News - 2024

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ഇടവക ദേവാലയം ലീഡ്‌സില്‍

ഷൈമോന്‍ തോട്ടുങ്കല്‍ 01-12-2021 - Wednesday

ലീഡ്‌സ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം. ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറില്‍ ഉള്ള ലീഡ്‌സിലെയും സമീപപ്രദേശങ്ങളിലെയും സീറോ മലബാര്‍ വിശ്വാസികള്‍ കാലങ്ങളായി പ്രാര്‍ത്ഥനാപൂര്‍വം കാത്തിരുന്ന ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ലീഡ്‌സ് രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്കസ് സ്‌റ്റോക്കിന്റെ സന്നിധ്യത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാനക്കും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.

എത്ര അസാദ്ധ്യമായ ഒരു കാര്യമാണെങ്കിലും അസാധ്യമായ സാഹചര്യമാണെങ്കിലും ദൈവം പറഞ്ഞാൽ അത് സാധ്യമാകുമെന്ന് ബിഷപ്പ് പറഞ്ഞു. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഇടവക വർഷത്തിന്റെ ആരംഭത്തിൽ ആദ്യദിനം തന്നെ ലീഡ്‌സിലെ ദേവാലയം ഇടവകയായി ഉയർത്തുവാൻ കഴിഞ്ഞത് വലിയ ദൈവ കരുണയുടെയും , അഭിഷേകത്തിന്റെയും കൃപയുടെയും ഫലമാണ്. പള്ളിയിൽ വന്നതുകൊണ്ട് അന്ത്യവിധിക്കുശേഷമുള്ള സഭയിൽ നമ്മൾ ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല , അന്ത്യവിധിക്കുശേഷമുള്ള സഭയിൽ ഉണ്ടാകുവാൻ വേണ്ടി നാം പ്രാധാന്യം കൊടുക്കണം. ലോകത്തിന്റെ ഹിതപ്രകാരമല്ലാതെ ദൈവഹിതപ്രകാരം , ദൈവവ വചനമനുസരിച്ച് ജീവിക്കണം. ജീവിതകാലം മുഴുവനും മനസും ശരീരവും മുഴുവനായും ദൈവത്തിനായി നൽകണം. തന്നെത്തന്നെ നൽകാതെ അധരവ്യായാമം നൽകിയത് കൊണ്ട് കാര്യമില്ലായെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ലീഡ്‌സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നല്‍കിയ ഫാ. ജോസഫ് പൊന്നേത്ത്, ഫാ. മാത്യു മുളയോലില്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും ബിഷപ്പ് അനുമോദിച്ചു. രൂപതാ വികാരി ജനറല്‍ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു. പ്രെസ്റ്റന്‍ റീജണ്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ജോ മൂലശേരില്‍ വി.സി., ഫാ. ജോസഫ് കിഴക്കരകാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വികാരി ഫാ. മാത്യു മുളയോലില്‍ സ്വാഗതവും കൈക്കാരന്‍ ജോജി തോമസ് നന്ദിയും അര്‍പ്പിച്ചു.


Related Articles »