Videos

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ജീവിതം വിഷയമാകുന്ന ചലച്ചിത്രത്തിന്റെ സ്‌ക്രീനിംഗ് വത്തിക്കാനില്‍ നടന്നു.

സ്വന്തം ലേഖകന്‍ 18-06-2016 - Saturday

വത്തിക്കാന്‍: വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ജീവിതം ആസ്പദമാക്കിയുള്ള 'ഇഗ്നാഷിയോ ഡി ലയോള' എന്ന ചലച്ചിത്രത്തിന്റെ സെന്‍സറിംഗ് വത്തിക്കാനില്‍ നടന്നു. വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ ഡയറക്ടര്‍ ഫാദര്‍ ഫെഡറിക്കോ ലംബോര്‍ഡി, ഫാദര്‍ അന്റോണിയോ സ്പഠാരോ എന്നിവര്‍ക്കു മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന്റെ സ്‌ക്രീനിംഗില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉണ്ടായിരുന്നില്ല. വിശുദ്ധ ഇഗ്നേഷ്യസിന്റെ ജീവിതത്തെ പരാമര്‍ശിക്കുന്നതിനാലാണ് ചിത്രം വത്തിക്കാനില്‍ പ്രത്യേകം സ്‌ക്രീനിംഗ് നടത്തിയത്.

വൈദികനായ ഇമ്മാനുവേല്‍ എല്‍. അല്‍ഫോണ്‍സോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണ നിര്‍വഹണം വഹിച്ചിരിക്കുന്നത്. "ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു ചലച്ചിത്രമാണിത്. ലോകം കൂടുതല്‍ ഭൗതീകവാദത്തിലേക്കും മതനിരപേക്ഷതയിലേക്കും തിരിയുന്ന കാലഘട്ടത്തില്‍ ആനുകാലിക പ്രസക്തമായ ചലച്ചിത്രമായി 'ഇഗ്നാഷിയോ ഡി ലയോള' മാറും. ജീവിതത്തിലേക്ക് പുതിയ വെളിച്ചം കൊണ്ടുവരുവാന്‍ ചലച്ചിത്രത്തിനു കഴിയും". ഫാദര്‍ ഇമ്മാനുവേല്‍ എല്‍. അല്‍ഫോണ്‍സോ പറയുന്നു.

ഇംഗ്ലീഷിലുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജെസ്‌കോ ഫിലിം ഫിലിപ്പിയന്‍സാണ്. ജൂലൈ 27-ാം തീയതി മുതല്‍ ഫിലിപ്പിന്‍സില്‍ ചിത്രം പ്രദര്‍ശനം തുടങ്ങും. ഇതിനോട് ചേര്‍ന്നു തന്നെയുള്ള ദിനങ്ങളില്‍ ചിത്രം ലോകമെമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമെന്നും കരുതപ്പെടുന്നു.