News
ചാംപ്യൻസ് ലീഗ് കിരീടം മരിയന്‍ കത്തീഡ്രലിലെ അള്‍ത്താരയില്‍ സമര്‍പ്പിച്ച് റയൽ മാഡ്രിഡ് ടീം
പ്രവാചകശബ്ദം 03-06-2024 - Monday
മാഡ്രിഡ്: വെംബ്ലിയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലില്‍ 15–ാം യൂറോപ്യൻ കിരീടം ചൂടിയ റയൽ മാഡ്രിഡ് ടീം ദൈവ തിരുസന്നിധിയില്‍ നന്ദി പറയുവാനെത്തി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മാഡ്രിഡിലെ അൽമുദേന കത്തീഡ്രൽ ദേവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരിന്നു. ശനിയാഴ്ച കിരീട നേട്ടം സ്വന്തമാക്കിയ ടീം, ഇന്നലെ ജൂണ്‍ 2 ഞായാറാഴ്ച റയൽ മാഡ്രിഡ് ടീം ഒഫീഷ്യല്‍സിനൊപ്പമാണ് ദേവാലയത്തിലെത്തിയത്.
ടീമിനെ മാഡ്രിഡ് ആർച്ച് ബിഷപ്പ് കർദിനാൾ ജോസ് കോബോ കത്തീഡ്രലിൽ സ്വീകരിച്ചു. ഫൈനലിൽ രണ്ടാം ഗോൾ നേടിയ വിനീസ്യൂസ് ജൂനിയർ, ഗോൾകീപ്പർ കോർട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി, കമവിംഗ, കാർവാജൽ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് ദേവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. ഔർ ലേഡി ഓഫ് അൽമുദേന എന്ന പേരിൽ അറിയപ്പെടുന്ന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കിരീടം സമര്‍പ്പിക്കുകയായിരിന്നു.
ടീമിനെ അഭിനന്ദനം അറിയിക്കുകയാണെന്നും മാഡ്രിഡിൻ്റെ രക്ഷാധികാരിയായ അൽമുദേനയിലെ കന്യകയുടെ മേലങ്കിയില്‍ നിങ്ങള്‍ പ്രതിഷ്ഠിക്കുകയാണെന്നും ഒരു നല്ല അമ്മയെപ്പോലെ, അവൾ തൻ്റെ പൈതങ്ങള്‍ക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കും വേണ്ടി മാധ്യസ്ഥം വഹിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ദൈവമാതാവ് ഈ കിരീടത്തെ സ്വാഗതം ചെയ്യുന്നു. എല്ലാവർക്കും നല്ല പ്രകടനം തുടരാൻ, ദൈവമാതാവിന്റെ മധ്യസ്ഥം സഹായകരമായി മാറട്ടെയെന്നും ബിഷപ്പ് ആശംസിച്ചു. ഇതാദ്യമായല്ല റയൽ മാഡ്രിഡ് ടീം, അൽമുദേനയിലെ മരിയന്‍ സന്നിധിയില്‍ നന്ദിയര്‍പ്പിക്കാനെത്തുന്നത്. 2018ലും 2022ലും ലിവർപൂളിനെ തോൽപ്പിച്ച് ജേതാക്കള്‍ ആയപ്പോഴും ടീം ദേവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟