News

തീവ്ര ഹിന്ദുത്വ ഭീഷണി: കര്‍ണാടകയിലെ ബെല്‍ഗാമില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പോലീസിന്റെ ഉറപ്പ്

പ്രവാചകശബ്ദം 25-11-2021 - Thursday

ബെൽഗാം: കർണാടകത്തിലെ ബെൽഗാം ജില്ലയില്‍ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പോലീസ് മേധാവിയുടെ ഉറപ്പ്. ക്രിസ്ത്യന്‍ നേതാക്കളുടെ പ്രതിനിധി സംഘം പോലീസ് കമ്മീഷണര്‍ കെ. ത്യാഗരാജനുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് കമ്മീഷണര്‍ സംരക്ഷണം ഉറപ്പ് നല്‍കിയതെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ആക്രമണങ്ങളിലെ ആശങ്ക അറിയിക്കുവാനും, ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുമാണ് ബിഷപ്പ് ഡെറെക് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ പോലീസ് മേധാവിയെ സന്ദര്‍ശിച്ചത്. ക്രൈസ്തവരുടെ പാരമ്പര്യവും ആചാരവും അനുസരിച്ചുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് വേണ്ട സംരക്ഷണം സേന നല്‍കുമെന്നു പോലീസ് കമ്മീഷണര്‍ പറഞ്ഞു.

ചില പെന്തക്കോസ്ത് പ്രാര്‍ത്ഥന കൂട്ടായ്മകളോട് പ്രാര്‍ത്ഥന നടത്തരുതെന്ന് പോലീസ് നിര്‍ദേശിച്ചു എന്ന തരത്തിലുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ തങ്ങളെ അസ്വസ്ഥരാക്കിയെന്നും നേതൃത്വം പോലീസിനെ ബോധിപ്പിച്ചു. റിപ്പോര്‍ട്ടിന്റെ മേല്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട മെത്രാന്‍ നിയമപരമായ രീതിയില്‍ സ്വകാര്യ സ്ഥലങ്ങളിലും, ഹാളുകളിലും പ്രാര്‍ത്ഥനകള്‍ നടത്തുന്നത് വിലക്കരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്തകളെ പോലീസ് കമ്മീഷണര്‍ നിഷേധിച്ചു. വാക്കാലേയോ രേഖമൂലമോ അത്തരം നിര്‍ദ്ദേശങ്ങള്‍ ഒരു സംഘടനക്കും പോലീസ് നല്‍കിയിട്ടില്ലെന്നാണ് പോലീസ് മേധാവിയുടെ വാദം.

കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മെത്രാന്‍, സംരക്ഷണം ഉറപ്പ് നല്‍കിയതിന് പോലീസ് കമ്മീഷണര്‍ക്ക് നന്ദി അറിയിച്ചു. പോലീസിനെ കുറിച്ച് നഗരത്തിലെ ക്രിസ്ത്യാനികള്‍ക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നെന്നും, മറ്റ് മതങ്ങളെപ്പോലെ തന്നെ ക്രിസ്ത്യാനികളും വീടുകളില്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കാറുണ്ടെന്നും, സ്ഥലം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ വാടകക്കെടുക്കുന്ന ഹാളുകളിലായിരിക്കും പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതെന്നും, ക്രിസ്തുമസ് കാലങ്ങളില്‍ പ്രാര്‍ത്ഥനയും പരിപാടികളും പൊതുവേദികളില്‍ സംഘടിപ്പിക്കുന്നത് പതിവാണെന്നും ബിഷപ്പ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

ബിഷപ്പ് ഡെറെക്കിന് പുറമേ, ഫാ. ഫിലിപ് , ഫാ. നെല്‍സണ്‍ പിന്റോ, ഫാ. പ്രമോദ് കുമാര്‍, പാസ്റ്റര്‍ നന്ദു കുമാര്‍, ലൂയിസ് റോഡ്രിഗസ്, ക്ലാര ഫെര്‍ണാണ്ടസ്, തുടങ്ങിയവരും ക്രിസ്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ് കമ്മീഷണര്‍ക്ക് പുറമേ, ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം അമാത്തെയും ചര്‍ച്ചയില്‍ പങ്കെടുത്തിരിന്നു. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ഏതാനും മാസത്തിനിടെ, ക്രിസ്ത്യൻ സമൂഹങ്ങള്‍ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ തടസ്സപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രാര്‍ത്ഥന യോഗങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഏറെയും ദക്ഷിണ കന്നഡ മേഖലയിലായിരിന്നു. ഇതിനിടെ മതപരിവര്‍ത്തന ബില്ല് കൊണ്ടുവന്നതും അനധികൃത ദേവാലയങ്ങളെ കണ്ടെത്തുവാനായി സര്‍വ്വേ നടത്തുവാന്‍ എന്ന പേരില്‍ മിഷ്ണറികളെ നിരീക്ഷിക്കുവാന്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ അധികാരികള്‍ക്കും, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ണാടകയിലെ പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയതും വലിയ വിവാദമായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »