Arts - 2024
ദൈവവചനം കൊണ്ട് ക്രിസ്തു രൂപം പേപ്പറില്‍ തീര്‍ത്ത് അര്‍ത്തുങ്കല്‍ സ്വദേശി
ദീപിക 11-10-2021 - Monday
ആലപ്പുഴ: ബൈബിള്‍ വചനങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പേപ്പറില്‍ നിഖില്‍ ആന്റണി പേപ്പറിലേക്കെഴുതിയപ്പോള്‍ അതിനു ക്രിസ്തുവിന്റെ രൂപം. ഭക്തിയുടെ ഉള്‍പ്രേരണയാല്‍ കൊറോണ കാലത്ത് ഒരുക്കിയ ഈ ചിത്രം ഇപ്പോള്‍ ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇടം നേടിക്കഴിഞ്ഞു. സങ്കീര്‍ത്തനങ്ങളും യോഹന്നാന്റെ ലേഖനങ്ങളുമാണ് പ്രധാനമായും ചേര്‍ത്തിരിക്കുന്നത്. ചേര്‍ത്തല അര്‍ത്തുങ്കല്‍ പനയ്ക്കല്‍ വീട്ടില്‍ ആന്റണിയുടെയും മേരിയുടെയും മകനായ നിഖില്‍ ആന്റണി ചാര്‍ട്ട് പേപ്പറുകള്‍ കൂട്ടിച്ചേര്‍ത്താണ് കാന്‍വാസ് ഒരുക്കിയത്.
110 ചാര്‍ട്ട്‌പേപ്പറുകള്‍ ചേര്‍ത്ത് ഏഴുമീറ്റര്‍ നീളവും അഞ്ചുമീറ്റര്‍ വീതിയുമുള്ള ഒരു വലിയ കാന്‍വാസ് ഉണ്ടാക്കുകയായിരുന്നു. വചനങ്ങള്‍ എഴുതിയ ശേഷം പേപ്പറുകള്‍ യോജിപ്പിച്ചു.ടൈപ്പോഗ്രാഫിക് ഡ്രോയിംഗ് എന്നു വിശേഷിപ്പിക്കുന്ന കലാരീതിയാണിത്. 20 മണിക്കൂറും നാല്പതു മിനിറ്റുമെടുത്താണ് ഇംഗ്ലീഷിലുള്ള എഴുത്ത് പൂര്‍ത്തിയാക്കിയതും. അതിനു ശേഷം പേപ്പറുകള്‍ കൂട്ടിച്ചേര്‍ത്ത് ഒട്ടിച്ചെടുക്കാന്‍ രണ്ടുദിവസം കൂടിയെടുത്തുവെന്നുമാത്രം. കളമശേരിയില്‍ വെല്‍ഡിംഗ് കോഴ്‌സിനു പഠിക്കുന്ന നിഖില്‍ കൊറോണ കാലയളവിലാണ് വരയ്ക്കാന്‍ തുടങ്ങിയതും. ഗൂഗിളില്‍ പരിശോധിക്കുന്നതിനിടെയാണ് ഇങ്ങനെയൊരാശയം മനസിലേക്കു വന്നതും അതിനായി ശ്രമം തുടങ്ങിയതും.
മാതാപിതാക്കളുടെയും സഹോദരന്‍ അഖിലിന്റെയും പിന്തുണ കൂടിയായതോടെ ചിത്രം കാന്‍വാസില്‍ പതിഞ്ഞു. രചനയുടെ എല്ലാ ഭാഗവും വീഡിയോയായി പകര്‍ത്തിയത് സഹോദരനായിരുന്നു. റിക്കാര്‍ഡ് ലഭിക്കുന്നതിനായി സംഘടനകളുമായി ബന്ധപ്പെട്ടപ്പോള്‍ അളവും തെളിവുമൊക്കെ സമര്‍പ്പിക്കുന്നതിനായി ആവശ്യപ്പെട്ടു. ചിത്രവും വീഡിയോയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രവുമടക്കം നല്കിയപ്പോഴാണ് റിക്കാര്‍ഡിലേക്കുള്ള വഴി തുടര്‍ന്നത്. ചിത്രം സമര്‍പ്പിച്ച് ഒന്നരയാഴ്ച പിന്നിട്ടപ്പോഴാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ മെഡലടക്കം വന്നത്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡിന്റെ മെഡലും ഉടന്‍ ലഭിക്കും. ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡിലും ഇടം പിടിക്കണമെന്നാണ് ആഗ്രഹം. കാസ് എന്ന സംഘടനയുടെ പ്രവര്‍ത്തകരും പിന്തുണയുമായെത്തിയിരുന്നു. റിക്കാര്‍ഡ് വിവരം അറിഞ്ഞ് ഇവര്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.