Seasonal Reflections - 2024
സ്ഥിരതയോടെ സഹായിക്കും യൗസേപ്പിതാവിനെ തിരിച്ചറിയുക
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 27-08-2021 - Friday
മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ മോനിക്കാ പുണ്യവതിയുടെ തിരുനാൾ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി കത്തോലിക്കാ സഭ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് കണ്ണീരിൻ്റെ ഈ അമ്മ. അഗസ്തീനോസിൻ്റെ മാനസാന്തരത്തിനായി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. സ്ഥിരത അവളുടെ സ്വഭാവത്തിൻ്റെ സവിശേഷതയായിരുന്നു. താൻ അനുഭവിച്ചറിഞ്ഞ ഈശോയെ ഭർത്താവിനും മക്കൾക്കു പകർന്നു നൽകാൻ എത്തു ത്യാഗം സഹിക്കുവാനും അവൾ സന്നദ്ധയായി ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്നതിലും അവൾ ഒരിക്കലും വൈമന്യസം കാണിച്ചിരുന്നില്ല. മകന്റെ മാനസാന്തരത്തിനായി പലപ്പോഴും വി. കുർബാന മാത്രം ഭക്ഷിച്ചു മോനിക്ക ഉപവാസം അനുഷ്ഠിച്ചിരുന്നു.
വിശുദ്ധ യൗസേപ്പിതാവും സ്ഥിരതയുള്ള മനുഷ്യനായിരുന്നു സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായവും ബോധ്യങ്ങളും മാറ്റുക അദ്ദേഹത്തിൻ്റെ ജീവിതത്തിലില്ലായിരുന്നു. ദൈവപുത്രൻ്റെ വളർത്തു പിതാവാകുക എന്ന ദൗത്യം സങ്കീർണ്ണതകൾ നിറത്തതായിരുന്നെങ്കിലും സ്ഥിരതയോടെ അതിൽ നിലനിന്നു. ആത്മീയ ജീവിതത്തിൻ്റെ മാറ്റുരയ്ക്കുന്ന ഉരകല്ലാണ് സ്ഥിരത .സ്ഥിരതയോടെ കാത്തിരിക്കുന്നവർക്കു മുമ്പിൽ ദൈവാനുഗ്രഹങ്ങളുടെ കലവറ തുറക്കപ്പെടും.
"അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്‌ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!" (സങ്കീ: 119 : 5) എന്നു സങ്കീർത്തകൻ ആശിക്കുന്നുണ്ട്. പൗലോസ് ശ്ലീഹാ " പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍." (റോമാ 12 : 12 ) എന്ന് റോമാ സഭയെ ഉപദേശിക്കുന്നുണ്ട്.
സ്ഥിരതയുള്ള മനുഷ്യരെ ആശ്രയിക്കുവാനും വിശ്വസിക്കുവാനും എളുപ്പമുണ്ട്. വിശ്വാസികൾക്ക് ഏതു സാഹചര്യത്തിലും സമീപിക്കാൻ പറ്റുന്ന വിശ്വസ്തനായ മധ്യസ്ഥനാണ് സ്ഥിരതയുള്ള യൗസേപ്പിതാവ്