India - 2024
വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി 365 ചിന്തകൾ: ഫാ. ജെയ്സണ്‍ കുന്നേലിന്റെ 'കാവലാള്‍' പ്രകാശനം ചെയ്തു
പ്രവാചകശബ്ദം 21-03-2022 - Monday
വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് എഴുതിയ അനുദിന ലേഖനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് വിശുദ്ധനെ കുറിച്ച് എഴുതിയ ലേഖനങ്ങള്‍ സമന്വയിപ്പിച്ച് പുസ്തകം പുറത്തിറക്കി. 'കാവലാള്‍: തിരുകുടുംബത്തിന്റെയും തിരുസഭയുടെയും' എന്നു പേര് നല്കിയിരിക്കുന്ന പുസ്തകം, വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. വിശുദ്ധ യൗസേപ്പ് പിതാവിനെ കുറിച്ച് അനുദിനം വിചിന്തനങ്ങളുമായി അദ്ദേഹം എഴുതിയ കുറിപ്പുകള്‍ 'പ്രവാചകശബ്ദ'ത്തിലും 'ലൈഫ്ഡേ'യിലും പ്രസിദ്ധീകരിക്കുന്നുണ്ടായിരിന്നു. 365 ദിവസങ്ങൾ എഴുതുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒന്നല്ല ഈ ചിന്തകളെന്നും ആദ്യഘട്ടത്തില്‍ യൗസേപ്പിതാവിനെ കുറിച്ച് ചില ചിന്തകൾ പങ്കു വയ്ക്കുക മാത്രമായിരുന്നു ഉദ്ദേശിച്ചിരിന്നതെന്നും ഫാ. ജെയ്സണ്‍ പറയുന്നു.
യൗസേപ്പിതാവിനെ കുറിച്ച് ചില ചിന്തകൾ പങ്കു വയ്ക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. പിന്നീട് പലരുടെയും പ്രോത്സാഹനങ്ങൾ വഴി ആദ്യം നൂറും പിന്നീട് ഇരുന്നൂറും ചിന്തകൾ രൂപപ്പെടുകയായിരിന്നു. ജോസഫ് ചിന്തകൾ ഒരു വർഷം മുഴുവനും എഴുതാൻ സാധിക്കുമെന്ന പ്രോത്സാഹനവുമായി നിരന്തരം തന്നെ പ്രചോദിപ്പിച്ചത് എംസിബിഎസ് സഭാംഗമായ ഫാ. ജോസപ്പുകുട്ടി കിഴക്കേപ്പുറമാണ്. യൗസേപ്പിതാവിൻ്റെ മനോഹരമായ ചിത്രങ്ങളും വിഷയങ്ങളും ചിലപ്പോഴൊക്കെ അച്ചൻ പങ്കുവച്ചിരുന്നു. പൗരോഹിത്യ സ്വീകരണത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന അച്ചനുള്ള ഒരു സ്നേഹ സമ്മാനവുമാണ് ഈ എളിയ ഗ്രന്ഥമെന്നും ദിവ്യകാരുണ്യ മിഷ്ണറി സമൂഹാംഗമായ ഫാ. ജെയ്സണ്‍ കൂട്ടിച്ചേര്‍ത്തു.
ഏകദേശം 302 ചിന്തകൾ ദിനംപ്രതി എഴുതി കഴിഞ്ഞപ്പോൾ ആരോഗ്യപ്രശ്നങ്ങളാൽ ഒക്ടോബർ മാസം പത്താം തീയതി മുതൽ പത്തു ദിവസത്തേക്ക് അനുദിനം ചിന്തകൾ എഴുതുവാൻ കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള പത്ത് ദിവസങ്ങൾ രണ്ടു ചിന്തകൾ വീതം എഴുതിയാണ് 2021 ഡിസംബർ മാസം എട്ടാം തീയതി 365 വിചിന്തനങ്ങൾ പൂർത്തിയാക്കിയത്. വേദനകളുടെ നടുവിലും ജോസഫ് ചിന്തകൾ പൂർത്തിയാക്കിയതിൽ യൗസേപ്പിതാവിൻ്റെ പ്രത്യേക അനുഗ്രഹം താന്‍ കാണുകയാണെന്നും ഈ യുവ വൈദികന്‍ പറയുന്നു. ഫാ. ജോസഫ് കിഴക്കേപ്പുറത്തിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് കിഴക്കേ മിത്രക്കരി ഹോളി ഫാമിലി ദേവാലയത്തിൽവെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. ജീവന്‍ ബുക്ക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന് തലശ്ശേരി അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് അവതാരിക എഴുതിയിരിക്കുന്നത്.
കോപ്പികൾക്ക് ജീവൻ ബുക്ക്സിൻ്റെ മേൽവിലാസം:
Jeevan Books, Bharananganam, Kottayam Dt 686578
MOB: +91 80789 99125