News - 2026

ഇസ്രായേല്‍ ആക്രമണത്തില്‍ പാലസ്തീനിലെ ക്രിസ്ത്യൻ സാന്നിധ്യത്തെ അപകടത്തിലെന്ന് ചർച്ച് കമ്മിറ്റി

പ്രവാചകശബ്ദം 03-02-2026 - Tuesday

വെസ്റ്റ് ബാങ്ക്: ഇസ്രായേലി കുടിയേറ്റക്കാരുടെ അനധികൃത ആക്രമണങ്ങൾ പലസ്തീനിലെ ചരിത്രപരമായ ക്രിസ്ത്യൻ സാന്നിധ്യത്തെ അപകടത്തിലാക്കുന്നുവെന്ന് മുന്നറിയിപ്പ്. പലസ്തീൻ ചർച്ച് കമ്മിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള പാലസ്തീൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് ലോകമെമ്പാടുമുള്ള ക്രൈസ്തവ നേതൃത്വം അടിയന്തരമായ പൊതു ഇടപെടല്‍ നടത്തണമെന്നു സംഘടന ആവശ്യപ്പെട്ടു.

ലോകമെമ്പാടുമുള്ള ദേവാലയങ്ങളെ അഭിസംബോധന ചെയ്തുള്ള കത്തിൽ, റാമല്ലയിലെ ബിർസെയ്റ്റ്, തായ്ബെ, ഐൻ അരിക്, അൽ-ബിരെ ഗവർണറേറ്റ്, ബെത്‌ലഹേം ഗവർണറേറ്റിലെ അൽ-മഖ്‌റൂർ, ആഷ് ഗുറാബ് എന്നിവയുൾപ്പെടെ നിരവധി വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ ആക്രമണം രൂക്ഷമായിട്ടുണ്ടെന്ന് പാലസ്തീൻ പ്രസിഡൻഷ്യൽ ഹയർ കമ്മിറ്റി ഫോർ ചർച്ച് അഫയേഴ്‌സ് വെളിപ്പെടുത്തി.

ശാരീരിക ആക്രമണങ്ങളും അറസ്റ്റുകളും മുതൽ ഭൂമി പിടിച്ചെടുക്കലും ഔട്ട്‌പോസ്റ്റുകളുടെ വിപുലീകരണവും വരെ ആക്രമണങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കമ്മിറ്റി പറഞ്ഞു. പ്രദേശത്തിന്റെ ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ സ്വഭാവം മാറ്റുന്നതിനും താമസക്കാരെ നിർബന്ധിച്ച് മാറ്റിപ്പാർപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണിതെന്ന് പലസ്തീൻ ചർച്ച് കമ്മിറ്റി വ്യക്തമാക്കി. 2025-ൽ വെസ്റ്റ് ബാങ്കിൽ നടന്ന 4723-ലധികം ആക്രമണങ്ങൾക്ക് അനധികൃത കുടിയേറ്റക്കാരാണ് ഉത്തരവാദികളെന്നും സംഘടനാനേതൃത്വം ചൂണ്ടിക്കാട്ടി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »