Social Media - 2024

ഐക്യത്തിന്റെ ആത്മാവ് അനുരഞ്ജനം കൊണ്ടുവരും!

ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് 06-09-2021 - Monday

മാധ്യമങ്ങളിലൂടെ കാണാനിടയായ ചില ദൃശ്യങ്ങൾ ഏറെ വേദനയുണ്ടാക്കി. ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1കോറി 15:10). ദൈവകൃപയാൽ ലഭിച്ച വിശ്വാസമാണ് എന്നെ ഞാനാക്കുന്നത്. എന്റെ വിശ്വാസത്തിന്റെ ആഘോഷമാണ് സഭയോടൊത്തുള്ള എന്റെ ആരാധന.

സഭയിൽ ആരാധനക്രമങ്ങൾ വികാസം പ്രാപിച്ചത് ജീവിക്കുന്ന വിശ്വാസത്തിന്റെ ഏറ്റവും മഹനീയമായ ആഘോഷം എന്ന നിലയിലാണ്. ഞാൻ ജീവിക്കുന്ന സഭയുടെ ആരാധനക്രമപരമായ വ്യക്തിത്വം എന്നത്, ഞാൻ ജീവിക്കുന്ന വിശ്വാസം എനിക്കുമുൻപേ ജീവിച്ച വിശ്വാസീസമൂഹത്തിന്റെ വിശ്വാസബോധ്യങ്ങളുടെയും ആത്മീയാനുഭവത്തിന്റെയും ദൈവശാസ്ത്രവീക്ഷണത്തിന്റെയും സഭാപരമായ അച്ചടക്കത്തിന്റെയും ആകെത്തുകയാണ്. ഞാനും ആ വിശ്വാസ പൈതൃകത്തിന്റെ അവകാശിയും അത് ജീവിക്കുന്ന സഭാസമൂഹത്തിന്റെ ഭാഗവുമാണ്.

ആരാധന എന്റെ ആത്മീയ ജീവിതത്തിന്റെയും വിശ്വാസബോധ്യങ്ങളുടെയും ഏറ്റവും ഉൽകൃഷ്ടമായ ആവിഷ്കാരമാണ്. അത് എന്റെ ആത്മാവിനോടും ജീവിതത്തോടും ഏറ്റവും അടുത്തിരിക്കുന്നു. ഓരോ സഭാസമൂഹവും, അതിന്റെ ആരാധനാപരമായ വ്യക്തിത്വം അതിന്റെ തനിമയിൽ ആഘോഷിക്കാനും ജീവിക്കാനും ശ്രമിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയാണ്. ചരിത്രവഴികളിൽ ആ തനിമ നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ, അതു വീണ്ടെടുക്കാനുള്ള കടമയും അവകാശവും തിരുസഭാ മാതാവ് ഓരോ സഭാസമൂഹത്തിനും നൽകിയിട്ടുണ്ട്. അതിനുള്ള ജാഗ്രതയും പരിശ്രമവും ഓരോ സഭാസമൂഹവും പുലർത്തിപ്പോരുന്നുമുണ്ട്.

ആരാധനാരീതികളിൽ മാറ്റങ്ങൾ ഉൾക്കൊള്ളാൻ എളുപ്പമല്ല. കാരണം, ആരാധന അത്രമേൽ ആത്മാവിന്റെ ആവിഷ്കാരമായി നിലകൊള്ളുന്നു! അത് ഏറെ വൈകാരികവുമാണ്. വിശ്വാസപരിശീലനവും വേണ്ടത്ര ഒരുക്കവും അതിനാവശ്യമാണ്. എന്റെ ആത്മാവിനെ പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി തുറന്നുവച്ചുകൊണ്ട് സഭയോടൊത്തു വളരാൻ എനിക്കു കഴിയണം. ദൈവികമായ മനോഭാവത്തോടെ, സഭയുടെ കൂട്ടായ്മയിൽ, കാര്യങ്ങൾ ഗ്രഹിക്കാനും മാറ്റങ്ങളെ ഉൾക്കൊള്ളാനും അങ്ങനെ ക്രമീകൃതമായ ഒരു സഭാ ജീവിതരീതി ഉൾക്കൊള്ളാനും കഴിയണം.

മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രയാസം അനുഭവപ്പെടുന്നവർ, തുറന്ന മനസ്സോടെ, സഭാത്മകമായി ചിന്തിക്കണം. സ്വാർത്ഥതാല്പര്യങ്ങൾ തടസ്സമാകരുത്. വിശ്വാസത്തെ ഒരു പ്രത്യയശാസ്ത്രമായി കാണുന്നവർ, ആത്മീയമായി അതിനെ ഉൾക്കൊള്ളാൻ പരിശീലിക്കണം. ഭിന്നതയുണ്ടാക്കാനുള്ള ഒരു ശ്രമവും ദൈവികമല്ല. അത്തരം ശ്രമങ്ങൾ സമൂഹത്തിനു തെറ്റായ സാക്ഷ്യവും സന്ദേശവും നൽകും. കൂടാതെ, സഭയെയും ക്രൈസ്തവ സമൂഹത്തെയും ദുർബലപ്പെടുത്തണം എന്ന് ചിന്തിക്കുന്നവർക്ക് അത് അവസരം തുറന്നു കൊടുക്കുകയും ചെയ്യും.

ചരിത്ര ഗതിയിൽ വന്നു ചേർന്നിട്ടുള്ള ഇതര ആരാധനക്രമരീതികളും അനുഷ്ഠാനങ്ങളും മോശമായതുകൊണ്ടല്ല, ഓരോ ആരാധനാരീതിയും അതതിന്റെ തനിമയിൽ ഉൽകൃഷ്ടമായതുകൊണ്ടാണ്, നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാനും, കുറേക്കാലം ശീലിച്ച ഇതര ആരാധനാരീതികൾ വേണ്ടെന്നുവയ്ക്കാനും വ്യക്തിസഭകൾ പരിശ്രമിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനയിലും ഭക്താനുഷ്ഠാനങ്ങളിലും, ഓരോരുത്തർക്കും അഭിരുചിക്കുചേർന്ന പ്രാർത്ഥനയും, സഭ പൊതുവെ അംഗീകരിച്ചിട്ടുള്ള ഭക്താനുഷ്ഠാനങ്ങളും, വ്യക്തി സഭകൾ അനുവദിക്കുന്നുണ്ടല്ലോ.

ഇന്നത്തെ സാഹചര്യങ്ങൾക്ക് ചേർന്ന നവീനമായ ഒരു ആരാധനാരീതിയാണ് ആവശ്യം എന്നു പറയുന്നവരുണ്ടാകാം. അത്തരം മാറ്റങ്ങൾ ക്ഷിപ്രസാദ്ധ്യമല്ലല്ലോ. സഭയോടൊപ്പം ആരാധിക്കാനും വിശ്വാസജീവിതം ആത്മീയമായ ആഘോഷമാക്കി മാറ്റാനും എല്ലാ വിശ്വാസികളും ദൈവിക കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കുകയാണ് ആവശ്യം. പ്രാർത്ഥനയിൽ ഒന്നാകുന്ന വിശ്വാസികളുടെ സമൂഹമാണല്ലോ ഓരോ സഭാസമൂഹവും. സ്നേഹത്തിന്റെ അരൂപിതന്നെയായ പരിശുദ്ധാത്മാവ് സഭയിൽ അനുരഞ്ജനവും ഐക്യവും കൊണ്ടുവരട്ടെ!


Related Articles »