India - 2024

മൂന്നുനോമ്പ് തിരുനാൾ നിനവേ സംസ്കാരത്തിലേക്കുള്ള ഉണർത്തുപാട്ടാകണം: മാർ ജേക്കബ് മുരിക്കൻ

പ്രവാചകശബ്ദം 08-02-2022 - Tuesday

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാൾ നിനവസംസ്കാരത്തിലേക്കുള്ള ഉണർത്തുപാട്ടാകണമെന്ന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മുന്നു നോമ്പ് തിരുനാളിന്റെ ആദ്യദിനം തിരുനാൾ റാസ അർപ്പിച്ച സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. അനുതാപത്തിലൂടെയും മാനസാന്തരത്തിലൂടെയും ദൈവത്തോടു ചേർന്നു നിൽക്കാനാണ് മൂന്നുനോമ്പ് തിരുനാൾ ആഹ്വാനം ചെയ്യുന്നത്. മാനസാന്തരത്തിന്റെ വിസ്മയകരമായ അനുഭവമാണ് മൂന്നുനോമ്പിന്റേത്. വിശ്വാസസൂക്ഷിപ്പിനും പ്രാർത്ഥനാജീവിതത്തിനും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണം. പരിശുദ്ധാത്മാവിൽ നിറഞ്ഞ് പ്രാർത്ഥിക്കാനുള്ള വഴിയാണ് മൂന്നുനോമ്പ് സമ്മാനിക്കുന്നതെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

പാലാ രൂപത ഹോം പാലാ എക്സിക്യുട്ടീവ് ഡയറക്ടറും പ്രവാസി ഡയറക്ടറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ജൊവാനി കുറുവാച്ചിറ, ഫാ. ജോസഫ് തോട്ടത്തിൽ എന്നിവർ സഹകാർമികരായിരുന്നു. ആദ്യദിനമായിരുന്ന ഇന്നലെ ഫാ. തോമസ് മലയിൽ പുത്തൻപുര, ഫാ. തോമസ് കൊച്ചോടൽ, റവ.ഡോ. തോമസ് മൂലയിൽ, റവ.ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, റവ. ഡോ. ജോർജ് കാരാംവേലിൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തിരുനാളിന്റെ രണ്ടാംദിനമായ ഇന്നു രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.


Related Articles »