Youth Zone - 2024
അപ്രതീക്ഷിതമായി വേദിയില്‍ പ്രവേശിച്ച ബാലന്റെ ആഗ്രഹം നിറവേറ്റി പാപ്പയുടെ സ്നേഹ സമ്മാനം
പ്രവാചകശബ്ദം 20-10-2021 - Wednesday
വത്തിക്കാന്‍ സിറ്റി: ഒരു അസാധാരണ സംഭവത്തിനാണ് ഇന്ന്‍ ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ പതിവനുസരിച്ചുള്ള ബുധനാഴ്ച പൊതു അഭിസംബോധനക്കിടയില്‍ അപ്രതീക്ഷിതമായി വേദിയില്‍ പ്രവേശിപ്പിച്ച മാനസിക വികാസമില്ലാത്ത ഒരു ആണ്‍കുട്ടി പാപ്പയെ ചുറ്റിപറ്റി നിലയുറപ്പിക്കുകയായിരിന്നു. പോള്‍ ആറാമന്‍ ഹാളില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുന്നതിനു തൊട്ടുമുന്‍പാണ് കുട്ടി വേദിയിലേക്ക് നടന്നു കയറിയത്. പാപ്പ അവനോടു കുശലാന്വേഷണം നടത്തി തന്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചു.
ബാലൻ ഇവിടെ നിലയുറപ്പിച്ചതോടെ മാർപാപ്പയുടെ വലതുവശത്ത് ഇരിന്ന പേപ്പൽ വസതിയുടെ ഉത്തരവാദിത്വമുള്ള മോൺ. ലിയോനാർഡോ സപിയൻസ ആ കുഞ്ഞിന് ഇരിക്കുവാൻ തന്റെ കസേര ഒഴിഞ്ഞു കൊടുത്തു. കസേരയില്‍ ഈ മകന്‍ ഇരിന്നതോടെ വലിയകരഘോഷമാണ് ഹാളില്‍ നിന്നും ഉയര്‍ന്നത്. തുടര്‍ന്നു ഈ ബാലനും കൈയടിച്ചു. തീര്‍ന്നില്ല, പിന്നെ പാപ്പയുടെ തലയിലുള്ള തൊപ്പിയായിരിന്നു ഈ കുഞ്ഞിന്റെ ലക്ഷ്യം. ഇത് ചൂണ്ടിക്കാട്ടി ഇത് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ പുതിയ വെള്ളത്തൊപ്പി പാപ്പ അവനു സമ്മാനിച്ചു. പുഞ്ചിരിയോടെ കൈവീശിയാണ് പാപ്പ അവനെ വേദിയില്‍ നിന്നും യാത്രയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
പിന്നീട് തന്റെ പ്രസംഗത്തിനിടയില്‍ പാപ്പ ആ കുട്ടിയെ കുറിച്ച് പരാമര്‍ശം നടത്തി. പ്രത്യേകതരം പഠനവൈകല്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു അവനെന്നും ആ കുട്ടി സ്വന്തം വീട്ടിലെന്നപോലെ സ്വതസിദ്ധമായ ശൈലിയില്‍ സ്വതന്ത്രമായി പെരുമാറിയപ്പോള്‍ "നിങ്ങൾ കുട്ടികളെപ്പോലെയാകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ല” എന്ന് യേശു പറഞ്ഞത് തന്റെ ഓര്‍മ്മയില്‍ വന്നെന്നും പാപ്പ പറഞ്ഞു. ഈ കുട്ടി നമ്മളെ എല്ലാവരേയും പഠിപ്പിച്ച പാഠത്തിന് നന്ദി പറയുന്നുവെന്ന് പറഞ്ഞ പാപ്പ കർത്താവിനെ സമീപിക്കാൻ ധൈര്യം കാണിക്കണമെന്നും ആഹ്വാനം ചെയ്തു..