Social Media - 2024

നർക്കോട്ടിക്കിൽ തട്ടി തകരുന്നതോ കത്തോലിക്ക ഐക്യം?

ഫാ. മാത്യു നെരിയാട്ടില്‍ 25-09-2021 - Saturday

ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു (1 കോറിന്തോസ്‌ 12 : 26). കേരളസമൂഹം പ്രത്യേകിച്ച് ക്രിസ്ത്യാനികൾ ഈ കാലയളവിൽ നേരിടുന്ന ഭീഷണികളെ കുറിച്ച് ജാഗ്രത പുലർത്തുവാൻ അഭിവന്ദ്യനായ ജോസഫ് കല്ലറങ്ങാട്ട് പിതാവ് തന്റെ മക്കൾക്ക് നൽകിയ ഉപദേശങ്ങളെ ചോരക്കൊതിയുള്ള കുറുക്കന്റെ കൗശലത്തോടെ ദുർവ്യാഖ്യാനം ചെയ്ത കേരളത്തിലെ മാധ്യമങ്ങൾ തികച്ചും അനാവശ്യമായ ഒരു ഭിന്നതയാണ് സമൂഹത്തിലുണ്ടാക്കിയത്.

തീവ്രവാദികളായ ഒരു ന്യൂനപക്ഷത്തെക്കുറിച്ച് നടത്തിയ ഒരു പരാമർശം ഓരോ ദിവസം കഴിയുന്നതനുസരിച്ചു പലവിധ തലങ്ങളിലേക്ക് വ്യാപിച്ചു യഥാർത്ഥ വിഷയത്തിൽ നിന്ന് അതിവിദൂരത്തായിരിക്കുന്നു. പാലാ രൂപതയെ പ്രതിക്കൂട്ടിൽ നിർത്തി ആരംഭിച്ച വിവാദം പിന്നീട് ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും തമ്മിലുള്ള ഒരു പ്രശ്നമായി മാറ്റി. ആര് വീണാലും ആര് ചത്താലും നമുക്ക് പത്ത് വോട്ട് കിട്ടണം എന്ന് മാത്രം ചിന്തയുള്ള പല രാഷ്ട്രീയ നേതാക്കളും കളമറിഞ്ഞു കളിച്ചതോടെ മാധ്യമരക്ഷസ്സുകൾക്ക് മൃഷ്ടാന്നാഭോജനം..!!??

അത്യഭിവന്ദ്യ കാതോലിക്ക ബാവ തിരുമേനിയുടെ നേതൃത്വത്തിൽ നടന്ന മതസൗഹാർദ്ധയോഗത്തിനു ശേഷം വിവാദം നേർവിപരീതമായ ഒരു തലത്തിലേക്ക് മാറ്റാൻ കൊണ്ടു പിടിച്ചുള്ള പരിശ്രമം നടക്കുന്നു. ബാവാതിരുമേനിയുടെ നിലപാടുകളെ കല്ലറങ്ങാട്ട് പിതാവിനും സീറോമലബാർ സഭയ്ക്കും എതിരായുള്ളതായി വ്യാഖ്യാനിച്ചു കൊണ്ടു ചില ഫേസ്ബുക് ഗ്രൂപ്പുകൾ തുടങ്ങി വച്ച ദുഷ്പ്രചാരണം കുറെയേറെ പേർ വൈകാരികമായി ഏറ്റെടുക്കുകയും അതിനെ പ്രതിരോധിക്കാൻ ചില വ്യക്തികളും ഗ്രൂപ്പുകളും നടത്തിയ പ്രത്യാക്രമണങ്ങളും സീറോ മലബാർ സഭയിലെയും സീറോ മലങ്കര സഭയിലെയും ക്രിസ്തുവിനെ സ്നേഹിക്കുന്ന ബഹുഭൂരിപക്ഷത്തെയും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.

സത്യത്തിൽ ഇപ്പോൾ വിജയിച്ചിരിക്കുന്നത് ദുഷ്ടന്റെ കൗശലങ്ങളാണ്. പ്രത്യക്ഷത്തിൽ വിരുദ്ധങ്ങളെന്നു തോന്നുമെങ്കിലും കല്ലറങ്ങാട്ട് തിരുമേനിയുടെയും ക്ളീമീസ് പിതാവിന്റെയും നിലപാടുകൾ യോജിച്ചു പോകാത്തതാണോ? ഒരാൾ സഭസ്നേഹിയും മറ്റെയാൾ സഭാ വിരുദ്ധനുമാണോ? ഒരാൾ ജ്ഞാനിയും മറ്റെയാൾ അവിവേകിയും ആണോ?

കേരള സഭ ജാഗ്രതയോടെ അഭിമുഖീകരിക്കേണ്ട ഏറ്റം പ്രധാനമായ ഭീഷണി പുറമെ നിന്നുള്ള ഏതു വിഷയത്തേക്കളുമുപരി ഈ കാലയളവിൽ മറമാറ്റി പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അന്തശ്ചിദ്രമാണ്. അവരുടെ വിചാരങ്ങള്‍ അറിഞ്ഞുകൊണ്ട്‌ അവന്‍ പറഞ്ഞു: അന്തശ്‌ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തശ്‌ഛിദ്രമുള്ള ഭവനവും വീണുപോകും (ലൂക്കാ 11 : 17). നാലു സുവിശേഷങ്ങൾ പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങൾ വായിക്കുന്ന ഒരാൾക്ക് ഒറ്റ വായനയിൽ വിശേഷിച്ച് വ്യത്യാസം ഒന്നും തോന്നുകയില്ല. എന്നാൽ നാലു സുവിശേഷങ്ങളെ നാല് വ്യത്യസ്ത പ്രതീകങ്ങൾ കൊണ്ടാണ് അടയാളപ്പെടുത്തുന്നത്.

യേശുവിന്റെ മാനുഷിക മുഖത്തെ കൂടുതൽ അനാവരണം ചെയ്യുന്ന മത്തായിയുടെ സുവിശേഷത്തിന്റ പ്രതീകം മനുഷ്യനും യേശുവിന്റെ ദൈവപുത്രത്വത്തിന് പ്രാധാന്യം നൽകുന്ന മർക്കോസിന്റെ സുവിശേഷത്തിന്റെ പ്രതീകം സിംഹവും യേശുവിന്റെ പൗരോഹിത്യത്തിനും യാഗാർപ്പണത്തിനും മുഖ്യസ്ഥാനം നൽകുന്ന ലുക്കാ സുവിശേഷത്തിന്റെ പ്രതീകം കാളയും യേശുവിൽ പൂർത്തിയായ രക്ഷകര രഹസ്യത്തിന്റെ ആന്തരികർത്ഥങ്ങൾ ഉന്നതമായ ദൈവശാസ്ത്രചിന്തകളിലൂടെ പ്രതിപാദിക്കുന്ന യോഹന്നാന്റെ സുവിശേഷപ്രതീകം കഴുകനും ആണ്.

അതെന്താണ് അങ്ങനെ?

യേശുക്രിസ്തു എന്ന ഒരേ വ്യക്തിയെ നാല് വ്യത്യസ്ത ക്യാൻവാസിൽ വരച്ചിട്ട നാലു സുവിശേഷങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് രണ്ടായിരം വർഷത്തിനിപ്പുറവും വിരാമം കുറിക്കപ്പെട്ടിട്ടില്ല. ഈ സുവിശേഷങ്ങളിലെ ഒരോ ചെറിയ വാക്കിലും അന്തർലീനമായിരിക്കുന്ന സന്ദേശങ്ങളെ മനനം ചെയ്യുന്ന പ്രബോധനങ്ങൾക്കും പ്രബന്ധങ്ങൾക്കും അറുതി വന്നിട്ടുമില്ല.

അതെന്താണ് അങ്ങനെ?

ക്രിസ്തുവെന്ന മഹാരഹസ്യം നമ്മുടെ പരിമിതമായ മനസ്സിന്റെയും ബുദ്ധിയുടെയും ഗ്രഹണശേഷിക്കും എത്രയോ മുകളിൽ ആണ് എന്നതാണ് അതിന് കാരണം. പതിമൂന്നാം നൂറ്റാണ്ടിൽ തിരുസഭയെ താങ്ങി നിർത്താനും പടുത്തുയർത്താനും ദൈവം നിയോഗിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻ‌സിസും വിശുദ്ധ ഡോമിനിക്കും തങ്ങളുടെ നിയോഗങ്ങൾ സാക്ഷാത്കരിച്ചത് പ്രത്യക്ഷത്തിൽ യാതൊരു ചേർച്ചയുമില്ലാത്ത വഴികളിലൂടെയാണ് എന്നത് കൊണ്ട് അവരെയോ അവരാൽ സ്ഥാപിതമായ സന്യാസ സഭകളെയോ ബദ്ധശത്രുക്കളായി ആരും ഗണിക്കാറില്ലല്ലോ.

വിശ്വാസസംബന്ധിയായ വിഷയങ്ങളിൽ കർക്കശക്കാരനായ പരിശുദ്ധ ബെന്ഡിക്ട് പതിനാറാമാൻ എമിരിറ്റസ് മാർപാപ്പയെയും അസ്സീസിയിലെ ഫ്രാൻസിസിന്റെ കാരുണ്യം നിലപാടുകളിൽ നിറയുന്ന പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെയും വിരുദ്ധ ചേരികളിൽ ആക്കി നിർത്തുവാൻ അനേകർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇവർ രണ്ടു പേരും എപ്പോഴും ക്രിസ്തുവിന്റെ പരിമളം അവരവരുടെ ശുശ്രൂഷാവീഥികളിൽ അനസ്യൂതം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു.

അഭിവന്ദ്യനായ കല്ലറങ്ങാട്ട് പിതാവിനെയും അത്യഭിവന്ദ്യ ക്ളീമിസ് ബാവയെയും എതിർ ചേരികളിലാക്കുവാനും സീറോ മലബാർ സഭയെയും സീറോ മലങ്കര സഭയെയും ഭിന്നിപ്പിക്കുവാനും വെള്ളം കോരുന്നവർ സത്യത്തിൽ ക്രിസ്തുവിനെയോ ക്രിസ്തുവിന്റെ സഭയേയോ മനസ്സിലാക്കാത്തവരും സ്നേഹിക്കാത്തവരും ആണ് എന്നത് നിസ്തർക്കമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിന് രണ്ടു സാഹചര്യങ്ങളിൽ വ്യത്യസ്ത വ്യാഖ്യാനം നൽകി എന്ന തെറ്റ് മാത്രമാണ് രണ്ടു പേരും ചെയ്തത്.

ഫരിസേയരുടെ പ്രബോധനമാകുന്ന പുളിമാവിനെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പഠിപ്പിച്ച യേശുവിന്റെ മുഖമായിരുന്നു ചെന്നായ്ക്കളെ കുറിച്ച് കരുതലുണ്ടായിരിക്കണമെന്ന് ഉപദേശിച്ച കല്ലറങ്ങാട്ട് പിതാവിന്. ഒറ്റുചുംബനം നൽകുന്നവനെന്നു ഉറപ്പുണ്ടായിട്ടും തന്റെ ശരീരത്തിന്റെ ആദ്യവീതം യൂദാസിന് നൽകിയ, പിടിച്ചു കെട്ടാൻ വന്നവന്റെ മുറിക്കപ്പെട്ട ചെവി തിരിച്ചു ചേർത്ത ക്രിസ്തുവിന്റെ മുഖമായിരുന്നു തെറ്റിദ്ധരിക്കപ്പെടാനും ചതിക്കപ്പെടാനും സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും സൗഹാർദ്ദ മേശയൊരുക്കിയ ക്ളീമിസ് ബാവയ്ക്ക്. രണ്ടു പേരിലും പ്രകാശിച്ചത് ക്രിസ്തുവിന്റെ മുഖം.

രണ്ടു പിതാക്കന്മാർക്കും അതു മനസ്സിലായിട്ടുമുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഭിന്നിപ്പിച്ചു പോരടിപ്പിച്ചു ചോര കുടിക്കാൻ കാത്തു നിൽക്കുന്ന മാധ്യമങ്ങൾക്കും ചില പ്രത്യയ ശാസ്ത്രങ്ങൾക്കും അവരവരുടെ വൈകാരിക അതിർവരമ്പുകൾക്കുള്ളിൽ പിതാക്കന്മാരെ തളച്ചിട്ട ചില വിശ്വാസികൾക്കും മാത്രമാണിവിടെ തെറ്റിയത്. സഹോദരങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകുമ്പോൾ അപരന്റെ മുറിവിനെ പരിഹസിക്കാൻ പക്ഷം പിടിക്കുന്നവരും ചെളി വാരിയെറിയുന്നവരും സത്യത്തിൽ ഒരാളുടെയും പക്ഷത്തല്ല. കുടുംബത്തിന്റെ നാശമാണ് അവരുടെ ഉന്നം; സ്വന്തം ഉദരപൂരണവും.

വിശാലമായ അർത്ഥത്തിൽ ദൈവമക്കൾ തന്നെയായ മറ്റൊരു മതത്തിന്റെ നേതാക്കന്മാർ ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ കരം നീട്ടിയ ബാവാതിരുമേനി, സീറോ മലങ്കര സഭയെ പോലെ തന്നെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗം തന്നെയായ സീറോ മലബാർ സഭയ്ക്കും കല്ലറങ്ങാട്ട് പിതാവിനും എതിരാകും എന്ന് ചിന്തിച്ചവർ, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ചിലയിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മനനൊന്ത് സ്വാതന്ത്ര്യാഘോഷങ്ങളിൽ പങ്കുചേരാതെ നവഖലി പോലെയുള്ള കലാപസ്ഥലങ്ങൾ സന്ദർശിച്ച മഹാത്മ ഗാന്ധി ഹിന്ദുവിരുദ്ധനാണെന്ന് ദുഷ്പ്രചാരണം നടത്തിയവരിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല.

കാട്ടക്കട മുരുകൻ പാടിയ പോലെ, മങ്ങിയ കാഴ്ചകൾ മാറാൻ നമുക്ക് പുതുകണ്ണടകൾ വേണം. ദുർപ്രചാരണങ്ങളിൽ മനസ്സുലഞ്ഞ്, സഹോദരീ സഭയുടെ മുറിവുകളെ ഫേസ്ബുക് പേജുകളിൽ വികൃതമാക്കി ആത്മസംതൃപ്തിയടയുന്നവരോട് ഒരു വാക്ക്. നിങ്ങൾ വീണ്ടും മുറിവേൽപ്പിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്.

എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ?ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്റെ ആളാണ്‌ എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്റെ ആളാണ്‌ എന്നും പറഞ്ഞു നടക്കുന്നത്‌? അപ്പോളോസ്‌ ആരാണ്‌? പൗലോസ്‌ ആരാണ്‌ കര്‍ത്താവു നിശ്‌ചയിച്ചുതന്നതനുസരിച്ച്‌ നിങ്ങളെ വിശ്വാസത്തിലേക്കു നയി ച്ചശുശ്രൂഷകര്‍ മാത്രം. (1 കോറിന്തോസ്‌ 3 : 3-5).

നാർക്കോട്ടിക്ക് വിവാദമല്ല ഇതിൽ വലുത് വന്നാലും തകരുന്നതല്ല കത്തോലിക്കാ ഐക്യം. സീറോ മലബാർ - മലങ്കര സഭകൾ തമ്മിലുള്ള ആത്മ ബന്ധം ക്രിസ്തുവിന്റെ തിരുഗാത്രത്തിലെ അവയവങ്ങൾ എന്ന നിലയിലുള്ളതായത് കൊണ്ടും പത്രോസാകുന്ന പാറ മേൽ ക്രിസ്തുവിനാൽ അടിസ്ഥാനമിട്ടതായതു കൊണ്ടും നരക കവാടങ്ങൾക്ക് തകർക്കാനാവത്ത വിധം ബലവത്താണ്. പരസ്പരവും സമൂഹത്തോടും കരുണയും സൗഹൃദവും നിലനിർത്തി ഇന്നും നാളെയും സീറോ മലങ്കര - സീറോ മലബാർ സഭകൾ ഇവിടെ തന്നെയുണ്ടാകും. അതോടൊപ്പം, അനുദിനം ചുറ്റിലും ഉള്ളിലും വർദ്ധിച്ചു വരുന്ന തിന്മയുടെ ശക്തികളെക്കുറിച്ച് ജാഗ്രത പുലർത്തുകയും അവയെ നേരിടാൻ അജഗണത്തെ പ്രാപ്തരാക്കുകയും ചെയ്യും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »