News
"പരിശുദ്ധമായ അള്‍ത്താരയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്": പ്രസന്നപുരം സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
പ്രവാചകശബ്ദം 05-09-2021 - Sunday
കൊച്ചി: സീറോ മലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം വായിക്കുന്നതിനെ ചൊല്ലി പ്രസന്നപുരം ദേവാലയ അള്‍ത്താരയില്‍ ഒരുകൂട്ടം ആളുകള്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അള്‍ത്താരയ്ക്കു നേരെ ആക്രോശിച്ചുക്കൊണ്ട് വിദ്വേഷവും വെറുപ്പും ഉളവാക്കുന്ന അസഭ്യവാക്കുകളുമായി ദേവാലയത്തെ മലിനപ്പെടുത്തിയതിനെ രൂക്ഷമായ വിധത്തിലാണ് സോഷ്യല്‍ മീഡിയായില്‍ വിശ്വാസികള്‍ അപലപിക്കുന്നത്. കര്‍ത്താവിന്റെ സജീവ സാന്നിധ്യമുള്ള സക്രാരിയ്ക്കു മുന്‍പില്‍ ആക്രോശത്തോടെ നടത്തിയ ഇവരുടെ പ്രതിഷേധം ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ സഭാനേതൃത്വം ശക്തമായ നടപടിയെടുക്കണമെന്നുമാണ് വിശ്വാസി സമൂഹം ആവശ്യപ്പെടുന്നത്.
ഇതിനിടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അതിക്രമം ആണെന്ന ആരോപണവും ശക്തമാണ്. കൃത്യ സമയത്തെ മാധ്യമ കവറേജ് ഇത് സ്ഥിരീകരിക്കുകയാണെന്ന് വിശ്വാസികള്‍ പറയുന്നു. പരിശുദ്ധമായ അള്‍ത്താരയില്‍ കയറി നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച് നടത്തിയ അക്രമം ചില ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു. കൃത്യ സമയത്ത് ഈ ദേവാലയത്തില്‍ തന്നെ അതിക്രമം നടത്തുന്നത് എങ്ങനെ തത്സമയം സംപ്രേക്ഷണം ചെയ്യുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് വിശ്വാസികള്‍ ചോദ്യമുയര്‍ത്തുന്നത്.
ഇടയലേഖനം വായിക്കാൻ ആരംഭിക്കുന്ന സമയത്തു തന്നെ ഇടവകയ്ക്ക് പുറത്തുള്ള ഏതാനും ചില ആളുകൾ ബലിപീഠത്തിൽ കൈകൊണ്ടു അടിക്കുകയും മൈക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സന്ദർഭം കാത്തുനിന്നിരുന്ന ക്യാമറാമാന്മാർ പള്ളിക്കുള്ളിലൂടെ ഓടി അൾത്താരയുടെ അടുത്തെത്തി ലൈവ് ആരംഭിക്കുകയായിരുന്നു. ഇതടക്കമുള്ള ദൃശ്യങ്ങള്‍ വളരെ വേദനയോടെയാണ് വിശ്വാസി സമൂഹം ഇന്നു ടെലിവിഷനില്‍ കണ്ടത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണ് ദേവാലയ അള്‍ത്താരയില്‍ അരങ്ങേറിയതെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചു.
(വാര്‍ത്ത വീഡിയോയ്ക്കു താഴെ തുടരുന്നു)
അതേസമയം വിഷയത്തില്‍ ശാന്തമായി പ്രതികരിക്കുകയും തിരുസഭ സിനഡിന്റെ ആഹ്വാനം പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്ത പ്രസന്നപുരം ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ എന്ന വൈദികന് സോഷ്യല്‍ മീഡിയായില്‍ അഭിനന്ദിക്കുന്നവരും നിരവധിയാണ്. വൈകാരികമായ അവസ്ഥയിലും ശാന്തത മുറുകെ പിടിയ്ക്കുകയും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംഭവത്തെ കുറിച്ച് പരിഭവമോ കുറ്റാരോപണമോ കൂടാതെ എളിമയോടെ സംസാരിയ്ക്കുകയും ചെയ്ത വൈദികന്‍ യഥാര്‍ത്ഥ ക്രിസ്തു സാക്ഷ്യമാണ് പകര്‍ന്നു നല്കിയതെന്നും വിമത സ്വഭാവമുള്ളവര്‍ ഈ വൈദികനെ മാതൃകയാക്കണമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയായില്‍ കുറിച്ചിട്ടുണ്ട്.
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക