Arts - 2024
ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം പ്രമേയമാക്കിയുള്ള പോസ്റ്റല്‍ സ്റ്റാമ്പുകളുമായി ഇറാഖ് ഭരണകൂടം
പ്രവാചകശബ്ദം 23-09-2021 - Thursday
ബാഗ്ദാദ്: ഇക്കഴിഞ്ഞ മാര്‍ച്ച് 3 - 8 വരെ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തോടുള്ള ആദരണാര്‍ത്ഥം ഇറാഖി പോസ്റ്റ് ആന്‍ഡ് സേവിംഗ്സ് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇറാഖിലെ ഉന്നത ഷിയാ നേതാവായ ആയത്തുള്ള അൽ സിസ്താനിയുമായുള്ള പാപ്പയുടെ കൂടിക്കാഴ്ചയും, പാപ്പയുടെ അബ്രഹാമിന്റെ ജന്മദേശമായ ഉര്‍ സന്ദര്‍ശനവും പ്രമേയമാക്കിയുള്ള സ്റ്റാമ്പുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇറാഖി കലാകാരന്‍ സാദ് ഘാസി ഡിസൈന്‍ ചെയ്ത സ്റ്റാമ്പുകള്‍ ആകെ അയ്യായിരം എണ്ണമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറാഖി പോസ്റ്റല്‍ സര്‍വീസ് രാജ്യത്തെ വിവിധ മേഖലകളിലുള്ള വിവിധ സഭകളുടെ ദേവാലയങ്ങള്‍ പ്രമേയമാക്കിയ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു. സാദ് ഘാസി തന്നെയാണ് ഈ സ്റ്റാമ്പുകളും ഡിസൈന്‍ ചെയ്തത്. ഐഎസ് അധിനിവേശത്തിന് ശേഷം ഇറാഖിലെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ കുറവാണ് ഉണ്ടായത്. പലായനം ചെയ്ത പതിനായിരങ്ങള്‍ മടങ്ങിവരുവാന്‍ ഇത്തരം നടപടികള്‍ സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് കല്‍ദായ പാത്രിയാര്‍ക്കീസ് മാര്‍ ലൂയീസ് റാഫേല്‍ സാക്കോയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇസ്ലാമിക തീവ്രവാദി അധിനിവേശ കാലത്ത് വിദേശങ്ങളിലേക്ക് ചേക്കേറിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മടങ്ങിവരുമെന്ന പ്രതീക്ഷ ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി പ്രകടിപ്പിച്ചിരിന്നു. അതേസമയം തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഇറാഖില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.