെ ‍ ഉള്‍പ്പെടുത്തിയത്. എങ്കിലും സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെന്നത് ചോദ്യ ചിഹ്നമാണ്.

പ്രാര്‍ത്ഥിക്കാം, സത്യം മാത്രം പങ്കുവെയ്ക്കാം ‍

ഈ ലേഖനത്തില്‍ ആവര്‍ത്തിച്ച് സൂചിപ്പിച്ചതുപോലെ - അലവികളാകട്ടെ, ക്രൈസ്തവരാകട്ടെ, ഓരോ ജീവനും അമൂല്യമായ സമ്മാനമാണ്. അത് എടുക്കാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അധികാരമില്ല. സിറിയയില്‍ സമാധാനം പുലരുവാന്‍ നമ്മുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. നരഹത്യ അവസാനിപ്പിക്കപ്പെടുവാനായി ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയര്‍ത്താം.

അതോടൊപ്പം സിറിയയില്‍ നടക്കുന്ന നരഹത്യയെ ക്രൈസ്തവ കൂട്ടക്കൊല എന്ന രീതിയില്‍ കുപ്രചരണം നടത്തുന്നവരുടെ മുന്നില്‍ സത്യത്തിന്റെ സാക്ഷികളാകുവാനും നമ്മുക്ക് പരിശ്രമിക്കാം.

സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »