News

പൈശാചിക പ്രദര്‍ശനം നടക്കാനിരിക്കെ നഗരത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് ഫ്രഞ്ച് മെത്രാന്‍

പ്രവാചകശബ്ദം 23-10-2024 - Wednesday

ടുലൂസ്: പൈശാചിക പ്രദര്‍ശനം നഗരത്തില്‍ അവതരിപ്പിക്കുവാനിരിക്കെ തെക്കുപടിഞ്ഞാറൻ ഫ്രഞ്ച് നഗരത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് സഭാനേതൃത്വം. ടുലൂസ് അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഗൈ ഡി കെരിമെലാണ് ഫ്രാന്‍സിലെ പ്രധാന നഗരമായ ടുലൂസിനെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചത്. "ലാ പോർട്ട് ഡെസ് ടെനെബ്രെസ്" അഥവാ "ഇരുട്ടിൻ്റെ കവാടം" എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നഗരത്തെയും അതിരൂപതയെയും വിശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ച്ച് ബിഷപ്പ് സമര്‍പ്പണം നടത്തിയത്.

ഭീമാകാരമായ പെർഫോമിംഗ് മെഷീനുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഫ്രഞ്ച് കമ്പനിയായ ലാ മെഷീൻ്റെ ഡയറക്ടര്‍ ഫ്രാൻകോയിസ് ഡെലറോസിയറിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ മെഷീനുകൾ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഇത്തവണ പ്രദര്‍ശനത്തിനായി ഒരുക്കിയ രൂപമാണ് കനത്ത പ്രതിഷേധത്തിന് കാരണമായത്. പൈശാചിക രൂപമായ ലിലിത്താണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇവയില്‍ സാത്താനിക കുരിശ്, ലൂസിഫറിൻ്റെ ചിഹ്നം, മൃഗത്തിന്റെ അടയാളം എന്നിവയ്‌ക്കൊപ്പം നരകത്തിൻ്റെ വാതിലുകൾ തുറക്കുന്ന രീതിയിലുള്ള മെഷീന്‍ പ്രകടനം എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉണ്ടാകുക. കഴിഞ്ഞ ഏതാനും മാസങ്ങളായി, പ്രകടനത്തിനുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയയിലും നഗരത്തിലുടനീളവും പ്രത്യക്ഷപ്പെട്ടിരിന്നു.

ഈ പശ്ചാത്തലത്തിലാണ് നഗരത്തെ തിരുഹൃദയത്തിന് സമര്‍പ്പിക്കുവാന്‍ ടുലൂസ് ആര്‍ച്ച് ബിഷപ്പ് ഗൈ ഡി തീരുമാനമെടുത്തത്. യേശുവിൻ്റെ ഹൃദയം ടുലൂസ് നഗരത്തിലും അതിരൂപതയിലും വാഴണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം നമ്മുടെ ഹൃദയത്തിലെ തിന്മയുടെയും പാപത്തിൻ്റെയും വേരുകൾക്കെതിരെ പോരാടണമെന്ന് സമര്‍പ്പണ വേളയില്‍ നടത്തിയ സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അതിനായി നിസ്സംഗതയിൽ നിന്ന് ഓടിപ്പോകണമെന്നും അക്രമം ഉപേക്ഷിക്കണമെന്നും ദൈവകൃപയോടെ വിനയം സ്വന്തമാക്കണമെന്നും നീതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും സഹനങ്ങൾ സ്വീകരിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഈ മാസം 25-27 തീയതികളില്‍ നടക്കുന്ന പ്രദര്‍ശനത്തിനെതിരെ പരിഹാര പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ടുലൂസിലെ വിശ്വാസികള്‍.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »