News - 2024

പാവപ്പെട്ടവരിലും വൈകല്യമുള്ളവരിലും അഭയാര്‍ത്ഥികളിലും ദൈവത്തെ കാണുവാന്‍ നാം പഠിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 16-06-2016 - Thursday

വത്തിക്കാന്‍: വൈകല്യം നേരിടുന്നവരിലും അഭയാര്‍ത്ഥികളിലും പാവങ്ങളിലും ദൈവത്തെ കാണുവാന്‍ നാം പഠിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ ആയിരങ്ങളോട് സംസാരിക്കുമ്പോളാണ്, നമ്മില്‍ നിന്നും കാരുണ്യം പ്രതീക്ഷിക്കുന്നവരെ കുറിച്ച് പിതാവ് പറഞ്ഞത്. ലൂക്കായുടെ സുവിശേഷത്തില്‍ അന്ധനായ യാചകനു കാഴ്ച നല്‍കിയ ക്രിസ്തുവിന്റെ കാരുണ്യത്തെ കുറിച്ച് സംസാരിച്ചാണ് പിതാവ് തന്റെ പ്രസംഗം തുടങ്ങിയത്. ആരാലും പരിഗണിക്കപ്പെടാതെ വഴിയരികില്‍ നിന്നിരുന്ന അന്ധനെ ക്രിസ്തു പരിഗണിച്ചു. ഇത്തരത്തില്‍ ആരാലും പരിഗണിക്കപ്പെടാത്തവരെ നാം കാണാതെ പോകരുതെന്നതായിരുന്നു പിതാവിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം.

"അന്ധനായ അവന് മറ്റുള്ളവരുടെ കാരുണ്യം ലഭിച്ചാല്‍ മാത്രമേ ജീവിക്കുവാന്‍ സാധിക്കുകയുള്ളു. അവന്റെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ല. ജെറീക്കോയുടെ തിരക്കുനിറഞ്ഞ വഴിയിലാണ് അവന്‍ ഭിക്ഷയാചിക്കുവാനായി ഇരുന്നത്. തനിക്ക് ചുറ്റും ആളുകള്‍ തിക്കും തിരക്കും വര്‍ത്തമാനങ്ങളുമായി കടന്നു പോകുമ്പോളും അവന്‍ മാത്രം ഏകാന്തതയുടെ ഒരു തുരുത്തില്‍ ആയിരുന്നു. ആരാലും പരിഗണിക്കപ്പെടാത്തവനായി തിരക്കുകള്‍ക്കിടയില്‍ അവന്‍ കഴിഞ്ഞു. ഇന്നും ഇതേ അവസ്ഥയില്‍ ജീവിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. നമ്മുടെ പരിഗണന ആഗ്രഹിക്കുന്നവര്‍". പിതാവ് പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്കും നിങ്ങളുടെ കരങ്ങളെ തുറന്നു സമൃദ്ധമായി നല്‍കണമെന്ന മോശയുടെ വാക്കുകളും പിതാവ് തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. "മോശയുടെ ഈ വാക്കുകള്‍ അറിയാവുന്ന യിസ്രായേല്‍ ജനമാണ് അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ ആവശ്യത്തില്‍ ഇരുന്ന അന്ധനോട് അവര്‍ക്ക് കരുണ്യം തീരെ തോന്നിയില്ല. എന്നാല്‍ ജനം പരിഗണിക്കാതിരുന്ന അന്ധനെ ക്രിസ്തു പരിഗണിച്ചു. ജനക്കൂട്ടം മാറ്റി നിര്‍ത്തിയിരുന്ന ആ അന്ധനെ ക്രിസ്തു ജനക്കൂട്ടത്തിന്റെ മധ്യത്തിലേക്ക് ആനയിച്ചു. അവന് കാഴ്ച നല്‍കി. അവന് കാഴ്ച മാത്രമല്ല ലഭിച്ചത്. അവന്‍ പിന്നീട് കര്‍ത്താവിനെ അനുഗമിച്ചു അവന്റെ ശിഷ്യനായി മാറി". പിതാവ് വ്യാഖ്യാനിച്ചു.

നാം പാപികളായി നടന്നപ്പോളും ദൈവത്തില്‍ നിന്നും മാറി നിന്നപ്പോളും നമ്മേ ദൈവം സ്‌നേഹിച്ചിരുന്നുവെന്നും പാപ്പ പറഞ്ഞു. അനന്തമായ കാരുണ്യമുള്ള ക്രിസ്തുവാണ് അവന്റെ കരത്തില്‍ നമ്മേ വഹിച്ച് രക്ഷയുടെ മാര്‍ഗത്തിലേക്ക് നടത്തിയതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ കാരുണ്യം പ്രതീക്ഷിച്ച് മുന്നില്‍ വരുന്ന അഭയാര്‍ത്ഥികളേയും വൈകല്യങ്ങള്‍ നേരിടുന്നവരേയും പാവങ്ങളേയും കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം ക്രിസ്തുവിന്റേതു പോലെ അലിയാറുണ്ടോ എന്നു പിതാവ് കേള്‍വിക്കാരോട് ചോദിച്ചു. വേര്‍കൃത്യങ്ങളും വിദ്വേഷവും നമ്മളെ മറ്റുള്ളവരില്‍ നിന്നും അകറ്റുന്നുവെന്നും പിതാവ് ചൂണ്ടിക്കാട്ടി. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ക്രിസ്തുവിനെ പോലെ തന്നെ നമ്മുടെ ഹൃദയങ്ങളും കണ്ണുകളും പാവങ്ങള്‍ക്കു നേരെ തുറക്കാന്‍ കഴിയണമെന്നും പിതാവ് താല്‍പര്യപ്പെട്ടു.


Related Articles »