Seasonal Reflections - 2024
യൗസേപ്പിതാവിനുണ്ടായിരുന്ന മൂന്നു വിശേഷഭാഗ്യങ്ങൾ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 05-08-2021 - Thursday
ദൈവം, ഒരു വ്യക്തിയെ ഒരു പ്രത്യേക നിയോഗത്തിനായി നിയോഗിക്കുമ്പോൾ അതിനു അനുയോജ്യമായ കൃപകളും ദൈവം അവനു നൽകുന്നു. അതുകൊണ്ടുതന്നെ, ദൈവം വിശുദ്ധ യൗസേപ്പു പിതാവിനെ അവതരിച്ച വചനത്തിൻ്റെ വളർത്തുപിതാവാകാൻ തിരഞ്ഞെടുത്തപ്പോൾ , ആ നിയോഗം നിറവേറ്റുന്നതിനാവശ്യമായ എല്ലാ പവിത്രതയും കൃപകളും ദൈവം യൗസേപ്പിതാവിനു നൽകിയെന്ന് നാം തീർച്ചയായും വിശ്വസിക്കണം എന്നു വിശുദ്ധ അൽഫോൻസ് ലിഗോരി പഠിപ്പിക്കുന്നു.
വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ദൈവശാസ്ത്ര ശാഖയായ ജോസഫോളജിയിൽ പ്രഗത്ഭനായ ഫ്രഞ്ചു ദൈവശാസ്ത്രജ്ഞൻ ജീൻ ജേർസൻ്റെ ( Jean Gerson ) അഭിപ്രായത്തിൽ ദൈവം യൗസേപ്പിതാവിനു സവിശേഷമായ രീതിയിൽ മൂന്നു വിശേഷഭാഗ്യങ്ങൾ നൽകി അനുഗ്രഹിച്ചിരുന്നതായി പഠിപ്പിക്കുന്നു. ഒന്നാമതായി ജെറമിയാ പ്രവാചകനെപ്പോലെയും സ്നാപക യോഹന്നാനെപ്പോലെയും യൗസേപ്പിതാവും അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ വിശുദ്ധീകരിക്കപ്പെട്ടു. രണ്ടാമതായി ആ സമയം മുതൽ അവൻ ദൈവ കൃപയാൽ സ്ഥിരീകരിക്കപ്പെട്ടു. അവസാനമായി ജഡികാസക്തിയുടെ ചായ്‌വുകളിൽ നിന്ന് യൗസേപ്പിതാവിനെ എപ്പോഴും ഒഴിവാക്കപ്പെട്ടിരുന്നു. അതിനാൽ വിശുദ്ധ യൗസേപ്പിതാവ് തൻ്റെ യോഗ്യതകളാൽ തന്റെ ഭക്തരെ ജഡികമായ വിശപ്പുകളിൽ നിന്ന് മോചിപ്പിച്ച് അവർക്കു വിശുദ്ധിയുടെ സുഗന്ധം ചൊരിയുന്നു.
യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥയിലൂടെ വിശുദ്ധിയിലേക്കു നമുക്കു വളരാം. ആ നല്ല പിതാവിനെപ്പോലെ "വിശുദ്‌ധിയെ അജയ്യമായ പരിചയാക്കി " (ജ്‌ഞാനം 5 : 19 ).യഥാര്‍ഥമായ വിശുദ്‌ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനായി നമുക്കു വളരാം (c f.എഫേ 4 : 24).