India - 2024

അക്ഷരപ്രാസങ്ങളുടെ അച്ചന്‍ ഇനി 'ഗ്രാന്‍ഡ് മാസ്റ്റര്‍'

ദീപിക 17-10-2021 - Sunday

കണ്ണൂര്‍: വിശിഷ്ട അംഗീകാരവുമായി വൈദികന്റെ ഗ്രന്ഥം. ചെറുപുഷ്പ സന്ന്യാസ സഭാംഗമായ ഫാ. ജോബി കൊച്ചുപുരയില്‍ ആദ്യാക്ഷരപ്രാസം ഉപയോഗിച്ച് രചിച്ച 'സുകൃതസൂക്തങ്ങള്‍' എന്ന ഗ്രന്ഥമാണ് ദി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയമായിരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പേരില്‍ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ഇദ്ദേഹത്തിന് ലഭിച്ചു. മലയാളഭാഷയിലെ നൂതനമായ ഗവേഷണപരതയും വ്യത്യസ്തമായ അവതരണ ശൈലിയും ആദ്യാക്ഷരപ്രാസമുപയോഗിക്കുന്നതിലെ നൈപുണ്യവും ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം.

വര്‍ഷത്തില്‍ 365 ദിവസത്തേക്കുള്ള വിശിഷ്ട ചിന്തകളാണ് സുകൃത സൂക്തങ്ങളിലൂടെ വായനക്കാരിലേക്കെത്തുന്നത്. ഓരോ ചിന്തയിലും ആറു വാചകങ്ങള്‍ ഉള്‍പ്പെടുത്തി ആദ്യാക്ഷര പ്രാസത്തിലാണ് ജോബിയച്ചന്‍ ചിട്ടപ്പെടുത്തുന്നത്. ചെറുപുഴ നവജ്യോതി കോളജിലെ മുന്‍ വൈസ്പ്രിന്‍സിപ്പലായിരുന്ന ഫാ. ജോബി പ്രസംഗങ്ങളിലും സന്ദേശങ്ങളിലും ആശംസാകുറിപ്പുകളിലുമൊക്കെ ആദ്യാക്ഷരപ്രാസ മായാജാലമൊരുക്കി കരഘോഷങ്ങളേറ്റുവാങ്ങിയിരുന്നു. മലയാളവും ഇംഗ്ലീഷും പ്രാസഭംഗിയോടെ ഉപയോഗിക്കുന്ന അച്ചന്റെ ക്ലാസുകള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ റാങ്കോടുകൂടി ബിരുദാനന്തരബിരുദവും പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് എംബിഎയും മനോന്മണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും 2020ലെ ബെസ്റ്റ് പിഎച്ച്ഡി റിസര്‍ച്ച് സ്‌കോളര്‍ അവാര്‍ഡും നേടിയ ഫാ. ജോബി ഇപ്പോള്‍ ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷകനാണ്. തളിപ്പറമ്പ് ബാലേശുഗിരിയിലെ കൊച്ചുപുരയില്‍ ജോസഫ് ഗ്രേസി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റോബി, അനു, എല്‍സ.


Related Articles »