Seasonal Reflections - 2024

ജോസഫ്: സ്വയം ചെറുതാകാൻ ആഗ്രഹിച്ച പിതാവ്

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 01-12-2021 - Wednesday

2022 മെയ് മാസം പതിനഞ്ചാം തീയതി വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന സാർവ്വത്രിക സഹോദരൻ എന്നു ഫ്രാൻസീസ് പാപ്പ വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട ചാൾസ് ദേ ഫുക്കോൾഡിൻ്റെ ഓർമ്മ ദിനത്തിൽ ജോസഫ് ചിന്തയും സഹാറ മരുഭൂമിയിലെ ഈ ധീര താപസൻ്റെ ജീവിത ദർശനത്തിലാണ്. ഈശോയുടെ ചെറിയ സഹോദരന്മാർ (Little Brothers of Jesus ) എന്ന സന്യാസ സഭയുടെ പിറവിക്കു പ്രചോദനമായ ജീവിതമായിരുന്നു ചാൾസിന്റെത്. ആഗമന കാലത്തിൽ തീക്ഷ്ണമതിയായ ഈ വൈദീകൻ്റെ ദർശനം നമ്മുടെ ജീവിതത്തിനും തിളക്കമേകും. ഈശോയുടെ ജീവിതത്തെ മുഴുവൻ സ്വയം ചെറുതാകലിന്റെയും ശ്യൂന്യവത്കരണത്തിൻ്റെയും അടയാളമായി ചാൾസ് ഡീ ഫുക്കോൾഡ് കാണുന്നു.

ജീവിതകാലം മുഴുവൻ ഈശോ ചെറുതായതല്ലാതെ ഒന്നും ചെയ്തില്ല. അവൻ മാംസം ധരിച്ചു, ശിശുവായിത്തീർന്നു, അനുസരിക്കുന്നതിലേക്ക് ഇറങ്ങി, ദരിദ്രനായി, നിരസിക്കപ്പെട്ടവനായി, പീഡിപ്പിക്കപ്പെട്ടവനായി, ക്രൂശിക്കപ്പെട്ടവനായി, എല്ലായ്‌പ്പോഴും ഏറ്റവും താഴ്ന്ന സ്ഥാനം നേടുന്നതിലും അവൻ ചെറുതായി, ശൂന്യവത്കരിച്ചു. സ്വയം ചെറുതാകാൻ തയ്യാറായ ദൈവപുത്രന്‍റെ വളർത്തു പിതാവും ചെറിയവനാകാൻ ആഗ്രഹിച്ചവനും ശ്യൂന്യവത്കരണത്തിൻ്റെ പാതയിലൂടെ നടക്കാൻ സദാ സന്നദ്ധനുമായ വ്യക്തിയായിരുന്നു. അരങ്ങിൽ നിൽക്കുന്നതിനേക്കാൾ അണിയറയിൽ ഒതുങ്ങി നിൽക്കാൻ താൽപര്യപ്പെട്ട വ്യക്തിയായിരുന്നു യൗസേപ്പ്. ആഗമനകാലത്തിൻ്റെ ആദ്യ ആഴ്ചയിൽ ചെറുതാകലിൻ്റെ വിശുദ്ധിയിലൂടെ രക്ഷകനെ ഹൃദയത്തിൽ സ്വീകരിക്കാൻ യൗസേപ്പിതാവും ചാൾസ് ഡീ ഫുക്കോൾഡും നമ്മെ സഹായിക്കട്ടെ.


Related Articles »