News - 2024

അന്താരാഷ്‌ട്ര സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന് ജനുവരി 18ന് ആരംഭമാകും

പ്രവാചകശബ്ദം 04-01-2022 - Tuesday

ബെയ്റൂട്ട്: “ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കുവാന്‍ വന്നിരിക്കുകയാണ്” (മത്തായി :2) എന്ന സുവിശേഷ വാക്യം മുഖ്യ പ്രമേയമാക്കിക്കൊണ്ട് ആഗോളതലത്തില്‍ നടക്കുന്ന എട്ട് ദിവസം നീണ്ട സഭൈക്യ പ്രാര്‍ത്ഥനാ വാരത്തിന് ജനുവരി 18ന് ആരംഭമാകും. ‘ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാവാരം 2022’ എന്ന പേരില്‍ ജനുവരി 18 മുതല്‍ 25 വരെയാണ് ഇക്കൊല്ലത്തെ സഭൈക്യ പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുന്നത്. ലെബനോനിലെ ബെയ്റൂട്ട് ആസ്ഥാനമായുള്ള ‘മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ ആണ് പ്രാര്‍ത്ഥനാ വാരത്തിന്റെ കണ്‍വീനര്‍. സഭൈക്യ പ്രാര്‍ത്ഥനാവാരം സുഗമമായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സഭകള്‍. ദൈവരാജ്യത്തിന്റെ അടയാളമായിരിക്കുവാനും, ഐക്യം കൊണ്ടുവരുവാനും എപ്രകാരമാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നതായിരിക്കും പ്രാര്‍ത്ഥനാ വാരത്തിലെ പ്രധാന വിചിന്തന വിഷയം.

വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളില്‍ നിന്നും, വംശങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നും വരുന്ന ക്രൈസ്തവര്‍ ക്രിസ്തുവിനെ അന്വോഷിക്കുവാനും, അവിടുത്തെ ആരാധിക്കുവാനുമുള്ള പൊതുവായ ആഗ്രഹം പങ്കുവെക്കുക എന്നതാണ് സഭൈക്യ പ്രാര്‍ത്ഥനാവാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള കത്തോലിക്ക സഭയുടെ പൊന്തിഫിക്കല്‍ സമിതിയുടേയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് ഫെയിത്ത് ആന്‍ഡ്‌ ഓര്‍ഡര്‍ കമ്മീഷന്റേയും സഹായത്തോടെ ലെബനോന്‍, സിറിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൈസ്തവരാണ് പ്രാര്‍ത്ഥനാ വാരത്തിന് വേണ്ടിയുള്ള വിചിന്തനങ്ങളും, കാര്യക്രമവും തയ്യാറാക്കിയിരിക്കുന്നത്.

“തിന്മയുടെ നടുവിലും നന്മ കണ്ടെത്തുവാന്‍ നാം ആഗ്രഹിക്കുന്നു. നമ്മളില്‍ തന്നെ നന്മ നമ്മള്‍ കണ്ടെത്തും, നമ്മുടെ ബലഹീനതകള്‍ പലപ്പോഴും നമ്മളെ തളര്‍ത്തുന്നു. അത് നമ്മെ പരാജയപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ആത്മവിശ്വാസം നാം ആരാധിക്കുന്ന ദൈവത്തിലാണുള്ളത്- പ്രാര്‍ത്ഥനാ വാരത്തിന് വേണ്ടി തയ്യാറാക്കിയ വിചിന്തനങ്ങളില്‍ പറയുന്നു. എക്യുമെനിക്കല്‍ പ്രാരംഭ പ്രാര്‍ത്ഥന, ബൈബിള്‍ വിചിന്തനങ്ങള്‍, എട്ട് ദിവസത്തേക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും, ആരാധനയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുമാണ് പ്രാര്‍ത്ഥനാ വാരത്തിലെ പ്രധാന കാര്യപരിപാടി.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം 1966-മുതല്‍ കത്തോലിക്ക സഭയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സും സംയുക്തമായി എട്ട് ദിവസത്തെ പ്രാര്‍ത്ഥനാ വാരം കമ്മീഷന്‍ ചെയ്ത് സംഘടിപ്പിച്ച് വരികയാണ്. ഇക്കൊല്ലത്തെ സഭൈക്യ പ്രാര്‍ത്ഥനാ വാരത്തിന്റെ പ്രാര്‍ത്ഥനകളും, കാര്യക്രമവും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, അറബിക് എന്നീ ഭാഷകളില്‍ ലഭ്യമാണ്.


Related Articles »