Arts
പാത്രിയാര്‍ക്കീസ് കിറിലിന് ഉന്നത ബഹുമതി സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍
പ്രവാചകശബ്ദം 23-11-2021 - Tuesday
മോസ്കോ: റഷ്യന്‍ ഫെഡറേഷന് നല്‍കിയ സേവനങ്ങളും സംസ്കാരത്തിനും, പാരമ്പര്യത്തിനും നല്‍കിയ സംഭാവനകളും മാനിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലിന് റഷ്യന്‍ ഫെഡറേഷന്റെ ഉന്നത പുരസ്കാരം. മോസ്കോയിലെ ക്രെംലിനിലെ സെന്റ് കാതറിന്‍സ് ഹാളില്‍വെച്ച് നടന്ന ചടങ്ങിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണ് പ്രഥമ അപ്പസ്തോലനായ വിശുദ്ധ അന്ത്രയോസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ് കോള്‍ഡ്’ പുരസ്കാരം പാത്രിയാര്‍ക്കീസ് കിറിലിന് സമ്മാനിച്ചത്. പുരസ്കാരം സമ്മാനിച്ചതിന് പുറമേ, നവംബര്‍ 20ന് എഴുപത്തിയഞ്ചാമത്തെ ജന്മദിനം ആഘോഷിച്ച പാത്രിയാര്‍ക്കീസിന് പുടിന്‍ ജന്മദിന ആശംസകളും നേര്‍ന്നു.
പാത്രിയാര്‍ക്കീസ് കിറില്‍ മാതൃരാഷ്ട്രത്തിന് വേണ്ടി ചെയ്ത സേവനങ്ങളേക്കുറിച്ചും, അദ്ദേഹത്തിന്റെ യോഗ്യതകളേക്കുറിച്ചും പറയുന്നതും, റഷ്യയുടെ ഉന്നത പുരസ്കാരം പാത്രിയാര്‍ക്കീസിന് സമ്മാനിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം വലിയ ആദരവാണെന്നായിരിന്നു പുടിന്റെ പരാമര്‍ശം. ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യത്തിന്റെ സംരക്ഷണത്തിനും, വികാസത്തിനും നല്‍കിയ സംഭാവനകളേയും, ജനങ്ങള്‍ക്കിടയിലെ സമാധാനവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തിയതും മാനിച്ചാണ് മോസ്കോയുടേയും, മുഴുവന്‍ റഷ്യയുടേയും പാത്രിയാര്‍ക്കീസായ കിറിലിന് ‘ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ്’ പുരസ്കാരം സമ്മാനിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു.
പാത്രിയാര്‍ക്കീസ് കിറിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കീഴില്‍ റഷ്യന്‍ സഭ രാജ്യത്തെ സാമൂഹ്യ ജീവിതത്തില്‍ സജീവമായി പങ്കുചേര്‍ന്നുകൊണ്ട് നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെ പരിഹരിക്കുകയും, മുഴുവന്‍ രാജ്യത്തിനും ഗുണകരമാകുന്ന രീതിയില്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ പകര്‍ച്ചവ്യാധിയുടെ സാഹചര്യം കണക്കിലെടുത്ത് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചതെങ്കിലും ചടങ്ങിന്റെ ലാളിത്യം അതിന്റെ പ്രാധാന്യത്തെ ഒട്ടും തന്നെ കുറക്കുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. നല്ല വാക്കുകള്‍ക്കും റഷ്യയുടെ ഉന്നത പുരസ്കാരം സമ്മാനിച്ചതിനും നിറഞ്ഞ ഹൃദയത്തോടെ താന്‍ നന്ദി പറയുന്നുവെന്നായിരിന്നു പാത്രിയാര്‍ക്കീസ് കിറിലിന്റെ മറുപടി പ്രസംഗം.
ശാസ്ത്രം, സംസ്കാരം, കല, വ്യവസായിക മേഖലകളിലൂടെ റഷ്യയുടെ ഉന്നതിക്കും, മഹത്വത്തിനുമായി അതിവിശിഷ്ട സേവനങ്ങള്‍ ചെയ്യുന്ന പ്രമുഖ വ്യക്തികള്‍ക്ക് നല്‍കിവരുന്ന ഉന്നത പുരസ്കാരമാണ് ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ് കോള്‍ഡ്’ അവാര്‍ഡ്’. റഷ്യയുടെ മാധ്യസ്ഥ വിശുദ്ധന്‍ കൂടിയായ വിശുദ്ധ അന്ത്രയോസിനോടുള്ള ആദരണാര്‍ത്ഥം 1698-ല്‍ ത്സാര്‍ ചക്രവര്‍ത്തിയായ മഹാനായ പീറ്ററാണ് ഈ അവാര്‍ഡ് സ്ഥാപിച്ചത്. ‘യു.എസ്.എസ്.ആര്‍’ന്റെ കാലത്ത് റദ്ദാക്കിയ ഈ അവാര്‍ഡ് 1998-ല്‍ പുനസ്ഥാപിക്കുകയായിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക