News - 2024

ഫ്രഞ്ച് കര്‍ദ്ദിനാള്‍ എവുജിന്‍ തിസരാങ്ങിന് ഇസ്രായേലിന്റെ മരണാനന്തര ബഹുമതി

25-10-2021 - Monday

ജെറുസലേം: കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍, പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട്, പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ് മുതലായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഫ്രഞ്ച് കര്‍ദ്ദിനാള്‍ എവുജിന്‍ തിസരാങ്ങിന് ജറുസലെമിലെ 'യാദ് വഷേം' ഹോളോകോസ്റ്റ് മ്യൂസിയം 'ജനതകളില്‍നിന്നുള്ള നീതിമാന്‍' എന്ന ബഹുമതി നല്‍കി. കര്‍ദ്ദിനാള്‍ പദവിയിലിരുന്നുകൊണ്ടു നിരവധി യഹൂദരെ രക്ഷിക്കാനും നാടുവിടുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യാനും അദ്ദേഹം തയാറായതായി യാദ് വഷേം അധികൃതര്‍ വ്യക്തമാക്കി.

നിരവധി യഹൂദരെ റോമിലെ വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം രഹസ്യമായി പാര്‍പ്പിക്കുകയുണ്ടായി. ഇറ്റാലിയന്‍ ഭരണകൂടത്തിന്റെ യഹൂദവിരുദ്ധ നയങ്ങളെ കര്ദി്നാള്‍ പരസ്യമായി ചോദ്യംചെയ്യാനും തയാറായി. ബഹുഭാഷാ വിദഗ്ധനും ചരിത്രപണ്ഡിതനുമായ കര്‍ദ്ദിനാള്‍ തിസരാങ്ങ് 1953ല്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 'ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വളരെ പ്രസിദ്ധമാണ്.

1957 മുതല്‍ 1971 വരെ വത്തിക്കാന്‍ ലൈബ്രേറിയനും ആര്‍ക്കിവിസ്റ്റുമായിരുന്ന അദ്ദേഹമാണ് വത്തിക്കാന്‍ ലൈബ്രറിയുടെ ആധുനികീകരണത്തിനു നേതൃത്വം വഹിച്ചത്. 1961ല്‍ ഫ്രഞ്ച് അക്കാദമിയിലെ അംഗത്വം ലഭിച്ച അദ്ദേഹത്തിന് നിരവധി സര്‍വ്വകലാശാലകളില്‍ നിന്നു ഡോക്ടര്‍ ബിരുദങ്ങളും ലഭിച്ചിട്ടുണ്ട്. 1936ല്‍ കര്‍ദ്ദിനാളായി. 1884ല്‍ ഫ്രാന്സില്‍ ജനിച്ച അദ്ദേഹം റോമിനടുത്ത് അല്ബാലനോയില്‍വച്ച്‌ 1972ല്‍ ദിവംഗതനായി.


Related Articles »