Arts
ലോകത്തെ ആദ്യ പ്രീഫാബ്രിക്കേറ്റഡ് നിര്‍മ്മിതി: തുര്‍ക്കിയിലെ ഉരുക്ക് ദേവാലയത്തിന് വയസ്സ് ഒന്നേകാല്‍ നൂറ്റാണ്ട്
പ്രവാചകശബ്ദം 09-01-2022 - Sunday
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സ്ഥിതി ചെയ്യുന്ന ഉരുക്ക് കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഓര്‍ത്തഡോക്സ് ദേവാലയമായ സെന്റ് സ്റ്റീഫന്‍ ദേവാലയത്തിന് 124 വയസ്സ് തികഞ്ഞു. ഇസ്താംബൂളിലെ ചരിത്ര, സാംസ്കാരിക, മതപരമായ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നായാണ് വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്റെ പ്രധാന പ്രതീകങ്ങളിലൊന്നായ ഈ ദേവാലയം ഇപ്പോള്‍ ബള്‍ഗേറിയന്‍ എക്സാര്‍ക്കേറ്റ് ഓര്‍ത്തഡോക്സ് ചര്‍ച്ച്സ് ഫൗണ്ടേഷന്റെ കീഴിലാണുള്ളത്. 500 ടണ്‍ ഇരുമ്പ് ഉപയോഗിച്ച് കുരിശിന്റെ ആകൃതിയിലാണ് മുന്നൂറുപേരെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ലോഹ ചട്ടക്കൂടുകള്‍ വിയന്നായില്‍ നിര്‍മ്മിച്ച് കപ്പലുകള്‍ വഴി ഇസ്താംബൂളില്‍ എത്തിക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ ലോകത്തെ ആദ്യ പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മിതികളില്‍ ഒന്നായിട്ടാണ് ഈ ദേവാലയത്തെ കണക്കാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ബാള്‍ക്കന്‍സില്‍ നിന്നും ഇസ്താംബൂളിലേക്ക് കുടിയേറിയ ബള്‍ഗേറിയക്കാരില്‍ നിന്നുമാണ് ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1870-ല്‍ മരംകൊണ്ടുള്ള ദേവാലയം നിര്‍മ്മിക്കുവാന്‍ അന്നത്തെ ഓട്ടോമന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ അബ്ദുള്‍ അസീസ് അനുമതി നല്‍കി. സ്റ്റെഫാന്‍ ബൊഗോറിഡി എന്ന ബള്‍ഗേറിക്കാരനാണ് ദേവാലയം നിര്മ്മിക്കുവാനുള്ള സ്ഥലം സംഭാവന ചെയ്തത്. എന്നാല്‍ പല പ്രാവശ്യം തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുമ്പ് കൊണ്ടുള്ള ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനമാകുന്നത്.
അക്കാലത്തെ വിഖ്യാത വാസ്തുശില്‍പ്പികളായ ഫൊസ്സാട്ടി സഹോദരന്‍മാര്‍ രൂപകല്‍പ്പന ചെയ്ത പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ സ്ഥലം ചതുപ്പ് നിലമായതിനാല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അതേ തുടര്‍ന്ന്‍ അത്തരമൊരു സ്ഥലത്ത് എങ്ങനെ ദേവാലയം നിര്‍മ്മിക്കണമെന്നത് സംബന്ധിച്ച് ഒരു മത്സരം സംഘടിപ്പിച്ചു. ഒട്ടോമന്‍ അര്‍മേനിയന്‍ വാസ്തുശില്‍പ്പിയായ ഹോവ്സെപ് അസ്നാവുര്‍ ആയിരുന്നു മത്സര വിജയി. 1892-ലാണ് ഇപ്പോള്‍ കാണുന്ന പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഏതാണ്ട് 4-5 വര്‍ഷങ്ങള്‍ എടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയായത്. 1898-ല്‍ നടന്ന ചടങ്ങില്‍ ദേവാലയം ആരാധനക്കായി തുറന്നു കൊടുത്തു.
ദേവാലയത്തിന്റെ പ്രവേശന കവാടത്തിനു മുകളിലുള്ള 40 മീറ്റര്‍ ഉയരമുള്ള മണിമാളികയും, റഷ്യയില്‍ വാര്‍ത്തെടുത്ത 3 താഴികകുടങ്ങളും, 750 കിലോഗ്രാം ഭാരമുള്ള മണി ഉള്‍പ്പെടെയുള്ള 6 മണികളും ഈ ദേവാലയത്തിന്റെ പ്രത്യേകതകളാണ് വിഖ്യാത റഷ്യന്‍ കലാകാരനായ ക്ലാവ്ഡി ലെബെദേവ് ആണ് ദേവാലയത്തിലെ വിശുദ്ധ രൂപങ്ങളും അലങ്കാര ചിത്രപ്പണികളും ചെയ്തത്. രൂപക്കൂട് നിര്‍മ്മിച്ചതാകട്ടെ റഷ്യന്‍ ആശാരി ആയിരുന്ന അലെക്സിയവിച്ച് അഗാപ്കിനും. കാലപ്പഴക്കത്തില്‍ ഇരുമ്പിന് ബലക്ഷയം സംഭവിച്ചതിനാല്‍ 2011-ല്‍ ഈ ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2018 ജനുവരി 7-നാണ് ദേവാലയം വീണ്ടും തുറന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
