Social Media
എന്താണ് ഇന്നലെ വിഴിഞ്ഞത്ത് സംഭവിച്ചത്?: 'കുരിശടി പൊളിക്കൽ' വിവാദങ്ങളുടെ പിന്നാമ്പുറം
ക്ലിന്‍റണ്‍ ഡാമിയന്‍ 20-08-2021 - Friday
വിഴിഞ്ഞം തുറമുഖ പ്രദേശത്തെ ഒരു കുരിശടി പൊളിക്കുന്നതിൽ ഇത്രയധികം പ്രശ്നവും ആൾക്കൂട്ടവും എന്തിനാണ് എന്ന ചോദ്യമാണ് ഇന്നലെ മുഴുവൻ വാട്ട്സ് ആപ്പിലും ഫെയ്സ്ബുക്കിലും മുഴങ്ങി കണ്ടത്. ചില ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെ ഒരു വിഴിഞ്ഞം ഇടവക അംഗം എന്ന നിലയിൽ സംഭവ സ്ഥലത്ത് എത്തി ചേരാൻ സാധിച്ചില്ല. ഇത് വെറുമൊരു കുരിശടി പൊളിയ്ക്കൽ അല്ല വിഷയം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി ശബ്ദമുയർത്തുകയും തുറമുഖം വരണം എന്ന് പറഞ്ഞ് സെക്രട്ടറിയേറ്റ് പടിക്കൽ ചെന്ന് സമരം ചെയ്തവരാണ് വിഴിഞ്ഞം ഇടവക ജനത.
വികസനത്തിന് സ്വാഗതമരുളിയ ഒരു ജനതയ്ക്ക് നൽകുമെന്ന ഉറപ്പും വാഗ്ദാനവുമായി പുനരധിവാസ ക്ഷേമപദ്ധതികൾ (പതിനെട്ട് പദ്ധതികൾ ) പ്രഖ്യാപിക്കുകയുണ്ടായി.അതിനായി സർക്കാർ തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റി വരെ രൂപീകരിച്ച് പദ്ധതികൾ ഏതുവരെ പൂർത്തീകരിച്ചു അല്ലെങ്കിൽ നടപ്പാക്കി എന്നതിനെപ്പറ്റി പരിശോധിച്ചാൽ "ഒച്ചിനെ " തോൽപ്പിക്കുന്ന വിധം ഇതുവരെ എല്ലാം കടലാസ് പദ്ധതികൾ ആയി തന്നെ തുടരുന്നു എന്നത് വസ്തുത തന്നെയാണ്.
പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തെ ഇന്ന് നടപ്പിലാക്കും നാളെ നടപ്പിലാക്കും എന്ന് പറഞ്ഞ് കണ്ണിൽ പൊടിയിട്ട് പറ്റിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ തുറമുഖ പദ്ധതിയുടെ നടത്തിപ്പിന് കൃത്യമായി ശുഷ്കാന്തിയോടെ ഉദ്യോഗസ്ഥ സംവിധാനങ്ങൾ കുരിശടി പൊളിക്കാൻ കാണിക്കുന്ന ഉത്സാഹ മനോഭാവം ഒരു ഒന്നാന്തരം ഇരട്ടത്താപ്പാണെന്ന് വിഴിഞ്ഞം ഇടവക ജനത മനസ്സിലാക്കി എന്നത് അതേ ഉദ്യോഗസ്ഥ വൃന്ദത്തിനു മുൻപിൽ കാട്ടിക്കൊടുത്തത് തന്നെയായിരുന്നു അവിടെ സംഭവിച്ചത്.
അറുപതോളം വർഷം പഴക്കമുള്ള അന്തോണീസ് പുണ്യവാളന്റെ പേരിൽ പ്രാർത്ഥിച്ചിരുന്ന സ്ഥലം 2000ത്തിലാണ് ഒരു കുരിശടിയായി ഇന്ന് കാണുന്ന നിലയിൽ എത്തപ്പെട്ടത്.വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് ആയിരുന്ന കാലത്ത് മുതൽ വിഴിഞ്ഞം ഇടവകയ്ക്ക് കൈവശ അവകാശം ഉള്ള വസ്തുവകയാണ്. എന്നാൽ കാര്യങ്ങൾ ഇത്രയധികം ഗുരുതരമാകാൻ കാരണം ഇന്നലെ രാവിലെ നടന്ന ചില സംഭവവികാസങ്ങളാണ്.
കുരിശടിയിൽ തകർന്ന കാണിക്കാ വഞ്ചി പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇടവക വികാരി ഫാ.മൈക്കിൾ തോമസിനെയും ഇടവക പാരിഷ് കൗൺസിലിനെയും ചർച്ചയ്ക്ക് എന്ന പേരിൽ വിളിച്ച് അവരുടെ ഭാഗം കേൾക്കുകയോ ചർച്ച നടത്തുകയോ ചെയ്യാതെ ഫോഴ്സിനെ കൊണ്ട് ഇപ്പോൾ കുരിശടി പൊളിച്ചു മാറ്റുമെന്നും ഉത്തരവ് പറഞ്ഞ് കഴിഞ്ഞ് അഞ്ചു മിനിട്ടിനുള്ളിൽ ഇങ്ങോട്ടൊന്നും പറയണ്ട അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി എന്ന മനോഭാവത്തിൽ Get out from my room എന്ന് ആക്രോശിച്ച് അപമാനിച്ച് ഒരു "ഉന്നത അധികാരി " ഇറക്കി വിട്ടു എന്ന് അവരിൽ നിന്ന് തന്നെ അറിയാൻ സാധിച്ചു. പരിണിത ഫലമായി വിഴിഞ്ഞം ഇടവക ഒന്നായി പ്രതിഷേധിക്കാൻ തുടങ്ങി.
വാഗ്ദാനങ്ങളായി നൽകിയ പതിനെട്ടു പദ്ധതികളിൽ ഒന്നു പോലും നടപ്പാക്കാതെ പൊളിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന കുരിശടിയുടെ മേൽ ചർച്ചകളോ പകരം സംവിധാനങ്ങളോ നടപ്പിലാക്കാതെ വേണ്ട ഉറപ്പുകൾ നൽകാതെ സിവിൽ സർവ്വീസ് ഉരുക്ക് മുഷ്ടി പ്രയോഗിച്ച് പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് പൊളിച്ചു നീക്കാം എന്ന പദ്ധതിയെ വിഴിഞ്ഞം ഇടവക എതിർത്തു എന്നതാണ് അവിടെ സംഭവിച്ചത്.
കുരിശടി പൊളിച്ചു നീക്കിയെന്ന് കരുതുക: പതിനെട്ട് പദ്ധതികളിൽ ഒന്നു പോലും നടപ്പിലാക്കാത്ത കൃത്യമായി മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗ് പോലും വിളിക്കാത്ത ഈ പൊളിക്കൽ ശുഷ്കാന്തി മാത്രം കൈ മുതലായ ഈ സർക്കാർ സംവിധാനങ്ങളെ എങ്ങനെ ഞങ്ങൾ വിശ്വസിക്കും..! അത് തന്നെയാണ് അവിടെ ഉണ്ടായിരുന്ന പോലീസ് ഫോഴ്സിന്റെ അഞ്ചിരട്ടി ഇടവക ജനത വന്ന് പ്രതിഷേധിച്ചതും അധികാര ഉരുക്ക് മുഷ്ടികൾക്ക് കാര്യങ്ങൾ നേരിട്ട് ബോധ്യമായതും പിന്നെ വരുന്ന 26 തീയ്യതി മോണിറ്ററിംഗ് കമ്മിറ്റി വിളിച്ച് ചർച്ച നടത്താൻ തയ്യാറായാതും വികസനത്തിനു വേണ്ടി ഇടം വിട്ടു തന്ന ഇതേ രാജ്യത്തെ പൗരൻമാരാണ് വിഴിഞ്ഞം ഇടവക ജനത. അല്ലാതെ ശത്രു രാജ്യത്തെ നേരിടാൻ പോകുന്ന പട്ടാള ഉരുക്ക് മുഷ്ടി പോലെ ചർച്ചകളും മറ്റും ഇല്ലാതെ ഇല്ലാം ഇടിച്ചു നിരത്തി പൊളിച്ചടുക്കി കളയാം എന്ന വിചാരം ഉള്ള ഉരുക്ക് മുഷ്ടികൾക്ക് പ്രതിഷേധങ്ങളും ആൾക്കൂട്ടവും കണ്ടാലേ ചർച്ചകളും തീരുമാനങ്ങളും എടുക്കാനുള്ള സാമാന്യ ബോധത്തിന്റെ കൺതുറക്കപ്പെടു എന്ന വിരോധഭാസത്തിന്റെ നേർചിത്രമാണ് അവിടെ സംഭവിച്ചത്.
ഇന്നലെ രാവിലെ ഇടവക വികാരിയേയും പാരിഷ് കൗൺസിൽ അംഗങ്ങളെയും Get out from my room അടിച്ച് അങ്ങോട്ട് മാത്രം പറഞ്ഞ് ഇങ്ങോട്ട് കേൾക്കാതെ അഞ്ചു മിനിട്ടിനുളളിൽ നടന്ന പ്രഹസന മീറ്റിംഗ് ഒരു വിശദമായ ചർച്ചയിലേയ്ക്ക് എത്തിയിരുന്നുവെങ്കിൽ ഇന്നലെ അത്രത്തോളം വിഷയങ്ങൾ ഉണ്ടാകുകയില്ലായിരുന്നു. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറഞ്ഞതു പോലെ ഉരുക്ക് മുഷ്ടി ഉദ്യോഗസ്ഥ വൃന്ദത്തോട് ഒരു വാക്ക്.
2018 ൽ ഇതേ ആഗസ്റ്റ് മാസം പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് മുപ്പതോളം വള്ളങ്ങളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടത് ഇതേ വിഴിഞ്ഞം ജനതയുടെ ഇടയിൽ നിന്നാണ്.
ഞങ്ങൾ ആരും തന്നെ വികസന വിരോധികളല്ല. അത് അറിയണമെങ്കിൽ തുമ്പയിലെ ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്ര വി.എസ്.എസ്.സി യുടെ ഉള്ളിലെ വിശുദ്ധ മേരി മദ്ലേനയുടെ ദേവാലയം ഒന്ന് സന്ദർശിക്കുക. ഒരു ജനതയെ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആദ്യ തദ്ദേശീയ ഇടയനായ പീറ്റർ ബർണാഡ് പേരെര പള്ളിത്തുറ എന്ന മത്സ്യബന്ധന ഗ്രാമമായ ഇടവകയെ ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്ക് നൽകി. അതുപോലെ വികസനത്തിനായി പുനരധിവാസത്തിന്റെ പേരിൽ വിഴിഞ്ഞം ഇടവകയ്ക്ക് നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും പാലിച്ച് നടപ്പിലാക്കുക.
ഈ ജനതയെ വിശ്വാസത്തിലെടുത്ത് ചർച്ചകൾ നടത്തി മുന്നോട്ട് പോകുക.
പൊളിക്കലിന്റെ ഉരുക്ക് മുഷ്ടിയല്ല. അതാണ് വേണ്ടത്. അല്ലെങ്കിൽ ഇതുപോലുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കപ്പെടും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക