News
ബനഡിക്ടറ്റ് പതിനാറാമന്‍ വൈദികനായതിന്റെ 65-ാം വാര്‍ഷികം ജൂണ്‍ 28-നു ആഘോഷിക്കും
സ്വന്തം ലേഖകന്‍ 15-06-2016 - Wednesday
വത്തിക്കാന്‍: ബെനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ വൈദികനായതിന്റെ 65-ാം വാര്‍ഷികം ജൂണ്‍-28 ന് ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാന്‍ കൊട്ടാരത്തിലെ ക്ലെമെന്റൈന്‍ ഹാളില്‍ ഫ്രാന്‍സിസ് പാപ്പയും ബെനഡിക്ടറ്റ് പാതിനാറാമനും ഒന്നിച്ചു പങ്കെടുക്കുന്ന പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ബനഡിക്ടറ്റ് പതിനാറാമന്റെ വൈദിക ജീവിതത്തെ കുറിച്ചുള്ള പ്രത്യേക പ്രസിദ്ധീകരണവും അദ്ദേഹത്തിനു കൈമാറും. സ്ഥാനത്യാഗം ചെയ്ത ശേഷം വത്തിക്കാനിലെ തന്നെ ഒരു സന്യാസ ആശ്രമത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ. ബനഡിക്ടറ്റ് പതിനാറാമന്‍ താമസിക്കുന്ന ഈ ആശ്രമത്തില്‍ എത്തി പലവട്ടം അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവര്‍ ഇരുവരും ആശ്രമത്തിനു പുറത്തു പങ്കെടുക്കുന്ന പരിപാടിയെന്ന നിലയില്‍ ജൂണ്‍ -28ലെ ചടങ്ങ് ശ്രദ്ധേയമാകും.
1951 ജൂണ്‍ 29-നാണ് ജോസഫ് അലോഷിയസ് റാറ്റ്‌സിംഗര്‍ എന്ന ബനഡിക്ടറ്റ് പതിനാറാമന്‍ വൈദികനായി അഭിഷിക്തനായത്. പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ ഇതെ ദിവസം തന്നെയായിരുന്നു. മ്യൂണിച്ച് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മിഖായേല്‍ വോണ്‍ ഫൗല്‍ഹാബിറാണ് തന്റെ മുന്നില്‍ വൈദികനായി സ്ഥാനമേല്‍ക്കുവാന്‍ എത്തിയ യുവാവായ ജോസഫ് അലോഷിയസ് റാറ്റ്‌സിംഗറിന്റെ ശിരസില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചത്. അന്നേ ദിവസം തിരുപട്ടം സ്വീകരിച്ച 40 പേരില്‍ ജോസഫ് അലോഷിയസ് റാറ്റ്‌സിംഗറിന്റെ മൂത്ത സഹോദരന്‍ ജോര്‍ജും ഉണ്ടായിരുന്നു. വൈദികനായ ജോര്‍ജ് ഇപ്പോഴും ദീര്‍ഘായുസോടെ ഇരിക്കുന്നു.
2005-ല്‍ പുറത്തു വന്ന ബനഡിക്ടറ്റ് പതിനാറാമന്റെ ആത്മകഥയായ 'മൈല്‍സ്റ്റോണ്‍,മെമ്മറീസ് 1927-1977' എന്ന പുസ്തകത്തില്‍, വൈദികനായ ദിവസത്തെ കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്. "ഒരിക്കലും മറക്കുവാന്‍ കഴിയാത്ത മനോഹരമായ വേനല്‍ക്കാലദിനമായിരുന്നു അന്ന്. ഞങ്ങള്‍ 40 പേര്‍ തിരുപട്ടം ഏല്‍ക്കുവാന്‍ ഉണ്ടായിരുന്നു. വൈദികരാകുവാന്‍ ഞങ്ങളെ വിളിച്ചപ്പോള്‍ ഒരേ സ്വരത്തില്‍ എല്ലാവരും പറഞ്ഞു, 'ഇതാ ഞാന്‍' എന്ന്. ബിഷപ്പ് എന്റെ തലയില്‍ കൈവച്ച പ്രാര്‍ത്ഥിക്കുന്ന സമയം ആ വലിയ അള്‍ത്താരയുടെ ഉള്ളിലൂടെ ഒരു വാനമ്പാടി പക്ഷി പറന്നു നടന്നു. കാതുകള്‍ക്ക് ഇമ്പം പകരുന്ന തരത്തില്‍ ശബ്ദം അത് പുറപ്പെടുവിച്ചിരുന്നു. ഇതു നന്നായിട്ടുണ്ട്. നീ ശരിയായ വഴിയിലാണെന്ന് പക്ഷി തന്റെ പാട്ടിലൂടെ എന്നോട് പറയുന്നതു പോലെ തോന്നി. ബിഷപ്പ് വീണ്ടും തലയില്‍ കൈവച്ച് ഞാന്‍ നിങ്ങളെ സേവകരെ പോലെ അല്ല, സുഹൃത്തുക്കളെ പോലെ വിളിക്കുന്നുവെന്ന വാക്യം പറഞ്ഞപ്പോള്‍ ക്രിസ്തുവിന്റെ കൂട്ടുകാരനാകുവാനും അവനെ കുറിച്ച് പ്രസംഗിക്കുവാനും കിട്ടിയ ഭാഗ്യത്തെ ഓര്‍ത്ത് ഞാന്‍ സന്തോഷിച്ചു".
വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ വിയാനിയുടെ 150-ാം ചരമവാര്‍ഷികം ആചരിക്കപ്പെട്ട 2010 തന്നെ, വൈദികരുടെ വര്‍ഷമായി ആഘോഷിക്കുവാനുള്ള തീരുമാനം ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പ കൈക്കൊണ്ടിരുന്നു. ദൈവജനത്തിന്റെ പരിപാലനത്തില്‍ ഇടവക വൈദികർ വഹിക്കുന്ന പങ്കിനെ കുറിച്ച് ബനഡിക്ടറ്റ് പാപ്പ ഏറെ ബോധവാനായിരുന്നു.