News - 2025

വിശുദ്ധ നാട്ടിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു: നടപടി ആവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കൾ

പ്രവാചകശബ്ദം 17-12-2021 - Friday

ജെറുസലേം: വിശുദ്ധ നാട്ടില്‍ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈസ്തവർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികള്‍. തീവ്ര സംഘടനകളുടെ നിരന്തരമായ അക്രമങ്ങളുടെ ഇരകളായി ക്രൈസ്തവർ മാറുകയാണെന്ന് പതിമൂന്നാം തീയതി പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ സഭകളുടെ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ക്രൈസ്തവ പുരോഹിതന്മാർക്ക് നേരെ ശാരീരികമായ ആക്രമണങ്ങൾ ഉൾപ്പെടെ ഉണ്ടായെന്നും, നിരവധി ആരാധനാലയങ്ങൾ തകർക്കപ്പെട്ടുവെന്നും ക്രൈസ്തവ നേതാക്കൾ പറഞ്ഞു.

ജറുസലേമിൽ നിന്നും, വിശുദ്ധ നാട്ടിലെ മറ്റു പ്രദേശങ്ങളിൽ നിന്നും ക്രൈസ്തവരെ തുരത്തുക എന്ന ലക്ഷ്യവുമായാണ് തീവ്ര വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കാൻ വേണ്ടി പഴയ ജറുസലേം പട്ടണത്തിൽ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളും ഇവർ സ്വന്തമാക്കാൻ ശ്രമിക്കുന്നു. പട്ടണത്തിൽ യഹൂദർക്ക് നൽകിയിരിക്കുന്നത് പോലെ, ക്രൈസ്തവർക്കും പ്രത്യേക സാംസ്കാരിക, പൈതൃക ഇടം അനുവദിച്ച് നൽകാൻ അധികൃതർ തയ്യാറാകണമെന്ന് പ്രസ്താവനയിൽ അവർ ആവശ്യപ്പെട്ടു. വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് സംരക്ഷണം നൽകുമെന്ന ഇസ്രായേലി സർക്കാരിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത ക്രൈസ്തവ നേതാക്കൾ, ഇസ്രായേൽ, ജോർദാൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ അധികൃതർ ഇതിനുവേണ്ടി കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ക്രൈസ്തവരെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ദേശീയതലത്തിൽ ഉണ്ടാകുമ്പോൾ, അതിന് വിരുദ്ധമായി പ്രാദേശിക നേതാക്കളും, നിയമപാലകരും പ്രവർത്തിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. ജനസംഖ്യയിൽ വളരെ ചെറിയ ശതമാനം ആണെങ്കിലും വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ക്രൈസ്തവർ നൽകുന്ന സംഭാവനകളെ പറ്റിയും നേതാക്കൾ എടുത്തു പറഞ്ഞു. വിശുദ്ധ നാട്ടിലെ ഉത്തരവാദിത്വമുള്ള വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, തലവന്മാരും ഉൾപ്പെടെ 13 പേരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.


Related Articles »